നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ക്യാ ഹുവാ..



ഓരോ പെരുന്നാൾ കഴിയുമ്പോഴും അടുത്ത കടക്കാരൻ ബംഗാളി എന്നെ വിളിച്ചോണ്ടിരിക്കുകയാണ്

"ഭായ് സാബ് ,ആഓ ..മേരാ സാത്ത് ഖാനാ ഖാഓ.."

അഞ്ചാറു വർഷമായി ഇതിങ്ങനെ തുടർന്ന് പോരുന്നു..ഞാനാണേൽ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു പോവാതിരിക്കലാണ്..

ഇപ്രാവശ്യം എന്തായാലും വേണ്ടീല ,പോകാൻ തന്നെ തീരുമാനിച്ചു..അല്ലേലും മരിച്ചു പോണ തടിയല്ലേ ന്ന്....

ഇന്നായിരുന്നു ആ സംഭവം ..രാവിലെ മുതൽ ബങ്കുവും മക്കളും കടയുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴും പറയും..

ഭായ് സാബ് ..ഭൂൽ ന ജാനാ ...

രാത്രിയായപ്പോൾ മെല്ലെ ബങ്കുവിന്റെ വിരുന്നിന് വെച്ച് പിടിച്ചു ..പുരാവസ്തു ഗവേഷകരുടെ പട്ടികയിൽ ഇടം പിടിച്ച ബിൽഡിങ്ങായിരുന്നു അത് ..നിറയെ ചിലന്തി വലകളും ഫ്യൂസ് ആയ ബൾബുകളും തുടങ്ങി ഒരു വിധപ്പെട്ട എല്ലാ പഴയ ഐറ്റംസും അങ്ങിങ്ങായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് ..

ഹാളിൽ പുൽപ്പായ നീളത്തിൽ വിരിച്ചിട്ടുണ്ട് ,നിറയെ ബങ്കൂസും ഉണ്ട് ,ഞാൻ രാജാ ഹിന്ദുസ്ഥാനിയിലെ ഭൂല് ന ജാനാ എന്ന പാട്ടും പാടിയാണ് കയറി ചെന്നത് ,രാവിലെ മുതൽ കേട്ട് കേട്ട് അത് തന്നെ നാവിൽ ..

ബങ്കൂ വന്നു രണ്ട്  കെട്ടിപ്പിടുത്തം,ഞാൻ തളർന്നു പോയി...

കുറെ തടിയന്മാരുടെ കൂട്ടത്തിൽ ഏറ്റവും അവസാനമായി ഞാൻ എന്നെ പ്രതിഷ്ഠിച്ചു ..
ഒരുരുളയ്ക്ക് പത്ത് എന്ന കണക്കിൽ ബങ്കൂസ് ചറപറാ പറഞ്ഞോണ്ടിരിക്കുകയാണ് ..എല്ലാത്തിന്റേം അവസാനം ഷോ,ഷി,ഷൂ ,,വായിലിട്ട ഉരുള ചോളാ പൊരി മെഷീനിൽ ചോളം തുള്ളുന്ന പോലെ തുള്ളി കളിക്കുന്നു.കുറച്ചൊക്കെ തെറിച്ചു അപ്പുറത്തെ പ്ളേറ്റിൽ വീഴുന്നുണ്ട് ..അപ്പുറത്തുള്ളവൻ അതിന്റെ ഇരട്ടി ഇപ്പുറത്തേക്കും കൊടുക്കുന്നുണ്ട് ..

എനിക്കായി വിളമ്പപ്പെട്ടു ..ചോറ് ,അതിനു മുകളിൽ നല്ല ബീഫ് കറി ,ബാക്കിയുള്ള സ്ഥലത്ത് സലാഡ് ,കയ്യിൽ കിട്ടിയ സകലതും അതിൽ മുറിച്ചിട്ടുണ്ട്..ഞാൻ ഒരു മൂലയിൽ നിന്നും തുടങ്ങി ,കറി കൊള്ളാം ,ഞാൻ കരുതിയ പോലെയല്ല..രണ്ട് പിടി വാരി മൂന്നാമത് കൈ വെക്കുമ്പോഴേക്കും ഒരു നാമ്പോലൻ അതിനു മുകളിൽ പരിപ്പ് കറി ഒരു അര ലിറ്റർ ഒഴിച്ചിട്ട്  ആകെയുള്ള നാല് പല്ലും കറുക്കനെ കാണിച്ചു ചിരിച്ചു തിരിച്ചു പോയി ..അവനാണ് പരിപാടിയുടെ കോ ഓഡിനേറ്റർ..

ഭായ് സാബ് ..ധാൽ ..ബൊഹോത്ത് അച്ഛാ ഹേ..

അടുത്തിരിക്കുന്ന തടിയൻ പറഞ്ഞു ..പറഞ്ഞപ്പോഴേക്കും നാല് മണി വറ്റ് അവന്റെ വായിൽ നിന്നും എന്റെ പ്ളേറ്റിന്റെ തൊട്ടടുത്ത് വന്നു വീണു ..ഭാഗ്യം സിക്സർ ആയില്ല ..

ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഞാനോരോ ഉരുള എങ്ങനെയൊക്കെയോ അകത്താക്കി..ഹോ..ബല്ലാത്ത ജാതി ..

പരിപ്പിനൊപ്പം ബീഫും വേർപിരിയാനാകാത്ത വിധം അടുത്ത് പോയത് കൊണ്ട് പരിപ്പിനെ മാറ്റി ബീഫും കൂട്ടി കഴിക്കാനുള്ള ശ്രമം വിജയിച്ചില്ല ..

ഓർ കുച്ച് ചാഈയെ ..?

നമ്മടെ ബങ്കു വന്നു പുറത്തു തട്ടി ചോദിച്ചു..ഞാൻ ശോക മൂകനായി അവനെ നോക്കി ..എന്തോ പന്തികേട് തോന്നിയെന്ന് തോന്നുന്നു..ഇല്ലാത്ത കോളിന് ഫോൺ ചെവിയിൽ വെച്ച് അവനെങ്ങോട്ടോ പോയി ..

ഒരു വിധം കഴിച്ചെന്നു വരുത്തി ..

കൈ കഴുകണമല്ലോ …

അതിനി എവിടെയാണാവോ...

ഭായ് സാബ് ..സീത ജാഓ ..വാഷ് ബേസ് മിലേഗാ .

ഞാൻ സീത ജായി ..വാഷ് ബേസ് കണ്ട ഞാൻ ഞെട്ടി ..പഴയൊരു കക്കൂസ് ..നിറയെ കൂറയും പാറ്റയും..കറുപ്പിൽ ഇത്രയും വർണഭേതങ്ങൾ ഞാൻ ആദ്യമായിട്ട് കാണുകയാണ് ,ക്ളോസറ്റിലേക്കാണ് എല്ലാരും കൈ കഴുകുന്നത് ..ആശുപത്രികളിൽ മൂത്രമൊഴിക്കാൻ എടുക്കുന്ന പോലുള്ളൊരു പാത്രവുമുണ്ട് തൊട്ടടുത്ത് ..ഞാൻ മെല്ലെ ക്ളോസറ്റിനടുത്തേക്ക് ചെന്നു ..വെള്ളമെടുത്തു കൈ ക്ളോസറ്റിലേക്ക് കാണിച്ചതെ ഓർമ്മയുള്ളൂ..പാത്രം ഒരേറു കൊടുത്തു തിരിഞ്ഞോടി ..ബ്ളാ..ബ്ലീ..ബ്ലൂ..

വയറ്റിലാക്കിയത് പുറത്തു പോണോ വേണ്ടയോ എന്ന സംശയത്തിൽ തൊണ്ടയിൽ കിടന്നു ഉരുണ്ടു മറിഞ്ഞു..പരിമിതമായ സൗകര്യമാണെന്നു പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല..ഓട്ടം കണ്ട ബങ്കാളി മീൻ വണ്ടിയുടെ പിറകെ പൂച്ച ഓടുന്ന പോലെ എന്റെ പിറകെ ഓടി..

വാതിൽക്കൽ ദാ ണ്ടെ ആ നമ്പോലൻ ഒരു ഗ്ളാസ് പായസവുമായി നിൽക്കുന്നു.ബീഫിന്റെ പുറത്ത് ധാല് വിളമ്പിയ സാമദ്രോഹി എന്നും പറഞ്ഞു ഞാൻ കുതറിയോടി..

ഭായ് സാബ്..പായസ്..പായസ്

അടപ്രഥമൻ ആണേലും എനിക്ക് വേണ്ടെന്റെ പൊന്നോ...
പോണ പോക്കിൽ തൊണ്ടയിൽ വെയിറ്റിങ്ങിൽ കിടന്നിരുന്ന ദാലും മറ്റും നിലത്ത് ആനന്ദ നൃത്തമാടി .ബങ്കുവിന് ഡ്രൈവിങ് അറിയാവുന്നത് വളരെ വിദഗ്ധമായി അവനതെല്ലാം ഒഴിഞ്ഞു മാറി.

റൂമിലെത്തി നേരെ ബാത്ത് റൂമിൽ കയറി പണ്ട് കുടിച്ച അമ്മിഞ്ഞ പാല് വരെ ഛർദിച്ചു തീർത്തു ..കുഴഞ്ഞു കുഴഞ്ഞു ചുവര് പിടിച്ചു കട്ടിലിലേക്ക് വീഴുമ്പോൾ ഫോണിൽ ബങ്കുവിന്റെ മെസേജ് ..

ഭായ് സാബ് ..ക്യാ ഹുവാ ..

  • 😄Rauf😄

ആട്

വാപ്പ ചേതിപ്പടിയില്‍ ക്ഷീണിച്ച്  കിടക്കുകയാണ്,ഞാന്‍ മുറ്റത്ത് തെങ്ങിന്‍ ചുവട്ടില്‍ ആടിനെയും നോക്കി കുത്തിയിരിപ്പാണ്‌ ,ആടിന് മാറ്റമൊന്നുമില്ല .തല നീട്ടി വെച്ച് അതേ കിടപ്പ് തന്നെ ,ഇടയ്ക്കിടെ മൂളുന്നുണ്ട് ,

തലയ്ക്ക് മുകളില്‍ തൂക്കിയിട്ട പ്ലാവില തൊട്ടു നോക്കിയിട്ടില്ല..ഞാന്‍ അടുത്തേക്കിരുന്നു കൈ കൊണ്ട് തടവി കൊടുത്തു .സാരല്ല ട്ടോ ,വേം മാറും ട്ടോ ..ഞാനോരോന്നു പറഞ്ഞു ആടിനെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു ..ആടെന്നെ തന്നെ നോക്കി അതേ കിടപ്പ് തുടര്‍ന്നു

രാവിലെ സൈക്കിളില്‍ വാതില്‍ കഷണം വെച്ചു കെട്ടി അതില്‍ ആടിനെയും വെച്ചു ഡോട്ടറെ  കാണിച്ചു വന്നതാ വാപ്പ ,ഒന്നുരണ്ടു മരുന്നുകള്‍ ഒക്കെ തന്നെങ്കിലും ഡോട്ടര്‍ പറഞ്ഞൂ ത്രെ ..ആടിന് ഇത്തിരി വയസ്സൊക്കെ ആയി ലേ ന്ന് ..ആണല്ലോ ..ന്‍റെ വയസ്സൊക്കെ ണ്ടാകുമായിരിക്കും ,അല്ല ചെലപ്പോ അതിലും കൂടുമായിരിക്കും .

രണ്ട് ഈച്ചകള്‍ ആടിന്‍റെ മൂക്കത്ത് വന്നിരുന്നു.ആട് സര്‍വ്വ ശക്തിയും ചേര്‍ത്ത് തലയൊന്നു കുടഞ്ഞു..

നീ ഉറങ്ങുന്നില്ലേ ..നേരം 10 ആയി ..പോയി ഉറങ്ങിക്കോ ,ആടിന് നാളേക്ക് സുഖാവും ട്ടോ,മോന്‍ ചെല്ല് ഉമ്മയെന്നെ പിടിച്ചു വലിച്ചു ..

കിടന്നിട്ടും ഉറക്കം വന്നില്ല ,നേരം പുലര്‍ന്നു അന്തിയാകുന്ന വരെ ആടിന്റെ കൂടെ കളിച്ചു നടന്ന ഞാനെങ്ങനെ ഇപ്പൊ ഉറങ്ങും ..കിടന്നു കിടന്നു എപ്പഴോ ഒന്നു മയങ്ങി പോയി ..

ഒച്ചയും ബഹളവും കേട്ടാണ് ഞെട്ടി ഉണര്‍ന്നത് ..ആടിന് തീരെ വയ്യ ,വാപ്പ അപ്പുറത്തെ രാഘവേട്ടനെ വിളിച്ചു ,രാഘവേട്ടന്‍ രാജേട്ടനെ വിളിച്ചു ,ചുറ്റുപാടും ഉള്ളവര്‍ എല്ലാരും ഓടിയെത്തി ..

എന്ത് ചെയ്യും ..എന്ത് ചെയ്യും എല്ലാരും ഓരോന്ന് പറഞ്ഞു . കട്ടന്‍ ചായ കടുപ്പത്തില്‍ കൊടുത്തു നോക്കിന്‍ .രാജേട്ടന്‍ പറഞ്ഞു .. ഉമ്മ ഓടി പോയി കടുപ്പത്തില്‍ ചായ കൊണ്ട് വന്നു ..ആടിനെ കുടിപ്പിച്ചു ..കുടിക്കുന്നില്ല പകുതിയും പുറത്ത് ..

എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി .ഞാന്‍ ആടിന്‍റെ വയറില്‍ തടവി കൊണ്ടേയിരുന്നു ..വയര്‍ വീര്‍ത്തു വലുതായിരിക്കുന്നു ..മണ്ണെണ്ണ വിളക്കും ചൂട്ടുമായി ഓരോരുത്തരായി വരുന്നുണ്ട് ..എല്ലാരും മൂക്കത്ത് വിരല്‍ വെച്ചു അടക്കം പറച്ചില്‍ ..

വായില്‍ ഒരു നുര ,ഒരു പിടച്ചില്‍ .തല നീട്ടി ഒരു മറച്ചില്‍ .......പിന്നെ അനങ്ങിയില്ല...

ഈച്ചകള്‍  മൂക്കത്ത് വന്നിരുന്നു ഒന്നല്ല....ഒരുപാട്  ...ആട് ആട്ടിയില്ല ,അനങ്ങിയില്ല

ഞാന്‍ ആടിന്‍റെ കെട്ടിപിടിച്ചു കരഞ്ഞു ..

ന്നാ പിന്നെ വേം നോക്കാം ലേ ,നേരം വൈകിയാല്‍ .......

രാഘവേട്ടന്‍ കൈക്കോട്ടുമായി വന്നതാണ് .വാപ്പയും രാജേട്ടനും ഒപ്പം കൂടി പിന്നിലെ പറമ്പില്‍ കുഴിയെടുത്തു ..എല്ലാവരും ചേര്‍ന്ന് ആടിനെ എടുത്തു കുഴിയില്‍ വെച്ചു .. ഇനി അവിടെയാണ് ആട് ഉറങ്ങുക ..അവിടേം കൂട്ടുകാരൊക്കെ ഉണ്ടാകുമായിരിക്കും ..അവസാന പിടി മണ്ണും ആടിനെ മൂടുന്നത് വരെ ഞാന്‍ നോക്കി നിന്നു ..സങ്കടത്തോടെ തിരിഞ്ഞു നടക്കുമ്പോള്‍ മുറ്റത്തെ കവുങ്ങിന്‍ മറവില്‍ നിന്നു ഒരാള്‍ കരയുന്നു ..അപ്പുറത്തെ വീട്ടിലെ എന്‍റെ കൂട്ടുകാരി ....

പോയി ലേ ........

ഉം ....പോയി ....

ഞാനൊന്ന് ചിരിക്കാതെ ചിരിച്ചു ...അവളും ...

സലീമിന്റെ പെണ്ണ്













ബ്രോക്കറുടെ കൂടെ കയറി ഇറങ്ങിയ വീടുകളെല്ലാം വലിയ വലിയ മണി മന്ദിരങ്ങളായിരുന്നു..പോകും വഴിയും വരും വഴിയും ബ്രോക്കര്‍ അയാളുടെ ജോലി ഭംഗിയായി ചെയ്തുകൊണ്ടേയിരുന്നു..വീടിന്‍റെ വലിപ്പം,കുടുംബ മഹിമ,പെണ്ണിന്‍റെ വിദ്യാഭ്യാസ യോഗ്യത,അവരുടെ ആസ്തി..

ബ്രോക്കര്‍മാര്‍..അവരുടെ വീട്ടിലും കാത്തിരിപ്പുണ്ടാകും..വിശന്ന വയറുമായി കാത്തിരിക്കുന്ന ഒരു കുടുംബം....

ഞാന്‍ പറഞ്ഞു..ഇക്കാ..എന്‍റെ മനസ്സില്‍ ഇതൊന്നുമല്ല..ഒരു പാവം കുടുംബം..അത് മതി..എന്‍റെ ജന്മം മറ്റൊരു കുടുംബത്തിനു തുണയാവട്ടെ..

മോനേ..ഇഞ്യോരു ഗള്‍ഫുകാരനല്ലേ..അന്‍റെ നെലക്കും വെലക്കും ചേര്‍ന്നൊരു ബന്ധായിക്കോട്ടേ ന്ന്‍ കരുതീട്ടാ..ഇപ്പൊ ങ്ങന പറയുന്ന ചെറുപ്പക്കാര് കൊറവാ..എല്ലാര്‍ക്കും സ്വത്തും പണവും തന്ന്യാ നോട്ടം..എന്തായാലും അനക്ക് ഇങ്ങന തോന്നിച്ചല്ലോ..പടച്ചോന്‍ അനുഗ്രഹിക്കും..ന്‍റെ  അറിവില് ഒരു കൂട്ടര് ണ്ട്..നാള്യാവട്ടെ..പോയി നോക്കാം..പറ്റ്യാലോ......?


പുതുക്കി പണിയുന്നതിനു വേണ്ടി റോഡരികില്‍ മെറ്റല്‍ ഇറക്കിയിട്ടുണ്ട്..കാട് പിടിച്ചു കിടക്കുന്ന മെറ്റല്‍ കൂമ്പാരത്തില്‍ അങ്ങിങ്ങ് വലിയ കുഴികള്‍..ജനതയെ നയിക്കുന്നവര്‍ ചെയ്യുന്നതില്‍ കവിഞ്ഞൊന്നും ജനവും ചെയ്തില്ലല്ലോ..റോട്ടിലെ ഓരോ കുഴികളിലും ബൈക്ക് കയറിയിറങ്ങുമ്പോള്‍ പിന്നിലിരുന്ന ബ്രോക്കര്‍ ശുഭാപ്തി വിശ്വാസം കൈവിട്ടില്ല..
“ഇപ്പളത്തെ കുയ്യൊന്നും ഇഞ്ഞി കാര്യാക്കണ്ട..അടുത്തന്നെ ടാര്‍ ചെയ്യും..കണ്ടില്ലേ മെറ്റലൊക്കെ എറക്കിയത്” നിഷ്കളങ്കമായ കളവുകള്‍ ബ്രോക്കര്‍മാര്‍ക്ക്  ഒരു അലങ്കാരമാണല്ലോ..?

റോഡ്‌ അവസാനിക്കുന്നിടത്ത് വണ്ടി നിര്‍ത്തി..മുന്നില്‍ നിറയെ റബ്ബര്‍ തോട്ടങ്ങളാണ്..കറുപ്പിന് മേല്‍ അധികാരം നെയ്യാന്‍ വന്നവരുടെ ബാക്കി പത്രങ്ങളായി കുറച്ച് വാഹനങ്ങള്‍ ശേഷിച്ച തുരുമ്പിന്‍ ബലത്തില്‍ ജീവശ്വാസം വലിക്കുന്നു..കാല്‍പാദങ്ങള്‍ക്ക് മാത്രം വഴിമാറി തന്ന തോട്ടത്തിനു നടുവിലെ വഴിയിലൂടെ ഞങ്ങള്‍ നടന്നു..സമയം അസര്‍ നമസ്കാരത്തിനോട് അടുത്തിരുന്നു..പെണ്‍കുട്ടി തയ്യല്‍ ക്ലാസില്‍ പോകുന്നുണ്ടെന്ന് ബ്രോക്കര്‍ പറഞ്ഞു.

ദൂരെ നിന്നേ കണ്ടു..ചെറിയൊരു ഓടിട്ട വീട്..പഴയ കണ്ണ് ജാലകം....ഉമ്മറത്ത് ഖുറാന്‍ ഓതിയിരിക്കുന്ന ഒരു വൃദ്ധന്‍..വീടിന്‍റെ ഒരു വശത്ത് ചെറിയൊരു ഓലമറ..കുളിമുറി ആയിരിക്കാം..അതിനു താങ്ങായി നിര്‍ത്തിയ സീമകൊന്നയും മുരിക്കും കുരുമുളക് വള്ളികളെയും താങ്ങി നില്‍ക്കുന്നു.

സലാം പറഞ്ഞു കയറി.. ഇരുന്ന കസേര നീക്കി തന്നു ഇരിക്കാന്‍ പറഞ്ഞു..ചുമരിനോട് ചാരി നിര്‍ത്തിയ ആടുന്ന ബെഞ്ചില്‍ ബ്രോക്കറും പെണ്ണിന്‍റെ ഉപ്പയും ഇരുന്നു..
ഉപ്പയുടെ ചെവിയില്‍ ബ്രോക്കര്‍ എന്തോ പറഞ്ഞപ്പോള്‍ അത് വരെ സംശയത്തോടെ ഇരുന്നിരുന്ന അദ്ധേഹത്തിന്‍റെ കണ്ണില്‍ സന്തോഷം കണ്ടു ഞാന്‍..

എന്താ മോന്‍റെ പേര്..

സലിം..ഞാന്‍ പറഞ്ഞു..

കുട്ട്യാക്ക ഒക്ക പറഞ്ഞിട്ടുണ്ടാകും ലേ....?

“ഇങ്കി മൂന്നു പെണ്മക്കള..ഇത് മൂത്തത്..ബാക്കി രണ്ടാളും സ്കൂളില്‍ പോകുന്നുണ്ട്..ദാ..ഇക്കാണുന്ന പത്തു സെന്റും പിന്ന ഈ വീടും..അതാ സമ്പാദ്യം..” പറയുമ്പോള്‍ ഒരുപാട് പേര്‍ക്ക് കസേര നീക്കിയിട്ട്‌ കൊടുത്ത ഒരു പിതാവിന്‍റെ നിരാശ ആ കണ്ണുകളില്‍ കാണാം..

അതൊക്കെ ഞാന്‍ വിശദായി പറഞ്ഞിക്കി ഹംസാക്കാ...ഏതായാലും വന്നില്ലേ..മോളെ ഒന്ന് കണ്ടോട്ടെ..ബ്രോക്കര്‍ അധികം നീട്ടാന്‍ അനുവദിച്ചില്ല..

ഞാന്‍ ഉമ്മറത്ത് നിന്നും അകത്തേക്ക് കയറി..രണ്ടു മുറികളും ഒരു അടുക്കളയും..ഒന്നൊഴികെ ബാക്കി രണ്ടു വാതിലുകളും തുണി കൊണ്ട് കര്‍ട്ടനിട്ടിരിക്കുന്നു..അധികം പഴക്കമില്ലാത്ത ഒരു ടേബിള്‍,ഒന്ന് രണ്ടു കസേര..ഞാന്‍ കണ്ണോടിച്ചു കൊണ്ടേയിരുന്നു..

അടുക്കളവാതിലിന്‍റെ കര്‍ട്ടനിടയിലൂടെ ഒരു ഗ്ലാസ് നാരങ്ങ വെള്ളവുമായി ഒരു കൈ നീണ്ടു വന്നു..ഞിക്ഞാസയോടെ ഞാന്‍ കാത്തിരുന്നു..മക്കനയിട്ട് നാണതാല്‍ തല കുനിച്ച് വിറയ്ക്കുന്ന കൈകളോടെ ഒരു ഹൂറി മേശയുടെ അരികില്‍ വന്നു നിന്നു..ഒരു വേള ഗ്ലാസ് താഴെ വീഴും എന്നായപ്പോള്‍ ഞാന്‍ അവളോട്‌ ഗ്ലാസ് വാങ്ങിയിട്ട് ചോദിച്ചു..എന്തിനാ ഇങ്ങനെ വിറയ്ക്കുന്നെ...?

ഉത്തരം മൗനം..

എന്താ പേര്...?

സുഹ്റ..

എന്നെയൊന്നു നോക്കാമോ...?

അവള്‍ പതുക്കെ തലയുയര്‍ത്തി..കരിമഷിയെഴുതിയ കണ്ണുകളിലേക്ക് ഞാന്‍ അല്‍പ്പനേരം നോക്കി നിന്നു.കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു..നിനക്ക് വിധിച്ചവള്‍ ആണെങ്കില്‍ അവളുടെ കണ്ണുകള്‍ നിന്നോട് സംസാരിക്കും എന്ന് പണ്ടെന്നോട് ദര്‍സിലെ ഉസ്ഥാത് പറഞ്ഞത് ഞാനോര്‍ത്തു..ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി..ദൈര്‍ഘ്യം എത്രയെന്നറിയാതെ..

മ്മയുടെ മുഖം പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു..കാരണമുണ്ട്.. എനിക്ക് ഒരു ജ്യേഷ്ടനും അനിയനുമാണ്..ജ്യേഷ്ടന്‍ തരക്കേടില്ലാത്ത ഒരു പണക്കാരിയെയാണ് കല്യാണം കഴിച്ചത്..ഉമ്മയുടെ ആശയും അത് പോലെ ഒരുത്തിയെ ഞാനും കെട്ടണം എന്നതാണ്..ചിലപ്പോള്‍ രണ്ടു തട്ടിലുള്ള പെണ്‍കുട്ടികള്‍ വീട്ടില്‍ ഒത്തുപോകുമോ എന്ന ഭയമായിരിക്കാം..

ഞാന്‍ പറഞ്ഞു..ഉമ്മാ..എനിക്കിപ്പോ ഖത്തറില്‍ അത്യാവശ്യം നല്ലൊരു ജോലിയില്ലേ..പണം നമുക്ക് ഉണ്ടാക്കിയാല്‍ ഉണ്ടാകും..മനപ്പൊരുത്തം അങ്ങിനെയല്ലല്ലോ..നമുക്കിതങ്ങു നടത്താം..

 കല്യാണം വളരെ പെട്ടെന്നായിരുന്നു..ബന്ധുക്കളും അത്യാവശ്യം നാലുപുറത്തുള്ളവരും മാത്രം..പൊന്നിന്‍ തിളക്കമുള്ള എന്‍റെ സുഹറ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ ചടങ്ങിലുള്ളവര്‍  ഒന്നടങ്കം പറഞ്ഞു..ഒരു പതിനഞ്ച് പവനെങ്കിലും കൊടുക്കാതെ ആരേലും മക്കളെ പറഞ്ഞായ്ക്ക്യോ...?

ബാഹ്യ ആവരണങ്ങളില്‍ മഹിമയും പൊരുത്തവും കണ്ടെത്തുന്നവര്‍ മനസ്സാണ് പൊന്നെന്നു പഠിക്കാതെ പോയതല്ലേ....? അല്ലെങ്കിലും സ്ത്രീ തന്നെയാണ് ധനം എന്ന് പറഞ്ഞവര്‍ പരീക്ഷണങ്ങള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്....

സുഹറയുടെ ഉപ്പ ഇടയ്ക്കിടക്ക് വരും..വിശേഷങ്ങള്‍ അന്യേഷിക്കും..നിറഞ്ഞ മനസ്സോടെ തിരിച്ചു പോകും..ചിലപ്പോള്‍ പറമ്പില്‍ നിന്നും പറിച്ച കപ്പയുടെയോ ചേമ്പിന്‍റെയോ ഒരോതി കൊണ്ടുതരും.


ലയുടെ മുകളില്‍ നിറയെ വവ്വാലുകള്‍ തൂങ്ങി കിടക്കുന്നൊരു മരമുണ്ട്..ഉന്നത്തിന്‍റെ കായ്കള്‍  പോലെ തോന്നുന്ന അവയെ കാണാന്‍ എന്ത് രസമാണെന്നോ..ഒരിക്കല്‍ ഞാനും ഉപ്പൂത്തി കൊമ്പില്‍ ഇരുന്നു താഴോട്ട് തൂങ്ങി..പ്ധും..മൂക്കും കുത്തി താഴത്ത്..

സുഹറ എന്‍റെ കഥകള്‍ കേട്ട് പൊട്ടിച്ചിരിച്ചു..ഓരോ ചിരിയുടെയും അവസാനം വരാനിരിക്കുന്ന വിരഹ വേദനയോര്‍ത്ത് കണ്ണില്‍ നിറയുന്ന കണ്ണീര്‍ എന്നെ കാണിക്കാന്‍ തലയിണയില്‍ മുഖം പൊത്തും..

എന്‍റെ ലീവ് കഴിഞ്ഞു...ദിവസങ്ങള്‍ക്കു മുമ്പേ തന്നെ അവളുടെ മുഖത്തെ അഭിനയങ്ങള്‍ ഞാന്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു..എന്ത് പറഞ്ഞിട്ടും അവളുടെ കണ്ണീര്‍ തുടയ്ക്കാന്‍ കഴിയാതെ പരാജിതനായി മണിയറ ചുമരില്‍ അവളെ ഞാന്‍ വാരിപുണര്‍ന്നു..

കരയല്ലേ പൊന്നേ..ഇക്ക പോയി വരട്ടെ..

മ്മക്ക് വേണ്ട്യല്ലേ...........കുടുംബം നോക്കണ്ടേ.......ഇക്ക പോയ്‌ വാ..ഞാനിവിടെ  കാത്തിരിക്കും..കണ്ണീര്‍ ഒളിപ്പിച്ച ചിരിയുമായി അത്രയും പറഞ്ഞവള്‍ തല കുനിച്ചു..

കഴിഞ്ഞ വട്ടം എന്നെ കണ്ണീരോടെ യാത്രയാക്കിയവര്‍ ഉമ്മറത്ത് ഉണ്ടായിരുന്നു..തലയില്‍ കെട്ടിയ ടവ്വലെടുത്ത് തിരി മുറിയാതെ ഒലിച്ചിറങ്ങുന്ന കണ്ണീരൊപ്പുമ്പോള്‍  മണിയറ വാതിലില്‍ തല ചാരി തേങ്ങുന്ന എന്‍റെ സുഹറയെ ഒരു നോക്ക് കൂടി കാണാന്‍ കൊതിക്കുകയായിരുന്നു...


പ്രയാസങ്ങള്‍ ഒന്നും സമ്മാനിക്കാതിരുന്ന പ്രവാസം അതിന്‍റെ മറുവശം കൂടി എന്നെ കാണിക്കുകയായിരുന്നു...സ്ഥലം മാറ്റമായിരുന്നു ആദ്യം..മൂന്നു കൊല്ലം നിന്ന സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കാരണമില്ലാതെ എന്നെ മാറ്റിയപ്പോള്‍ വല്ലാതെ നൊന്തു..ഒരുപാട് സ്നേഹബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു..അതുകൊണ്ടായിരിക്കണം  പ്രയാസം എന്തെന്ന് ഞാന്‍ അറിയാതെ പോയത്..

റൂമിലെ സൈദുക്കയാണ് ഇടനെഞ്ച് തകര്‍ത്ത ആ വാക്ക് ആദ്യം പറഞ്ഞത്..

 “സലീമേ..കല്യാണം കഴിഞ്ഞതും നിനക്ക് കഷ്ടകാലമാണല്ലോ..ബറക്കത്തുള്ള പെണ്ണ് തന്നെ ലേ...?”

പ്രായം കൊണ്ട് ഒരുപാട് മൂത്ത ഇക്കയോട് ഞാന്‍ അധികമൊന്നും പറഞ്ഞില്ല..എങ്കിലും മനസ്സ് നൊന്തു..


പുതിയ ജോലിസ്ഥലത്ത് ജനവാസം കുറവാണ്....ബംഗാളികളും പാകിസ്ഥാനികളും പിന്നെ കുറച്ച് മലയാളികളും..എത്ര ശ്രമിച്ചിട്ടും എനിക്കവിടെ പൊരുത്തപെടാന്‍ കഴിയുന്നില്ല..വൃത്തിയില്ലാത്ത സ്ഥലവും ഭക്ഷണവും അതിലുപരി ഒന്ന് മിണ്ടിപറയാന്‍ നല്ലൊരു സുഹൃത്ത് പോലുമില്ല..എന്‍റെ അവസ്ഥ ഞാന്‍ വീട്ടില്‍ അറിയിച്ചില്ല..പക്ഷെ സുഹറ എല്ലാം അറിയുന്നുണ്ട്..വാക്കുകള്‍ക്കിടയിലുള്ള ചെറു മൌനങ്ങള്‍ പോലും അവള്‍ വായിചെടുക്കാന്‍ പഠിച്ചിരിക്കുന്നു..

ഇക്കാ..സമാധാനമായിരിക്ക്..എല്ലാം ശെരിയാകും..

എനിക്കിവിടെ സമാധാന കുറവൊന്നും ഇല്ല സുഹറ..

ഉം..ന്നാലും പറഞ്ഞതാ..


ഒരു മാസം കഴിഞ്ഞതോടെ എനിക്ക് പനി
പിടിച്ചു..വിറയലും ക്ഷീണവും.. ഒന്നെഴുന്നെല്‍ക്കാന്‍ പോലും വയ്യാതെ കിടന്ന എന്നെ നല്ലവനായ ഒരു ബംഗാളി ഡോക്റ്ററുടെ അടുത്തെത്തിച്ചു..ഡോക്ടര്‍ വിധി എഴുതി..മഞ്ഞപിത്തം..ഒന്നുകില്‍ ഇവിടെ ചികിത്സിക്കാം..അതിലും നല്ലത് നാട്ടില്‍ പോകുന്നതായിരിക്കും..
മാനസികമായി ഞാനാകെ തകര്‍ന്നിരുന്നു..ഇപ്പൊ ഇതും കൂടി..നാട്ടില്‍ എപ്പോള്‍ പോകാനും ഞാന്‍ റെഡിയാണ്..പക്ഷെ വന്നിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ..കടമുണ്ട്..പെട്ടെന്ന് തിരികെ ചെന്നാല്‍ എങ്ങനെ ജീവിക്കും.....?
ഇടയ്ക്കിടെ ഞാന്‍ വീട്ടിലേക്ക് വിളിക്കും..മകനെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഉമ്മയും ഉപ്പയും എന്‍റെ ക്ഷേമം അറിഞ്ഞു സന്തോഷമായിരിക്കട്ടെ..എനിക്കിവിടെ സുഖം തന്നെ..!


ജോലിക്ക് പോകാതെ ദിവസങ്ങള്‍ കഴിഞ്ഞു..നാട്ടിലേക്ക് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ..കൂടെയുള്ളവര്‍ക്ക് സഹായിക്കുന്നതിനു പരിധിയില്ലേ..?
രോഗവിവരം എങ്ങിനെയോ എന്‍റെ വീട്ടില്‍ അറിഞ്ഞു..പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പലരുമത് സംതൃപ്തിക്ക് വേണ്ടി പല രൂപത്തിലാക്കി....
ബറക്കതില്ലാത്ത പെണ്ണ്,ലക്ഷണം കെട്ട പെണ്ണ് അസ്ത്രങ്ങളെല്ലാം സുഹറയുടെ നേര്‍ക്കായിരുന്നു..
എല്ലാം അവള്‍ സഹിച്ചു..പടച്ചോനെ...ഓരോരുത്തര്‍ക്കും നീ വിധി നേരത്തെ എഴുതി വെച്ചിരിക്കുന്നു..അതിനു പാവം സുഹറ എന്ത് പിഴചു..
ആരെയും ഞാന്‍ ദ്രോഹിച്ചിട്ടില്ല..പത്താം ക്ലാസ് കഴിഞ്ഞു ഉപരി പഠനത്തിനായ് ദീന്‍ തന്നെ തിരഞ്ഞെടുത്തത് ആരെയും ദ്രോഹിക്കാതെ റബ്ബിന്‍റെ വഴിയില്‍ ജീവിക്കണം എന്ന ആശയുള്ളത് കൊണ്ടായിരുന്നു..

ഓരോ ദിവസം കഴിയും തോറും നാട്ടില്‍ പ്രശ്നം കൊടുമ്പിരി കൊള്ളുകയായിരുന്നു..സുഹറയുടെ ഉപ്പയെ പലരും വഴിയില്‍ വെച്ച് കണ്ടു..ചിലര്‍ ഭീഷണി മുഴക്കി..ആരെയും വാക്ക് കൊണ്ട് പോലും വേദനിപ്പികാത്ത ആ വൃദ്ധന്‍ എല്ലാത്തിനും കേള്‍വിക്കാരനായി നിന്നു..


രോഗം മൂര്‍ച്ചിച്ചു..മരുന്നുകള്‍ ഫലം കാണുന്നില്ല..ഒരു കണ്ണിന്‍റെ കാഴ്ചയ്ക്കും തകരാറ് സംഭവിച്ചു..

ഇനി ഒന്നും നോക്കണ്ട സലിം..നേരെ നാട്ടിലേക്ക് പോകൂ..ബാക്കിയെല്ലാം ഹാലള്ള...

പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടവനെ പോലെ ഞാനിരുന്നു..കമ്പനിയില്‍ നിന്നും ഗുണകരമായി ഒന്നും സംഭവിച്ചില്ല..ഒപ്പം ജോലി ചെയ്തിരുന്നവര്‍ പത്തും ഇരുപതും സഹായിച്ചു എന്നെ നാട്ടിലേക്കയച്ചു..


ളിരണിയാത്ത സ്വപ്നങ്ങളുമായി വീട്ടില്‍ ചെന്ന് കയറുമ്പോള്‍ സഹതാപ നോട്ടങ്ങളായിരുന്നു എന്നെ എതിരേറ്റത്..ടാക്സി ഡ്രൈവര്‍ ചുമലില്‍ നിന്നും എന്‍റെ കൈ മാറ്റി മുറിയിലെ  കസേരയിലേക്ക് ഇരുത്തിച്ചു..കുറച്ച് സമയത്തിനകം ഓരോരുത്തരായി പിരിഞ്ഞു..ഉമ്മയുടെയും ഉപ്പയുടെയും കണ്ണുകളില്‍ നിന്നും വീഴുന്ന കണ്ണീര്‍ തുള്ളികള്‍ കാണാന്‍ എന്‍റെ കണ്ണുകള്‍ക്ക് കെല്‍പ്പില്ലായിരുന്നു..
ചുമരിനോട് തിരിഞ്ഞു നിന്ന് പൊട്ടി പൊട്ടി കരയുന്ന സുഹറയെ ഒന്ന് വിളിക്കാന്‍ പോലും ശക്തനല്ല ഞാന്‍..രോഗം എന്‍റെ രൂപമാകെ മാറ്റിയിരുന്നു..

സുഹറാ....
ഉം..

ജീവിതത്തില്‍ ഇനിയൊരു പ്രതീക്ഷയും എനിക്കില്ല..പടച്ചോന്‍ എന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു...

സുഹറ കണ്ണീര്‍ തുടച്ച് എന്‍റെ കുഴിയിലേക്കിറങ്ങിയ കണ്ണുകളിലേക്ക് നോക്കി..
തിരഞ്ഞെടുത്ത വഴി തെറ്റായിപോയി ന്ന് തോന്നുന്നുണ്ടോ നിനക്ക്..

ഇക്കാ........!! വാക്കുകള്‍ മുഴുമിക്കാന്‍ അനുവദിക്കാതെ അവള്‍ ഓടി വന്നെന്നെ കെട്ടിപുണര്‍ന്നു..


വീണ്ടും ആശുപത്രിയില്‍ ആഴ്ചകളോളം കിടന്നു..ഒരിക്കല്‍ പോലും മറ്റൊരാളുടെ മുന്നില്‍ കൈ നീട്ടാന്‍ ലജ്ജിച്ചിരുന്ന ഞാന്‍ പലരുടെയും മുന്നില്‍ കൈനീട്ടി..ആശുപത്രി വിടുമ്പോള്‍ ഒരു വര്‍ഷത്തെ റെസ്റ്റായിരുന്നു ഡോക്റ്റര്‍ നിര്‍ദേശിച്ചത്..ജോലിയും കൂലിയുമില്ലാതെ വീട്ടില്‍ കിടക്കുന്ന എനിക്ക് ദയയോടെയുള്ള ഒരു നോട്ടം പോലും അവഗണനയായി തോന്നി..
അതിനിടയില്‍ അനിയന്‍റെ വിവാഹം ഉറപ്പിച്ചു..എന്‍റെ അവസ്ഥ കണ്ടു ഭയന്നിട്ടാവണം അവനിഷ്ടപെട്ടത് നാട്ടിലെ പണക്കാരന്‍റെ മകളെയായിരുന്നു..കല്യാണ പന്തലില്‍ ബന്ധുക്കളുടെ ഔപചാരികത ഒഴിച്ച് നിര്‍ത്തിയാല്‍ ഒറ്റപ്പെടല്‍ തന്നെയായിരുന്നു..സുഹറയുടെ സ്ഥിതി എന്നെക്കാള്‍ കഷ്ടമായിരുന്നു..കൂടി നില്‍ക്കുന്ന പെണ്ണുങ്ങളുടെ അര്‍ഥം വെച്ചുള്ള നോട്ടവും കുശുകുശുപ്പും..

കടക്കാര്‍ പലരും വീട്ടില്‍ വന്നു തുടങ്ങി..കടമല്ലാതെ തന്നവര്‍ കവലകളില്‍ കടപ്പാടുകളുടെ കഥകള്‍ മെനഞ്ഞു തുടങ്ങി..നാട്ടിലും വീട്ടിലും സമാധാനമില്ല..അതിനിടയില്‍ കുടുംബ സ്വത്തിന്‍റെ തര്‍ക്കങ്ങള്‍ എന്‍റെ ഇക്ക തുടങ്ങി കഴിഞ്ഞിരുന്നു..കൂട്ട് കുടുംബമായി കഴിയാന്‍ ഇത് കാലം പഴയതല്ലല്ലോ..എന്‍റെ കണ്ണീരിനോട് കനിവ് തോന്നിയിട്ടാകണം ഒരു സെന്റ്‌ ഭൂമി എനിക്ക് അധികം അളന്നു നിശ്ചയിച്ചു..ഭാഗ നിര്‍ണ്ണയം കഴിഞ്ഞതില്‍ പിന്നെ അനിയന്‍റെ മുഖത്തും കരിനിഴല്‍ വീണിട്ടുണ്ട്...


തറവാട്ടില്‍  നിന്നും കുറച്ച് ദൂരെയുള്ള ഒരു വാടക വീട്ടിലേക്ക് ഞങ്ങള്‍ താമസം മാറി..ഉമ്മാക്ക് തീരെ ഇഷ്ടമില്ലായിരുന്നു..അനിയന്‍ സ്വന്തം ചിലവില്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചു തന്നു..തറവാട്ടില്‍ എന്‍റെ നോട്ടമെത്താത്ത ഒരു പുല്‍കൊടി പോലുമില്ലായിരുന്നു..ചെറുപ്പത്തില്‍ വാപ്പ അങ്ങാടിയില്‍ നിന്നും കൊണ്ടുവന്ന മാങ്ങയണ്ടില്‍ തളിരിട്ട മാവിന്‍ തൈ പോലും എന്നെ നോക്കി കരയുന്നുണ്ടാകും..


വീട്ടുടമസ്ഥന്‍ നല്ല മനുഷ്യനായിരുന്നു..മാന്യതയോടെ പെരുമാറിയിരുന്ന അദ്ദേഹത്തിനും കടക്കാരുടെ തിരഞ്ഞു വരവില്‍ അതൃപ്തി ഉണ്ടായിരുന്നു..ഭാഗം കിട്ടിയ പറമ്പില്‍ അത്യാവശ്യം വരവ് കിട്ടിയിരുന്നതാണ്..പലിശ എന്ന വാക്ക് ഉച്ചരിക്കാത്തവര്‍ പോലും പലിശയിനത്തിലെങ്കിലും കിടക്കട്ടെ എന്ന് പറഞ്ഞു വരവുകള്‍ കൊണ്ടുപോയി..


മാസങ്ങള്‍  ചിലതങ്ങിനെ  കഴിഞ്ഞു പോയി..സ്വസ്ഥത ഇല്ലാത്ത ഓരോ  ദിവസങ്ങള്‍..ഞാന്‍  അല്ലറ ചില്ലറ  ജോലിക്കൊക്കെ പോകും..സുഹറ വീട്ടിലിരുന്നു അത്യാവശ്യം തയ്യല്‍ ജോലികള്‍ ചെയ്യും.. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല..അവളെ തടയാന്‍ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം..


സുഹറയുടെ ഉപ്പാക്ക് വലിവിന്‍റെ അസുഖം മൂര്‍ചിച്ചിട്ടുണ്ട്..അധികമാകുമോള്‍ അടുത്തുള്ള സര്‍ക്കാര്‍ വക ആശുപത്രിയില്‍ പോയി കാണിക്കും..എന്നെ കാണുമ്പോള്‍ നിയന്ത്രിക്കാന്‍ പാടുപെടുന്ന ശ്വാസത്തെ അടക്കി നിര്‍ത്തിയിട്ട് പറയും.മോന്‍ ഇരിക്ക് ..ഞാനിപ്പോ വരാം..വീടിന്‍റെ പുറകുവശത്ത്‌ പോയാല്‍ കാണാം..റബ്ബര്‍ മരത്തിനോട് ചാരിയിരുന്നു തല താഴ്ത്തിയിരിക്കുന്ന ആ വൃദ്ധനെ...


പടച്ചോന്‍ എന്തിനു എന്നെയിങ്ങനെ പരീക്ഷിക്കുന്നു..ആരോടാണ്  ഞാന്‍ പാപം ചെയ്തത്..രാത്രിയില്‍ ഏകാന്തനായി മുറ്റത്ത് നിന്ന് കരഞ്ഞു വീര്‍ത്ത കണ്ണുമായി ഞാന്‍ ആകാശത്തേക്ക് നോക്കും..ഇനിയെനിക്കൊരു നല്ല കാലം ഇല്ലേ റബ്ബേ....?


പടച്ചോന്‍റെ കണക്കു കൂട്ടല്‍ ഒന്നും പിഴക്കില്ലല്ലോ..സുഹറ ഗര്‍ഭിണിയാണ്..ഡോക്റ്റര്‍ എന്‍റെ ചുമലില്‍ തട്ടിയിട്ട് പറഞ്ഞു..താങ്കള്‍ ഒരു വാപ്പയാവാന്‍ പോകുന്നു..സന്തോഷം തോന്നുന്നില്ലേ..ഞാന്‍ അവളുടെ മുഖത്ത് നോക്കി..മണിയറയിലെ ആദ്യദിനം അവളുടെ മുഖത്ത് കണ്ട നാണത്തുടിപ്പ് ഒരിക്കല്‍ കൂടി ഞാന്‍ കണ്ടു..വിടര്‍ന്ന കണ്ണുകളോടെ ഞാന്‍ അവളെ നോക്കി ചിരിച്ചു..ഒരു ഉമ്മയുടെ ഭാവം അവളുടെ മുഖത്ത് മിന്നി മറഞ്ഞ പോലെ..


ദിവസങ്ങള്‍ ഓരോന്നും കഴിയുകയാണ്..കടക്കാര്‍ എന്നെ ജോലിക്ക് പോകാന്‍ പോലും അനുവദിക്കുന്നില്ല..ഭീഷണിയും വീട്ടില്‍ കയറലും..ഈയൊരു അവസ്ഥയിലെങ്കിലും സുഹറയെ വേദനിപ്പിച്ചു കൂടാ..


പണ്ടെന്‍റെ കൂടെ പോലീസും കള്ളനും കളിച്ചു നടന്ന ഒരു കൂട്ടുകാരനുണ്ട്..ഗള്‍ഫില്‍ ഇപ്പോള്‍ നല്ല നിലയിലാണ്..കുറെ കാലമായി കണ്ടിട്ട്.അവനോടു പറഞ്ഞാല്‍ എന്തെങ്കിലും ജോലി കിട്ടാതിരികില്ല..ഞാന്‍ അവന്‍റെ വീട് അന്യേഷിച്ചു.

നാസറിന്‍റെ വീട് ഏതാണെന്ന് ചോദിച്ചപ്പോള്‍ ചൂണ്ടി കാണിച്ചു തന്ന വീട് കണ്ടു ഞാന്‍ അമ്പരന്നു..വലിയൊരു മാളിക..ചുറ്റുമതിലും പൂന്തോട്ടവും ടൈല്‍സ് വിരിച്ച നിലവും..ചെരുപ്പിട്ടു കയറാന്‍ ഞാന്‍ ഒന്നറച്ചു..ഗേറ്റിനടുത്ത് ഒരു പൈപ്പും ഒന്നുരണ്ടു ഗ്ലാസ്സും ഉണ്ട്..വഴിപോക്കരുടെ ദാഹമകറ്റാന്‍ പ്രത്യേകം പണിതത്..മനസ്സ് കൊണ്ട് ഞാന്‍ നാസറിനെ ബഹുമാനിച്ചു..

നാസറിന്‍റെ ഉമ്മയെനിക് അവന്‍റെ നമ്പര്‍ തന്നു..വിളിച്ചു..ഭാഗ്യം.അവനെന്നെ മറന്നിട്ടില്ല...ഒരുപാട് നേരം സംസാരിച്ചു..ഞാന്‍ എന്‍റെ അവസ്ഥ അവനോടു പറഞ്ഞു..

"വിസ ഞാന്‍ തരാം സലീമേ..ഇച്ചിരി കായി  ചെലവാകും..ന്നാലും നല്ല ശമ്പളമുള്ള ജോലി ശെരിയാക്കാം.." ഞാന്‍ പറഞ്ഞു..പടച്ചോന്‍ നിനക്ക് നല്ലത് വരുത്തട്ടെ..എത്രയും പെട്ടെന്ന് തന്നെ നീ നോക്കണം..


വിസയ്ക്കുള്ള പണം സുഹറയുടെ ശേഷിക്കുന്ന പൊന്നിന്‍ മണികളും അവളുടെ വീട്ടിലെ ഒന്നുരണ്ടു പശുക്കളെ വിറ്റതും എല്ലാം കൂടി ഒപ്പിച്ചു..കടക്കാര്‍  ആരും അറിഞ്ഞിട്ടില്ല..അറിഞ്ഞാല്‍ എന്നെ തടയും..എന്‍റെ ഉമ്മയോട് ഞാന്‍ സ്വകാര്യം പറഞ്ഞിരുന്നു..കൈ എന്‍റെ തലയില്‍ വെച്ച് ഉമ്മ കണ്ണടച്ചു പ്രാര്‍ഥിച്ചു..എന്‍റെ കവിള്‍ ചേര്‍ത്തു വെച്ചൊരു മുത്തം തന്നു..മോനെ പോയി നന്നായി വാ..!!


രാത്രിയുടെ നിശബ്ധതയില്‍ ഒരു ചെറിയ ഹാന്‍ഡ് ബേഗുമായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി..സുഹറാക്ക് ഒന്ന് ഉറക്കെ കരയണമെന്നുണ്ട്..എന്നെയൊന്നു പിടിച്ചു നിര്‍ത്തണമെന്നുണ്ട്..എങ്കിലും പുഞ്ചിരി കണ്ണീരിലൂടെ അവളെന്നെ യാത്രയാക്കി..ഇനി എന്ന് കാണുമെന്നോ എപ്പോള്‍ കാണുമെന്നോ പറയാന്‍ കഴിയാതെ ഞാന്‍ ഇടവഴിയിലൂടെ മുന്നോട്ട് നടന്നു..



പ്രതീക്ഷയുടെ പുതു സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു ഞാന്‍..ഇനി എന്‍റെ കഷ്ടപ്പാടുകള്‍ എല്ലാം മാറും..നല്ലൊരു വീട് വെക്കണം,ദൈവം എനിക്ക് തരാന്‍ പോകുന്ന ദാനത്തെ ആ വീട്ടില്‍ വളര്‍ത്തണം അങ്ങനെയങ്ങനെ ഒരുപാട് ആശകള്‍..ഭൂമിക്കും ആകാശത്തിനും നടുവിലാണ് ഞാന്‍ ഇപ്പോള്‍..എന്നാലും എന്‍റെ ആശകള്‍ അതിലും മീതെയായിരുന്നു..

 എയര്‍പോര്‍ട്ടില്‍ എന്നെ കൂടാന്‍ വന്നത് നാസര്‍ ആയിരുന്നില്ല..ഒരു പാകിസ്ഥാനി.അറിയാവുന്ന ഹിന്ദിയില്‍ അന്യോന്യം പരിചയപ്പെട്ടു.ബിലാല്‍ എന്നാണവന്‍റെ പേര്..വണ്ടിയില്‍ കയറിയപ്പോഴേ എനിക്കെന്തോ ഒരു വല്ലായ്മ്മ ഉണ്ടായിരുന്നു..പഴയൊരു വണ്ടി..ആകെ പഴകിയ വൃത്തിഹീനമായ സീറ്റുകള്‍..ഞാന്‍ ചോദിച്ചു..എങ്ങോട്ടാണ്..
ജോലി സ്ഥലത്തേക്ക്..ബിലാല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..


യാത്രാ ക്ഷീണത്താല്‍ ഞാന്‍ മയങ്ങി പോയിരുന്നു..വിശപ്പും ദാഹവും നല്ലവണ്ണം ഉണ്ട്..ആരോ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്..ഒരു അറബി എന്‍റെ മുന്നില്‍..

അഹ്ലന്‍ യാ സദീക്ക്..കൈഫല്‍ ഹാല്‍..അറബി എന്‍റെ കൈ പിടിച്ച് കുലുക്കി..ഞാന്‍ മുന്നോട്ട് നോക്കി..കണ്ണെത്താ ദൂരത്ത് നിരന്നു കിടക്കുന്ന കൃഷി ഭൂമി..എല്ലാ പച്ചക്കറികളും ഉണ്ട്..ഇടത് ഭാഗത്ത് കുറെ മൃഗങ്ങളും..എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ..ഞാനെന്താ ഈ കാണുന്നത്..എന്നെ എങ്ങോട്ടാണ് റബ്ബേ നീ കൊണ്ട് പോകുന്നത്..വീണ്ടും വീണ്ടും....


നാസര്‍ എന്നോട് ഈ പണിയല്ലല്ലോ പറഞ്ഞത്..ഞാന്‍ ചോദിച്ചു..

ഏത് നാസര്‍...? പൈസ മുടക്കാതെ നിനക്ക് എന്ത് വിസ കിട്ടുമെന്നാ...? അറബി ക്ഷോപിച്ചു..

ഞാന്‍ നെഞ്ചത്തടിച്ചു പോയി..അപ്പൊ അവന്‍ എന്നോട് വിസക്ക് പണം വാങ്ങിയത്...? പിന്നീടാണ് എനിക്കോര്‍മ്മ വന്നത്.. കുട്ടികാലത്ത് പോലീസും കള്ളനും കളിക്കുമ്പോള്‍ അവനെപ്പോഴും കള്ളന്‍ ആവാനായിരുന്നു ഇഷ്ടം..


വളരെ തുച്ചമായ ശമ്പളം..ചിലവ് കഴിച്ച് എന്തേലും ബാക്കിയാകും..അത് അങ്ങനെ തന്നെ നാട്ടിലേക്കയക്കും..കൂടെ ഒന്നല്ല ഒരായിരം കള്ളങ്ങളും പറയും..

മരുഭൂമിയിലെ മണല്‍ തരികള്‍ പോലെ എന്‍റെ കണ്ണുകളും എന്നോ വറ്റി വരണ്ടിരുന്നു..ചിലപ്പോള്‍ ഞാന്‍ തനിയെ സംസാരിച്ചിരിക്കും..ഉറക്കെ പൊട്ടിച്ചിരിക്കും..ഒരു ഭ്രാന്തനെ പോലെ..അടക്കി നിര്‍ത്തിയ നൊമ്പരങ്ങള്‍ക്ക് അങ്ങിനെയെങ്കിലും ആശ്വാസം കിട്ടട്ടെ..


എല്ലാ വ്യാഴാഴ്ചയും കഫീല്‍ വരും..ചിലപ്പോള്‍ ഭക്ഷണം വല്ലതും കൊണ്ടുവരും..അല്ലാത്ത ദിവസങ്ങളില്‍ പാകിസ്ഥാനിയാണ് ഭക്ഷണം വാങ്ങി കൊണ്ടുവരുന്നത്..കഫീല്‍ വന്നാല്‍ ആട്,ഒട്ടകം ഇവയുടെ കണക്കെടുക്കും..ചിലപ്പോള്‍ ഒന്നോ രണ്ടോ ആടിനെ കാല്‍ പിണച്ച് കെട്ടി വണ്ടിയില്‍ കയറ്റാന്‍ പറയും..ഒരിക്കല്‍ പോലും അവന്‍ എന്‍റെയോ ബിലാലിന്‍റെയോ വിശേഷങ്ങള്‍ ചോദിക്കാറില്ല..കഫീല്‍ പോയി കഴിഞ്ഞാല്‍ പാകിസ്ഥാനി പല്ല് ഞെരിച്ച് പറയും..കുത്തെ കാ ബച്ചാ..മദര്‍....!


സുഹറയെ പ്രസവത്തിനു വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കയാണ്..ഇനിയും ഒരാഴ്ച ഉണ്ട് പ്രസവത്തിനു...മസ്രയില്‍ ഇടയ്ക്കിടെ വരുന്ന ഒരു ബംഗാളി വഴി നെറ്റ് ഫോണിലൂടെ ഞാന്‍ എല്ലാം അറിയുന്നുണ്ട്..എന്തിനാ ഒരാഴ്ച മുമ്പ് അഡ്മിറ്റ്‌ ആയത്.എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ..? ഉമ്മ അടുത്തുണ്ട് എന്നാലും ഒരു അസ്വസ്ഥത..
ഞാന്‍ ബിലാലിനോട് പറഞ്ഞു..എനിക്കിവിടെ നില്‍ക്കാന്‍ കഴിയില്ല ഭായ്..നമ്മള്‍ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാലോ..ആരെങ്കിലും നമ്മെ രക്ഷിക്കാതിരിക്കില്ല..


കുറച്ച് നേരത്തേക്ക് ബിലാല്‍ പൊട്ടിച്ചിരിച്ചു..നീ എന്താണ് സലിം പറയുന്നത്..ഈ  മരുഭൂമിയുടെ അറ്റം നീ കണ്ടിട്ടുണ്ടോ..ഒരിക്കല്‍ ഞാന്‍ അത് കാണാന്‍ ശ്രമിച്ചതാണ്..സാധിച്ചില്ല..വന്നപ്പോള്‍ ഞാനും നിന്നെ പോലെയായിരുന്നു..വിധിയുമായി പൊരുത്തപ്പെടുന്നത് വരെ എല്ലാവരും ഇങ്ങനെയാണ് സലിം..നിന്‍റെ ഭാര്യയെ കുറിച്ചോര്‍ത്ത് നീ വിഷമിക്കണ്ട..അവളെ അള്ളാഹു കാത്ത് കൊള്ളും..
അടുത്ത ആഴ്ച കഫീലിന്‍റെ മകന്‍ വരുന്നുണ്ട്..നല്ലവനാണ്..നീ  അവനോടു നിന്‍റെ കാര്യങ്ങള്‍ പറയൂ..ചിലപ്പോള്‍ സഹായിച്ചേക്കാം..


അതെനിക്കൊരു ആശ്വാസമായിരുന്നു..ആഴങ്ങളിലേക്ക് വീഴുന്നവന് ചിലന്തിവല പോലും പ്രതീക്ഷയുടെ പിടിവള്ളിയാണ്..ഓരോ ദിവസവും ചെയ്ത് തീര്‍ക്കേണ്ട ജോലി പെട്ടെന്ന് തീര്‍ത്ത് കൂടാരത്തിന്‍റെ മുന്നിലിരുന്നു വിദൂരതയിലേക്ക് കണ്ണുംനട്ട് ഞാനിരിക്കും..അവന്‍ വരുന്നതും കാത്ത്...

അങ്ങനെ ഒരു ദിവസം കഫീലിന്‍റെ മകന്‍ എത്തി..വളരെ സൌമ്യമായ സ്വഭാവം..ഞാന്‍ പുതിയ ആളായത് കൊണ്ട് എന്‍റെ വിശേഷങ്ങളായിരുന്നു അവന്‍ കൂടുതല്‍ ചോദിച്ചത്.. ഞാന്‍ എന്‍റെ സങ്കടങ്ങള്‍ കെട്ടുപൊട്ടിയ പോലെ അവന്‍റെ മുന്നില്‍ അവതരിപ്പിച്ചു..ഒരക്ഷരം മിണ്ടാതെ അവന്‍ എല്ലാം കേട്ട് നിന്നു..

ഫോണെടുത്ത് അവന്‍ എന്‍റെ കഫീലിനെ വിളിച്ചു..കുറച്ചു നേരത്തേക്ക് ഉച്ചത്തിലുള്ള സംസാരമായിരുന്നു..അവന്‍റെ മുഖത്തെ ഭാവവിത്യാസങ്ങള്‍ എന്നെയല്‍പ്പം ഭയപ്പെടുത്തിയിരുന്നു..വണ്ടിയുടെ ബോണറ്റില്‍ കൈ ചുരുട്ടിയിടിച്ച് കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്..ഞാനും ബിലാലും മുഖത്തോടു മുഖം നോക്കി നിന്നു..


യാ സലിം..താല്‍....വണ്ടിയില്‍ കയറൂ..എന്‍റെ ബാബ കാരണം നിനക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു..ഇനി മുതല്‍ നിനക്കെന്‍റെ കൂടെ ജോലി ചെയ്യാം..

ഞാന്‍ പിന്തിരിഞ്ഞു ബിലാലിനെ നോക്കി..അവന്‍റെ മുഖത്ത് സന്തോഷം  മാത്രമേ ഉള്ളൂ..വളരെ കുറഞ്ഞ നാളുകള്‍ മാത്രമേ പരിചയമുള്ളു..എങ്കിലും അവനെ പിരിയുന്നത് എന്‍റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു..

ഇവനെ കൂടി കൂട്ടാമോ..? ഞാന്‍ നേര്‍ത്ത സ്വരത്തില്‍ അറബിയോട് ചോദിച്ചു..


ഒരു ചെറു പുഞ്ചിരിയോടെ അറബി എന്നോട് പറഞ്ഞു.. "ഇന്‍ത്ത മിസ്കീന്‍ യാ സലിം..നിന്‍റെ  ഹൃദയം വളരെ ലോലമാണ്.അവനെ പിന്നീടൊരിക്കല്‍ ഞാന്‍ കൂട്ടികൊള്ളാം"


വസ്ത്രങ്ങളെടുത്ത് ഞാന്‍ വണ്ടിയില്‍ കയറി..വണ്ടി വേഗതയില്‍ നീങ്ങി തുടങ്ങി..തിരിഞ്ഞു നോക്കുമ്പോള്‍ ബിലാല്‍ എന്നെ  നോക്കി കൈ വീശുകയാണ്..ചക്രങ്ങളുടെ വേഗതയില്‍ പറന്നു പൊന്തുന്ന പൊടിക്കിടയില്‍ കാഴ്ച മങ്ങുന്നത് വരെ ഞാന്‍ അവനെ തന്നെ നോക്കിയിരുന്നു..

കള്ളിമുള്‍ ചെടിയുടെ താഴെ ജീവനറ്റു കിടന്നൊരു കറുത്ത വര്‍ഗക്കാരന്‍റെ കഥ പറഞ്ഞു തന്നിരുന്നു ബിലാല്‍..തീക്കനല്‍ പെയ്യുന്ന മരുഭൂമിയില്‍ അറ്റം കാണാതെ അലഞ്ഞു നടന്നപ്പോള്‍ അവസാന ശ്വാസത്തിന് അല്‍പ്പമൊരു കുളിര് തേടി കള്ളി ചെടിയുടെ താഴെ കിടന്ന പ്രവാസിയുടെ കഥ..ഞാനും ഇപ്പോഴൊരു തണലില്‍ നീങ്ങുകയാണ്..വിധിയുടെ അടുത്ത വരി എന്താണെന്നറിയാതെ..ഞാന്‍ അറബിയുടെ മുഖത്ത് നോക്കി..ശാന്തമാണ്  ആ മുഖം..