മൊയ്തു ഓങ്ങിയോങ്ങി ചവിട്ടുകയാണ്..ഞാന്‍ സൈക്കളിന്‍റെ
പിന്നില്‍ ഓന്‍റെ ഓങ്ങലിനനുസരിച്ച് ആടിയാടി ഇരിക്കുകയാണ്..
രാവിലെ തുടങ്ങിയതാ പെങ്ങളുടെ കല്യാണം ക്ഷണിക്കാന്‍..മൊയ്തു
സൈക്കള്‍ ചവിട്ടി കുഴങ്ങി..ഒരു കയറ്റം എത്തിയപ്പോ വണ്ടി നിര്‍ത്തി..
“ഇഞ്ഞി ഷീട്ട് എടുത്ത് നോക്ക്..ഇനി എത്ര പൊരണ്ട്
ബാക്കീന്ന്‍....?”
ഞാന്‍ കല്യാണക്കത്ത് ഇട്ട കവറില്‍ നിന്നും ഷീട്ട്
എടുത്ത് നിവര്‍ത്തി.. വടക്കോട്ട് ഭാഗത്തേക്കുള്ള ലിസ്റ്റ് രാവിലെ തന്നെ തയാറാക്കിയിരുന്നു..
തുടക്കം മുതല്‍ വണ്ട് മൂളുന്നത് പോലെ ഒന്ന്‍
ഓടിച്ചു വായിച്ചു..
കേറ്യ പൊര വായിക്കണ്ട പോത്തെ..ഇനി എത്രണ്ട്
നോക്ക്..മൊയ്തു ആകെ തളര്‍ന്നു...
ഇനി രണ്ടു പോരേം കൂടിണ്ട്..കോമത്തെ പാത്തുമ്മ
താത്താന്റെം കുന്നുമ്മലെ ആയിശ്താത്താന്റേം..
“ന്നാ വണ്ടി ഉന്തിക്കോ..കേറ്റം കഴ്ഞ്ഞിറ്റ്
കേറ്യാ മതി..”
ഞാന്‍ വണ്ടിയുടെ പിന്നില്‍ ഉന്തി കൊണ്ട് ഓടി ..കയറ്റം
കഴിഞ്ഞു വണ്ടിയില്‍ ചാടി കയറാന്‍ നോക്കുമ്പോഴുണ്ട് ആയിശ്താത്താന്റെ കെട്ട്യോന്‍
ഇങ്ങോട്ട് നടന്നു വരുന്നു..
“ഹാവൂ..ഇങ്ങള കണ്ടത് നന്നായി..ഇനിപ്പോ അങ്ങോട്ട്
വരണ്ടാലോ..പെങ്ങളെ കല്യാണമാണ് അടുത്ത മാസം..കുടുംബസമേതം അങ്ങോട്ട് വരണം..”
അയ്നെന്താ മോനെ..ഇഞ്ഞി കത്തൊന്നും തരണ്ട..ഞമ്മള്‍
രണ്ടു ദെവസം മുമ്പേ ആട ണ്ടാകും...പോരെ.....
“അത് മതി..ന്നാലും..കത്ത് പിടിച്ചോളീ...”
“ഇനിപ്പോ പാത്തുമ്മ താത്താന്റെ പോരേം കൂട്യല്ലേ
ഉള്ളൂ..വണ്ടീമ്മല്‍ കേറിക്കോ..”
ഞാന്‍ ഓടി തുടങ്ങിയ വണ്ടിയിലേക്ക് ചാടി കയറി..
ശശിയേട്ടന്‍റെ പോരേല്‍ ആളില്ലാത്തോണ്ട് കത്ത് ഡോറുമ്മലാ
വെച്ചത്..മൂപ്പര് കാണോ..?
“വയീമ്മന്നു കാണുമ്പോ ഒന്നൂടെ പറയാ..ഇഞ്ഞി ഒന്ന്
മുണ്ടാണ്ട് നിക്ക്..
...............................
കുറച്ച് ബക്കറ്റും തേഞ്ഞു തീര്‍ന്ന കുറേ ബ്രഷുമായി
രാഘവേട്ടന്‍ വന്നു..അത്യാവശ്യം പെയിന്റിംഗ് മുതല്‍ വിറക് വെട്ട് വരെയുള്ള പണികള്‍
മൂപ്പര് ചെയ്യും..
വീടിന്‍റെ ഉള്ളിലുള്ള സാധനങ്ങളെല്ലാം എടുത്ത്
പുറത്തേക്കിട്ടു..വര്‍ഷങ്ങളായി അന്യായമായി വീട്ടില്‍ താമസിച്ചിരുന്ന
പല്ലി,തവള,എട്ടുകാലി,തേരട്ട എന്നിങ്ങനെ കണ്ട ജീവികളെയെല്ലാം ചൂല്‍ കൊണ്ട് അടിച്ചു
പുറത്തിട്ടു..എന്‍റെയൊപ്പം വീട്ടിലെ രണ്ടു കോഴികളും ഉണ്ടായിരുന്നു..ക്ലീന്‍
ചെയ്യുമ്പോള്‍ ബോണസ്സായി കിട്ടുന്നത് അവര്‍ക്കുള്ളതാണ്..തവള ആള് വിരുതനാ..ഒരടി
കിട്ടിയാല്‍ ചുമ്മാ ചത്തത് പോലെ കിടക്കും..എല്ലാവരും പോയാല്‍ എണീറ്റ് വീണ്ടും
ഉള്ളോട്ട് തന്നെ പോകും..
രാഘവേട്ടന്‍ പെയിന്റിംഗ് തുടങ്ങി..ഞാന്‍ പറഞ്ഞു
“രാഘവേട്ടാ..നല്ലോണം അടിച്ചോ...പൊര വെട്ടി
തെളങ്ങണം...ഇനിപ്പോ അടുത്ത കാലത്തൊന്നും ഇവിടാ പെയിന്റ് ചെയ്യൂല..”
സമ്മില് കളറ് കലക്കി അടിച്ചാല്‍ ഇത്രയൊക്കെ
ണ്ടാകൂ..ഇപ്പൊ തന്നെ ബ്രഷിന്‍റെ കനത്തില് സമ്മുണ്ട് ചൊമര്മ്മല്..വാപ്പാനോട് ഇച്ചിരി
“ഡിസ്കംബര്‍” വാങ്ങാന്‍ പറഞ്ഞൂടെ നെനക്ക്..
തല്‍ക്കാലം ഇങ്ങനൊക്ക പോട്ടെ രാഘവേട്ടാ..പുതിയ
പൊര ഉണ്ടാകുമ്പോ അടിക്കാലോ..
പന്തലിടേണ്ട പറമ്പ് കൊത്തി നേരെയാക്കാന്‍ വന്ന
നാരായണേട്ടനും കൃഷ്ണേട്ടനും തൂമ്പയും തോളില്‍ വെച്ച് മുറ്റത്തേക്ക് വന്നു..
“ന്നാ പിന്ന ഞങ്ങള്‍ ഇറങ്ങട്ടെ..ഒരു വിധം കയേം
മൊയേം പോകീക്കി...ബാക്കി പന്തലിട്ടിറ്റ് ആക്കാം..എന്താ...
ഇനിപ്പോ ഒരാഴ്ച്ചേ ഉള്ളൂ നാരാണാ..മറക്കണ്ട..
ഇഞ്ഞി ബേജാറാകണ്ട അബോ..ഞാള് ഇവിട തന്നണ്ടാകും....
ഹാ..അത് കേട്ടാല്‍ മതി...
.........................
പിറ്റേ ദിവസം ഒരു ലോറി നിറയെ ആള്‍ക്കാരുമായി വാടക
സ്റ്റോറിലേക്ക് പുറപ്പെട്ടു..വഴിയില്‍ വെച്ച് കണ്ടവര്‍ കണ്ടവര്‍ എല്ലാം പാഞ്ഞു
കയറി..കൂട്ടത്തില്‍ ടൌണിലേക്ക് ബസ്സിനു കാത്ത് നിന്നവരും കയറി..ഈ കണ്ടീഷനില്‍ പോയാല്‍
വാടക സാധനം കയറ്റാന്‍ വണ്ടി വേറെ വിളിക്കേണ്ടി വരും..
വാടക സ്റ്റോറിനു മുന്നില്‍ ഒരുത്തന്‍ ചെമ്പിന്
മുകളില്‍ കാല്‍ കയറ്റി വെച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു..ഇന്നലത്തെ ഏതോ
പരിപാടി കഴിഞ്ഞു വന്ന ക്ഷീണത്തിലാ ആശാന്‍..ഞാനൊരു സ്റ്റീല്‍ പ്ലേറ്റ് എടുത്ത് നിലത്തേക്കിട്ടു..ആള്
ജനറേട്ടറിന്‍റെ ചോട്ടില്‍ ഉറങ്ങി ശീലിച്ചത് കൊണ്ടാകും ഒരനക്കവും സംഭവിച്ചില്ല...പിന്നീട്
ആരോ അരിപ്പ തവിയെടുത്ത് ചെകിടത്ത് ഒന്ന് പൊട്ടിച്ചപ്പോഴാണ് മൂപ്പര് എണീറ്റത്..
വല്ല്യ ചെമ്പ് രണ്ട്...ചെര്‍ത് ഒന്ന്..വല്ല്യ
വട്ടചെമ്പ് രണ്ട്...മൂടി രണ്ടെണ്ണം അധികം വെച്ചോ..ചെറിയ ചരക്ക് ഒന്ന്..ഡെവറ എട്ട്,കോരി
എട്ട്,ബക്കറ്റ് ആറ്..തവി വലുത് ആറ്..ചെറുത് നാല്..അച്ചാറിന്‍റെ തൂക്ക് നാല്..സ്പൂണ്
ഇത്തിരി അധികം വെച്ചോ..വെപ്പുകാരന്‍ അമ്മത്ക്കാ ഷീറ്റ് എടുത്ത് വായിക്കാന്‍
തുടങ്ങി..
“അബോ..എല്ലംകൂടി എത്ര ആള് ണ്ടാകും....?”
അഞ്ഞൂറ് കത്താ അടിപ്പിച്ചത്..ന്നാലും ഒരു എഴുനൂറു
കണക്കാക്കണം..
“ഉം......മോനെ വല്യ ചെമ്പ് ഒന്നൂടി അധികം വെച്ചോ..”
അമ്മത്ക്കാ വിളിച്ച് പറഞ്ഞു..
വാടകസ്റ്റോറിലെ പാന്‍പരാക് മുറുക്കിയ മെലിഞ്ഞ
രൂപം എല്ലാം വേറൊരു ഷീറ്റില്‍ എഴുതി..
ന്നാ..ബാക്കീം കൂടി എഴുതിക്കോ..
കസേര ഇരുമ്പിന്‍റെ 160 ,ടേബിള്‍ നാപ്പത്..ഒരാറെണ്ണം
അധികം വെച്ചോ..മൂന്ന് അമ്മിക്കും ബാക്കി ചായക്കാരനും..
ഫൈബറിന്‍റെ കസേര മുപ്പത്..പിഞ്ഞാണത്തിന്‍റെ
പ്ലേറ്റ് നൂറ്..ഗ്ലാസ് നൂറ്....അത്രേ ഉള്ളൂ..ബാക്കി പന്തലിന്‍റെ സാധനോം..
ഷീട്ട് മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോഴേക്കും
ആവേശത്തിന് ചാടി കയറിയവര്‍ കുറേപേര്‍ എതിലൂടെയോക്കെയോ തടി തപ്പി..
ബാക്കിയുള്ളവര്‍ സാധനങ്ങള്‍ എല്ലാം വണ്ടിയില്‍
കയറ്റി..ഓരോരുത്തരായി വണ്ടിയുടെ മുകളില്‍ ഓരോ കൊമ്പത്ത് ഇരുന്നു..വണ്ടി
പുറപ്പെട്ടു..ഒപ്പം ബേന്റ് മേളവും..ബിരിയാണി ചെമ്പും വെള്ളത്തിന്‍റെ ബേരലും തവിയും
എല്ലാം മേളത്തില്‍ പങ്കെടുത്തു..
ഡും ഡും ഡും..
ചങ്കട ചങ്കട ചം...
ചങ്കട ചങ്കട ചം.....!!
സാധനങ്ങളെല്ലാം വീടിന്‍റെ താഴെ പറമ്പില്‍ ഇറക്കി..ഇനി
അവിടുന്ന് ചുമന്നു കൊണ്ടുപോകണം..മുളകള്‍ ഓരോ കെട്ടാക്കി..മുന്നിലും പിന്നിലും ഈരണ്ടു
പേര്‍ ചെറിയ മുള തോളത്ത് വെച്ച് കയറില്‍ തൂക്കി നടന്നു..എന്‍റെ ഭാഗത്ത് നല്ല കനമുണ്ടായിരുന്നു..കാരണം
എന്‍റെ ഒപ്പമുള്ളവന് നീളം കൂടുതലായിരുന്നു..
...................................
“ഡാ..കുതിരേ..ആ കയര്‍ കുറച്ചൂടി വലിച്ച് കെട്ട്..ഹാ..കുറച്ചൂടെ......അതന്നെ..
ആ പായി മറ്റേ പയീന്‍റെ മുകളിലേക്ക് ആക്കി കെട്ട്........”
അഭിപ്രായം രാമേട്ടന്‍ ജോലി തുടങ്ങി..ആരോ പന്തലിന്‍റെ മുകളിലിരുന്നു ഉച്ചത്തില്‍
പറഞ്ഞു..ഈ നായര്ക്ക് ചായേല് വിമ്മു കലക്കി കൊടുക്കാന്‍ ഇവിട ആരുംല്ലേ..എന്തൊരു സൊയ്‌ര്യക്കേടാ..ഹൊ.............!!
പന്തല്‍ പണി തകൃതിയായി നടന്നു..ഉമ്മയും സഹായികളും
ചായയും ചുക്കുവെള്ളവും ചോറുമായി മാറി മാറി വന്നു..വൈകുന്നേരം ആകുമ്പോഴേക്കും
ഏകദേശം പന്തല്‍ റെഡിയായി..തകരക്കസേരയും മേശയും നിരന്നു..
........................
കുടുംബക്കാരും പരിചയക്കാരും വന്നു തുടങ്ങി..സ്റ്റോറൂമില്‍
സാധനങ്ങള്‍ കുമിഞ്ഞു തുടങ്ങി..ആകെ ബഹളമയം..അല്ലേലും ഒച്ചപാട് ഉണ്ടാകാന്‍
പെണ്ണുങ്ങള്‍ തന്നെ കൂടണം..അധികവും ജ്വല്ലറിയില്‍ ഏല്‍പ്പിച്ച സ്വര്‍ണ്ണത്തിന്‍റെയും
തയ്പ്പിക്കാന്‍ കൊടുത്ത ഡ്രസ്സിനെയും കുറിച്ചാണ്..ചിലര്‍ പെങ്ങളുടെ താടിയും കവിളും
നുള്ളി എന്തൊക്കെയോ പറഞ്ഞു..അവള്‍ നാണത്താല്‍ മുഖം താഴ്ത്തി..
..............................
എത്രണ്ണായി..എണ്ണി നോക്ക്..
ഞാന്‍ മൊത്തം എണ്ണി..ഇരുന്നൂറ്റി അമ്പത് ആയി..ഇനി അമ്പതെണ്ണം കൂടി മതി..
ഞാന്‍ മുന്നിലെ വാഴകൃഷി നോക്കി..എല്ലാ വാഴകളും
മൊട്ടയായി നില്‍ക്കുവാണ്..
മൊയ്തോ..കുറുപ് കണ്ടാല്‍ പ്രശ്നാകോ...?
ഹേയ്..കണ്ടാലും ഇനിപ്പോ അതുമ്മല്‍ പശ വെച്ച്
ഒട്ടിക്കാന്‍ പറ്റൂലാലോ..
ഹാ..അത് നേരാ..ബാക്കി വേറെ സ്ഥലത്ത് നിന്നും
വെട്ടാം..ബാ..പോകാം..
.............................
വെപ്പുകാരന്‍ അമ്മത്ക്കായും അനുയായികളും പറമ്പില്‍
അടുപ്പുകള്‍ കൂട്ടി..നേരത്തെ വാടക സ്റ്റോറില്‍ കണ്ട ചെക്കന്‍ പന്തലിനുള്ളിലെ തൂണുകളിലെല്ലാം
ട്യൂബ് കെട്ടി..അവസാനം വെപ്പുപുരയില്‍ ഒരു ട്യൂബ് അധികം കെട്ടണം എന്ന് പറഞ്ഞു
അമ്മത്ക്കായും ചെക്കനും തെറ്റി..ചെക്കന്‍ അവന്‍റെ പാട്ടിനു പോയി..രാത്രിയായി..എവിടെയും
വെളിച്ചം ഇല്ല..അവസാനം ആരോ പോയി കാലാടുന്ന വെള്ളം വാങ്ങിക്കൊടുക്കാം എന്ന്
പറഞ്ഞപ്പോഴാണ് ജനറേട്ടര്‍ ഓണ്‍ ആക്കിയത്..ടെസ്റ്ററുമായി വന്നു ഒരു സ്റ്റാര്‍ട്ടറിലും
ഉമ്മ വെച്ചപ്പോള്‍ എല്ലാ ട്യൂബും കത്തി..ചായക്കാരന്‍ മജീദ്‌ക്ക സമാബറും ചായപ്പാത്രങ്ങളും
ഒരു ഭാഗത്ത് ഉറപ്പിച്ചു..
അയല്‍പക്കത്തെ അമ്മികളും കുട്ടികളും കുറച്ച് സമയം കൊണ്ട് വെപ്പുപുരയുടെ ഒരു ഭാഗത്ത് നിരന്നു..അരവുകാര്‍ പെണ്ണുങ്ങള്‍ നിരന്നു നിന്ന് അര തുടങ്ങി..അമ്മത്ക്കാ കസേര അവര്‍ക്ക് നേരെ തിരിച്ചിട്ട് അച്ചാറിനുള്ള നാരങ്ങ വെട്ടാനിരുന്നു..തലേ ദിവസത്തേക്ക് പച്ചക്കറിയും ചോറും ആണ് നിശ്ചയിച്ചത്...
അയല്‍പക്കത്തെ അമ്മികളും കുട്ടികളും കുറച്ച് സമയം കൊണ്ട് വെപ്പുപുരയുടെ ഒരു ഭാഗത്ത് നിരന്നു..അരവുകാര്‍ പെണ്ണുങ്ങള്‍ നിരന്നു നിന്ന് അര തുടങ്ങി..അമ്മത്ക്കാ കസേര അവര്‍ക്ക് നേരെ തിരിച്ചിട്ട് അച്ചാറിനുള്ള നാരങ്ങ വെട്ടാനിരുന്നു..തലേ ദിവസത്തേക്ക് പച്ചക്കറിയും ചോറും ആണ് നിശ്ചയിച്ചത്...
....................
കല്യാണം ഞായറാഴ്ചയായത് കൊണ്ട് കുട്ടികളെല്ലാം
വെള്ളിഴായ്ച്ച തന്നെ സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍ ഹാജരായി..പറമ്പ് നിറയെ ഓട്ടവും
ചാട്ടവും..ഹൊ...ചിലര്‍ അട്ടിക്ക് വെച്ച ഫൈബര്‍ കസേരയുടെ ഒത്തമുകളില്‍ കയറിയിരുന്നു
എല്ലാം വീക്ഷിച്ചു..
പന്തലിന്‍റെ കവാടത്തില്‍ ഈന്തോല പട്ടകൊണ്ട്
വളച്ചു കെട്ടി അലങ്കരിച്ചു..ഒപ്പം രണ്ടു ഭാഗത്തേക്കും തളിരോല കൊണ്ട് മറയുണ്ടാക്കി..കസേരകള്‍
മുറ്റത്ത് നിരത്തി..
.......................
കുട്ടികള്‍ വീടിനു ചുറ്റും കള്ളനും പോലീസും
കളിക്കുകയാണ്..കുറേ നേരം കഴിഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്..ഒരു ഉണ്ടക്കണ്ണന്‍
കള്ളന്‍ സ്റ്റോറൂമില്‍ ഒളിച്ചു നില്‍ക്കുന്നു..അവന്‍റെ തലയ്ക്കു മുകളിലെ റോബസ്റ്റ്
കുലയില്‍ പകുതി അവന്‍റെ വയറ്റില്‍ കയറി കഴിഞ്ഞു..പടച്ചോനെ...നാളെ രാവിലെ ഉപ്പുമാവിന്‍റെ
കൂടെ എന്ത് കൊടുക്കും.. “ഇറങ്ങെടാ വെളിയില്‍..........” ഞാനവനെ എടുത്ത്
പുറത്തിട്ടു..ഇനിയങ്ങോട്ട് കയറാതിരിക്കാന്‍ കോലായില്‍ പണ്ടത്തെ പെട്രോള്‍ മാക്സ്
കല്യാണക്കഥ പറഞ്ഞു കൊണ്ടിരുന്ന രണ്ടു കാരണവന്മാരെ ഞാന്‍ അവിടേക്ക് സ്ഥലം മാറ്റി..ഞാനൊരു
റൌണ്ട് പൂര്‍ത്തിയാക്കി തിരിച്ചു വന്നപ്പോള്‍ കാരണവന്മാരുടെ രണ്ടു കയ്യിലും ഓരോ
പഴം..നിലത്ത് കുറച്ച് തോലും..ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പറഞ്ഞുപോയി....വാപ്പോ.....
.........................................
“മധുവര്‍ണ്ണ പൂവല്ലേ..മഴനിലാ പൂമോളല്ലേ..
മധുര പതിനേയില്‍..ലങ്കി മറിയുന്നോളെ......”
മണിയറയില്‍ നിന്നും ഒപ്പന പാട്ട് ഉച്ചത്തില്‍
കേട്ട് തുടങ്ങി..മൈലാഞ്ചിയിടലാണ്..ഞാന്‍ ഡോര്‍ മെല്ലെ തുറന്നു എത്തി നോക്കി..ഏതോ
ഒരു ‘അമ്മൂമ്മായി” ഡോര്‍ വലിച്ചടച്ചു..
...........................
നേരം പുലര്‍ന്നു..മാവിന്‍റെ ഇലയും ഉമിക്കരിയും
എടുത്ത് ഓരോരുത്തരായി മുറ്റത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു പല്ല് തേച്ചു..പന്തലില്‍
കുറെ പേര് ടേബിള്‍ നിലത്തിട്ട് അതിന്മേല്‍ കിടന്നുറങ്ങുന്നു..ചിലര്‍ കസേരയില്‍
ചുരുണ്ടുറങ്ങുന്നു..കോലായില്‍ കിടന്നിരുന്നവര്‍ ഇപ്പോഴും ബോധമില്ലാതെ
കിടക്കുകയാണ്.. “പടച്ചോനെ...ജെട്ടി കൂടി ഇട്ടില്ലായിരുന്നെങ്കില്‍..അയ്യേ......!!
മൊയ്തു സ്വന്തം വാഹനവുമായി രാവിലെ തന്നെ വീട്ടില്‍
ഹാജരായി..ഞാനൊരു ചാക്കുമായി പിന്നില്‍ കയറി..ഐസ് വാങ്ങാന്‍ പോകണം..സകല പെണ്ണുങ്ങക്കും
മുല്ലമാലയും വാങ്ങണം..മൊയ്തു വണ്ടി ആഞ്ഞു ചവിട്ടി..
മഴ പെയ്യോടാ....?
“ഇല്ലടോ....കല്യാണം കഴിഞ്ഞിട്ടേ പെയ്യൂ.....”
ടൌണില്‍ നിന്നും ഐസ് വാങ്ങി ചാക്കിലാക്കി മടിയില്‍
വെച്ചു..ഒരു കയ്യില്‍ മുല്ലപ്പൂവും......കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും കാലിന്‍റെ
തുടയും വിലപിടിപ്പുള്ള പലതും മരവിച്ചു പോയി..അങ്ങനെ ഒരു സാധനം അവിടെ ഇല്ലാത്തത്
പോലെ..
മൊയ്തോ..ചാമ്പി വിടെടാ..എന്‍റെ സാധനം പോയെടാ......!!!
ഹഹ..അത് പോയോ....? ഇനിപ്പോ രണ്ടു ദെവസത്തേക്ക്
മൂത്രം ഒഴിക്കാനാകൂല...
കരിനാക്ക് വളക്കല്ല ന്‍റെ മൊയ്തോ...
എങ്ങനെയോ വീട്ടിലെത്തി..ഐസ് താഴെ ഇറക്കി ഇറക്കില്‍
തപ്പി നോക്കി..സംഗതി അവിടെയുണ്ട്..ഒരു പാറക്കല്ല് പോലെ..
..................
അതിഥികള്‍ കൂട്ടം കൂട്ടമായി വന്നു തുടങ്ങി..നാളിന്നോളം
പൊന്നിന്‍ മണികളധികം അണിഞ്ഞു കണ്ടിട്ടില്ലാത്ത ന്‍റെ പുന്നാര പെങ്ങള്‍ തിളങ്ങുന്ന
വസ്ത്രങ്ങളണിഞ്ഞു മാലകളും വളകളുമണിഞ്ഞു
മുല്ലപ്പൂ ചൂടി മുന്നില്‍ നിന്നു..എന്തൊരു സുന്ദരിയാണെന്‍റെ മുത്ത്..മൈലാഞ്ചിയണിഞ്ഞ
കൈകളാലെ വരുന്നവരെ അവള്‍ സ്വീകരിച്ചു..കയ്യിലൊരു ബാഗും പിടിച്ച് കൂടെ ഉണ്ടായിരുന്ന
കൂട്ടുകാരിയോട് എനിക്ക് ദേഷ്യം തോന്നി..കാരണം പെങ്ങളെക്കാള്‍ നന്നായി അവളും
ഒരുങ്ങിയിരുന്നു..
സ്കൂളില്‍ എന്നുമെന്നെ ചൂരല്‍ കൊണ്ട്
അടിച്ചിരുന്ന ക്ലാസ് മാഷ് ആദ്യമായി അന്നെന്നെ സ്നേഹത്തോടെ അരികില്‍ ചേര്‍ത്ത്
നിര്‍ത്തി വിശേഷങ്ങള്‍ ചോദിച്ചു..ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്നെ
പരിചയപ്പെടുത്തി..കസേരകളിലെല്ലാം ആളുകള്‍ നിറഞ്ഞു..സഹായത്തിനു വന്നവര്‍ അങ്ങോട്ടും
ഇങ്ങോട്ടും ഓടി.വെപ്പുപുരയില്‍ നിന്നും ഇറച്ചിക്കറിയുടെയും നെയ്ച്ചോറിന്‍റെയും മണം
പൊങ്ങി തുടങ്ങി..ആദ്യ ട്രിപ്പിനു കാത്ത് നിന്നവര്‍ കസേരകളില്‍ ചാടി കയറി ഇരുന്നു...
വാപ്പയും ഇക്കയും ബന്ധുക്കളും പള്ളിയിലേക്ക്
നടന്നു..നിക്കാഹ് അവിടെ വെച്ചായിരുന്നു..ഞാന്‍ പന്തലില്‍ തന്നെ തലങ്ങും വിലങ്ങും
ഓടി..കുറച്ച് കഴിഞ്ഞപ്പോ ഭക്ഷണം വിളമ്പി തുടങ്ങി..എല്ലാം തകൃതിയായി
നടക്കുന്നതിനിടയിലാണ് ഞാനൊരാളെ കണ്ടത്..ഞാനും മൊയ്തുവും ഇല വെട്ടിയ സ്ഥലത്തിന്‍റെ
ഉടമയെ..അയാള്‍ എന്നെയും കണ്ടു..എന്നെ മാടി വിളിച്ചു..വേറെ ഒരു വഴിയും ഇല്ലാത്തത്
കൊണ്ട് ഞാന്‍ പേടിച്ച് പേടിച്ച് അയാളുടെ അടുത്തേക്ക് പോയി..അയാളെന്‍റെ കൈക്ക്
പിടിച്ച് അടുത്തേക്ക് നിര്‍ത്തിയിട്ട് ചെവിയില്‍ സ്വകാര്യം പറഞ്ഞു..
“സംഗതി ഞാന്‍ അറിഞ്ഞിക്കി..എന്തായാലും നല്ലൊരു കാര്യത്തിനല്ലേ..ഞാന്‍ ക്ഷമിച്ചു..ഇനി ആവര്‍ത്തിക്കരുത്..”
ഹാവൂ..സമാധാനമായി..ഞാന്‍ സപ്ലയറെ വിളിച്ചു
വരുത്തി രണ്ടു കഷണം ഇറച്ചി കൂടി അയാള്‍ക്ക് വിളമ്പിച്ചു....
............................
മതിലിന്‍റെ മുകളില്‍ നിറയെ ആള്‍ക്കൂട്ടം..പെണ്ണുങ്ങളും
ആണുങ്ങളും കുട്ടികളും എല്ലാം ഉണ്ട്..ഞാനും പോയി കൂട്ടത്തില്‍ നിന്ന് താഴോട്ട് നോക്കി..പുതിയാപ്പിളയും
കൂട്ടരും വരുകയാണ്..ഏറ്റവും മുന്നില്‍ കുറേ സുമുഖന്മാരുടെ ഇടയില്‍ തലയില്‍ വെള്ള ടവ്വലിട്ട്
വരുന്ന മണവാളനെ ഞാന്‍ കണ്ടു..കൂടി നില്‍ക്കുന്നവരുടെ വര്‍ത്തമാനങ്ങളില്‍ നാണം
കൊണ്ട് തല കുനിച്ച് ചിരിച്ചു കൊണ്ട് കോണി കയറി പുതിയാപ്പിള വീട്ടിലെത്തി..
ഞാന്‍ അധികം ഗൌനിച്ചില്ല..വന്നവര്‍ അറയില്‍
കയറി..അവരുടെ കയില്‍ ക്യാമാറയൊക്കെ ഉണ്ടായിരുന്നു..വര്‍ണ്ണക്കടലാസിലും പൂക്കളിലും
അലങ്കരിച്ച മണിയറയില്‍ നിന്ന് കൊണ്ട് മണവാട്ടിയെയും മണവാളനേയും നിര്‍ത്തി അവര്‍
ആഘോഷിച്ചു..മിട്ടായി വാരിയെറിയലും കൊട്ടും പാട്ടും....
എന്‍റെ ഉള്ളില്‍ എവിടെ നിന്നോ ഒരു ഉറവ പൊട്ടാന്‍
തുടങ്ങിയിരുന്നു..ഞാന്‍ വീണ്ടും പന്തലിലേക്ക് നടന്നു..പെട്ടെന്ന് ആകാശം കനത്തു..മഴ
കിനിഞ്ഞു പെയ്യാന്‍ തുടങ്ങി..നോക്കി നിന്ന പ്രായം ചെന്നവര്‍ പറഞ്ഞു.. മഴ ബറക്കത്താണ്..പെയ്തോട്ടെ.....നല്ല
ലക്ഷണമാണ്..
പക്ഷെ കുറച്ച് കഴിഞ്ഞപ്പോഴേക്കും മഴ തകര്‍ത്ത്
പെയ്യാന്‍ തുടങ്ങി..ടാര്‍പ്പായയും ഷീറ്റും എല്ലാം കാറ്റത്ത് ആടിയുലഞ്ഞു..കിണറിനടുത്തെ
പീറ്റത്തെങ്ങ് ആടിയുലഞ്ഞു നിലം പതിച്ചു..പന്തലിന്‍റെ ഓരോ ഭാഗത്ത് മഴ വെള്ളം തൂങ്ങി
നിന്നു..അപ്പോഴും ആരോ പറഞ്ഞു..എന്തൊരു ഹലാക്കിന്‍റെ മഴയാ...എടങ്ങാറാക്കാന്‍....
നിലവും വെപ്പുപുരയും എല്ലാം ചളി കുളമായി..വെപ്പുകാര്‍
ചെമ്പും വട്ടയും എടുത്ത് ഓടി..ചിലര്‍ തൂമ്പയെടുത്ത് മഴ വെള്ളം തിരിച്ചു വിട്ടു..വന്നവരെല്ലാം
നെഞ്ഞുരുകി പ്രാര്‍ഥിച്ചു..മഴ നിന്നില്ല..വാപ്പയുടെ മുഖത്ത് സകല വികാരവും
നഷ്ടപെട്ടൊരു വികാരം ഞാന്‍ കണ്ടു..ചിലര്‍ മഴ കൊള്ളാത്ത ഇടം നോക്കി പ്ലേറ്റെടുത്ത്
നിന്ന് തിന്നു..വെള്ളയുടുത്ത വല്യുപ്പമാര്‍ എല്ലാം ചളിയില്‍ കുളിച്ചു..ആര്‍ക്കും
അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നും പറയാനില്ല..അമ്മത്ക്കാ തലയില്‍ കയ്യും കൊടുത്ത് ഒരു
ഭാഗത്ത് ഇരുന്നു..പടച്ചോന്‍റെ വിധിയെ തടുക്കാനാവില്ലല്ലോ...
പുതിയാപ്പിളക്കും കൂട്ടര്‍ക്കും മുറ്റത്ത് വെച്ച്
ഭക്ഷണം കൊടുത്തു..മഴയൊന്നു ശമിച്ച നേരം നോക്കി അവരിറങ്ങി..കൂടെ വന്ന പെണ്ണുങ്ങള്‍
എന്‍റെ പെങ്ങളെ അറയില്‍ നിന്നും അണിയിച്ചൊരുക്കി..അപ്പോഴേക്കും പുതിയാപ്പിളയുടെ
ഭാഗത്തുള്ള പെണ്ണുങ്ങളും എത്തിയിരുന്നു..എല്ലാരും കൂടി പെങ്ങളെ ഇറക്കാനുള്ള
ഒരുക്കത്തിലാണ്..ആരോ ആരോടോ ചോദിക്കുന്നത് കേട്ടു....പുതുക്കം തുടങ്ങ്യോ...?
“ഇല്ല പുതുക്കം ഇറങ്ങാന്‍ നോക്കുവാ.....”
എന്‍റെ ഉള്ളിലെ സങ്കടം പെരുമഴയായ് കണ്ണുകളിലൂടെ
ഒഴുകി തുടങ്ങിയിരുന്നു..എന്തൊക്കെ കുസൃതികള്‍ കളിച്ചാലും പെങ്ങളില്ലാതെ ഒരു ദിവസം
ചിന്തിക്കാന്‍ പറ്റിയിരുന്നില്ല..ഇനിപ്പോ അവള്‍ വേറൊരു വീട്ടില്‍ വേറെ ആരൊക്കെയോ
ബന്ധങ്ങള്‍..എനിക്കിനി എന്തായാലും പെങ്ങളെ കൂട്ടിനു കിട്ടില്ല..ഉറപ്പാ...ഞാന്‍
വീടിന്‍റെ പിറകില്‍ നിന്ന് കരയാന്‍ തുടങ്ങി..ആരും കാണാതെ..
വാപ്പയുടെ മൂത്ത പെങ്ങള്‍ എന്നെയും തിരഞ്ഞു
വീടിനു ചുറ്റും നടന്നു..ഒടുക്കം എന്‍റെ മുന്നിലെത്തി..
അയ്യേ...പൊട്ടാ..ആണുങ്ങള് കരയോ..? പെങ്ങളെ
കല്യാണത്തിനു സന്തോഷിക്കല്ലേ വേണ്ടേ..
“മൂതുമ്മാക്ക് അറിയാഞ്ഞിട്ടാ..ഞാന്‍ സന്തോഷം
കൊണ്ടാ കരയണെ....”
കണ്ണും മുഖവും തുടച്ച് എനിക്ക് മാത്രമായി കാത്ത്
നില്‍ക്കുന്ന സദസ്സിനു മുന്നിലേക്ക് ഞാന്‍ ചെന്നു..ഉമ്മാന്‍റെ കണ്ണുകള്‍ നല്ലോണം
കലങ്ങിയിരുന്നു..വാപ്പാന്‍റെ കരച്ചിലിന് പണ്ടേ കണ്ണീരില്ലായിരുന്നല്ലോ..ഇക്കയും
ഒരു ഭാഗത്തുണ്ട്.
ഞാന്‍ അടുത്തേക്ക് ചെന്നു..എന്നെ കണ്ട മാത്രയില്‍
കെട്ടിപ്പുണരാനൊരുങ്ങിയ പെങ്ങളെ ഞാന്‍ പിടിച്ചു മാറ്റി..ഒരുപാട് കഷ്ടപ്പെട്ട്
ഉടുത്തൊരുങ്ങിയതല്ലേ..കെട്ടിപിടിച്ചാല്‍ അണിഞ്ഞൊരുങ്ങിയതെല്ലാം വെടക്കാകും..
ഞാന്‍ പോട്ടെ ഡാ......
ചലനമറ്റ നാവുമായി നിറ കണ്ണുകളോടെ ഞാന്‍ തലയാട്ടി..
ആരോ പറഞ്ഞു..അടുത്ത മഴ പെയ്യുന്നതിനു മുമ്പ്
ഇറങ്ങാം..
പെയ്തൊഴിയാത്ത കണ്ണുനീരിനിടയില്‍ അവര്‍
പടിയിറങ്ങി..പുതിയാപ്പിളയുടെ പെങ്ങള്‍ അവളേ സാന്ത്വനിപ്പിച്ചു കൊണ്ടേയിരുന്നു..അത്
വരെ കോലാഹലങ്ങള്‍ കൊണ്ട് നിറഞ്ഞ വിവാഹ വീട് ഒച്ചയും അനക്കവും ഇല്ലാതായി..
....................
ന്നാ പിന്ന ബാക്കിയുള്ളോരു പന്തലിലേക്ക് ഇരുന്നോ..ഒറ്റ
ട്രിപ്പിനു പരിപാടി തീര്‍ക്കാം..ആരോ വന്നു പറഞു..വീട്ടുകാരും ബാക്കി ഉള്ളവരും
എല്ലാം പന്തലില്‍ ഇരുന്നു..വെറുതെ നോവിക്കാന്‍ വന്ന മഴ എങ്ങോ പോയ് മറഞ്ഞു..ഞാന്‍
കല്ലുകള്‍ അടുക്കി വെച്ച മതിലിനു മുകളില്‍ എങ്ങോട്ടോ നോക്കി ഇരുന്നു..കോഴികള്‍
കോഴിക്കറിയാണെന്നറിയാതെ അവശിഷ്ടങ്ങളില്‍ നിന്നും അവ കൊത്തി തിന്നുന്നു..കുറച്ച്
കുരുന്നുകള്‍ എങ്ങു നിന്നോ ക്ഷണിക്കാതെ വന്ന നായകളെ ഉന്നം വെച്ച് കല്ലെറിയുന്നു..ജാനകിയമ്മ
പശുവിനുള്ള കഞ്ഞിവെള്ളം വെപ്പുപുരയില്‍ നിന്നും എടുത്ത് മതില്‍ കയറി പോകുന്നു..അയല്‍വാസികള്‍
ബാക്കിയുള്ള കറികളും ചോറും ചെറിയ പാത്രങ്ങളിലാക്കി ഓരോ വഴിക്ക് നീങ്ങുന്നു..എല്ലാം
ഊര്‍ജം നിലച്ച പങ്കയുടെ അവസാന കറക്കം പോലെ..പതിയെ രണ്ടു കൈകള്‍ എന്‍റെ കഴുത്തിലൂടെ
വന്നെന്നെ പിടിച്ചു..അതെന്‍റെ ഉമ്മയുടെ കൈകളായിരുന്നു..ഒരു കൈ കൊണ്ട് എന്‍റെ
കവിളില്‍ തലോടി കൊണ്ട് ഉമ്മ പറഞ്ഞു..
“വിഷമിക്കണ്ടാ ട്ടോ...അവളിനീം ഇവിട വരൂലോ..”
ഞാന്‍ മൂളി..
പന്തലില്‍ നിന്നും ബേന്റ് മേളം തുടങ്ങി..സാധങ്ങള്‍
തിരിച്ചു കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്..ഞാന്‍ അങ്ങോട്ട് ഓടി..ഇങ്ങോട്ട്
കൊണ്ടുവരാന്‍ ഉണ്ടായിരുന്നതില്‍ പകുതി ആളെ ഇപ്പോഴുള്ളൂ...എന്നാലും വേണ്ടീല..
ന്നാ പിടി..എലേസ.....മുളക്കെട്ടിന്‍റെ ഒരു തല
തോളില്‍ വെച്ച് ലോറി ലക്ഷ്യമാക്കി ഞാന്‍ നടന്നു...
(വര:സുനില്‍ പൂക്കോട്)
(വര:സുനില്‍ പൂക്കോട്)


.jpg)


