നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

കൈക്കൂലി


ലിയൊരു കാടിന് നടുവിലാണ് പോലീസ് സ്റ്റേഷന്‍..വാഹനങ്ങള്‍ സ്റ്റേഷന്‍റെ ചുറ്റിലും അക്ഞാതജഡങ്ങള്‍ പോലെ ചിതറിക്കിടക്കുന്നു..പുറത്ത് നിന്നും സ്റ്റേഷനിനുള്ളിലേക്ക് ഞാന്‍ എത്തി നോക്കി..മുറിയുടെ ഒരറ്റത്ത് ഒരുത്തന്‍ ജെഡിയുമിട്ട് നില്‍ക്കുന്നു..കണ്ടാലറിയാം ഒരു പാവം കുടുംബത്തിലെ കള്ളനാണെന്ന്..ജെഡിയില്‍ നിറയെ തുളകള്‍ വീണിരുന്നു..കണ്ടപ്പോള്‍ എനിക്ക് സങ്കടമായി..പക്ഷെ ഞാനൊരു ജെഡിയുമിട്ടാണ് നില്‍ക്കുന്നതെന്ന ബോധം അവന്‍റെ മുഖത്ത് പക്ഷെ ഞാന്‍ കണ്ടില്ല..

തൊട്ടിപ്പുറം വേറൊരുത്തനെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുകയാണ്..അവന്‍ കുറ്റം സമ്മതിക്കുന്നില്ല..ഞാന്‍ അല്‍പ്പം മാറി നിന്നു...പെട്ടെന്നാരോ എന്നെ ഇടിച്ചു തെറിപ്പിച്ച് ഓടി പോയി..ഞാന്‍ വീണിടത്ത് നിന്ന് റേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും എടുത്ത് എഴുന്നേല്‍ക്കുമ്പോഴേക്കും ആള്‍ ബസ്സ്‌ കയറിപ്പോയിരുന്നു....ഒപ്പിടാന്‍ വന്ന ലൈന്‍ ബസ്സിലെ കണ്ടക്റ്റര്‍ ആയിരുന്നു അത്..


നേരത്തെ പ്രതിയെ ചോദ്യം ചെയ്ത പോലീസുകാരന്‍ ഒരുത്തന്‍ എന്നെ ഉള്ളിലോട്ട് വിളിച്ചു..ഞാന്‍ പേടിച്ച് പേടിച്ച് പടികളോരോന്നും കയറി ഉള്ളിലോട്ട് ചെന്നു..

“എന്താടാ..നിനക്കിവിടെ പണി....” ഏമാന്‍ കണ്ണുരുട്ടി

ഞാന്‍ വന്ന കാര്യം ഒരു വിധം പറഞ്ഞൊപ്പിച്ചു..

“അപ്പുറത്തൊരു ഓഫീസുണ്ട്..അങ്ങോട്ട്‌ ചെല്ല്..കാര്യം കഴിഞ്ഞാല്‍ നേരെ വീട്ടില്‍ പൊക്കോണം കേട്ടോടാ..!!”

ഞാന്‍ തലയാട്ടി....

നേരത്തെ ഇടി കൊണ്ടവന്‍ കണ്ണീരിനിടയിലൂടെ എന്നെ നോക്കിയൊന്നു ചിരിച്ചു..

ഞാന്‍ കാരണം ഒരല്‍പം വിശ്രമം കിട്ടിയതിലുള്ള നന്ദിയായിരിക്കാം..ഞാനും ചിരിച്ചു..തിരിഞ്ഞു നടന്നു തുടങ്ങിയപ്പോള്‍ തന്നെ പിന്നില്‍ ഇടിയുടെ ശബ്ദം കേട്ടു..ഒപ്പം ചോദ്യവും... “നീ കട്ടിട്ടില്ല....അല്ലേടാ...?”


ചെറിയൊരു ഓഫീസ്..പുറത്ത് നാലോ അഞ്ചോ പേര്‍ വരിവരിയായി നില്‍ക്കുന്നു..ഏറ്റവും പിന്നില്‍ ഞാന്‍ നിന്നു.ഓഫീസ് മുറ്റത്ത് നിറയെ പുഷ്പങ്ങള്‍..നോക്കി നില്‍ക്കാന്‍ നല്ല രസം..

മുന്നിലുള്ളവര്‍ ഓരോരുത്തരായി ഉള്ളില്‍ കയറിയിറങ്ങി..ഇനി ഞാനും മുന്നില്‍ ഒരുത്തനും മാത്രം.. ബെല്‍റ്റിട്ട് മുറുക്കിയ പേന്റിന്‍റെ പോക്കറ്റില്‍ നിന്നും അവന്‍ പേഴ്സെടുത്തു..ആഞ്ഞു വെച്ച രൂപകള്‍ക്കിടയില്‍ നിന്നും നൂറു രൂപ വലിച്ച് കയ്യില്‍ ചുരുട്ടി പിടിച്ചു  എന്നെ നോക്കി അവന്‍ കണ്ണിറുക്കി..

കാര്യം എനിക്ക് പിടികിട്ടിയില്ല..ഞാന്‍ ചോദിച്ചു.. ഇതെന്തിനാ പൈസ...?

“കാര്യങ്ങള്‍ പെട്ടെന്ന് നീങ്ങണേല്‍ ഇത് പോലെ എന്തേലും കൊടുക്കണം..അല്ലേല്‍ ചൊറയാണെന്നേ...”

കൈക്കൂലിയോ..അത് കൊടുക്കുന്നത് തെറ്റല്ലേ....? ഞാന്‍ ചോദിച്ചു..

അവനെന്‍റെ മുഖത്ത് നോക്കി പുച്ഛത്തോടെ ചിരിച്ചു..എന്തോ പറയാന്‍ തുടങ്ങുമ്പോഴേക്കും ഉള്ളില്‍ നിന്നും വിളി വന്നു.. നെക്സ്റ്റ്...

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആകെ ഉണ്ടായിരുന്ന പത്ത് ഉറുപ്പ്യയില്‍ മൂന്നുറുപ്യക്ക് വരുന്ന വഴിക്ക് നെയ്യപ്പോം ചായേം കുടിച്ച്...പിന്നെയുള്ളത് ഗള്‍ഫിലെ ഉപ്പാപ്പ തന്ന അമ്പത് ഉറുപ്യയാ..ഞാന്‍ കീറിയ പേഴ്സ് എടുത്ത് ആരും കാണാതെ മറച്ചുപിടിച്ചു..വര്‍ഷങ്ങളായി കണ്ണാടി കൂട്ടില്‍ പൊന്നുപോലെ സൂക്ഷിച്ചു വെച്ച അമ്പത് രൂപ നോട്ടെടുത്ത് മനസ്സില്ലാമനസ്സോടെ കയ്യില്‍ ചുരുട്ടി പിടിച്ചു..ആകെ ഒരു വിറയല്‍.ആദ്യമായിട്ടാണ് ഞാന്‍ കൈക്കൂലി കൊടുക്കുന്നത്..കയ്യിലെ അമ്പത് രൂപ ചുരുട്ടി ചുരുട്ടി ദിനേശ് ബീഡിയുടെ വലിപ്പമാക്കി..

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഉള്ളില്‍ കയറിയവന്‍ നേരത്തെ ചിരിച്ചതിന്‍റെ ബാക്കി കൂടി ചിരിച്ച് പുറത്തേക്കിറങ്ങിപ്പോയി..


രു മേശ,മേശയുടെ അപ്പുറത്ത് ചക്ര കസേരയില്‍ കരിംഭൂതം പോലൊരു ഏമാന്‍.തല തിരിക്കണമെങ്കില്‍ ശരീരം മുഴുവന്‍ തിരിയണം...മുഖം കണ്ടാലറിയാം. ഒരുപാട് നാളായിക്കാണും ഒരു ചിരി ആ മുഖത്ത് വന്നിട്ട്..മേശപ്പുറത്ത് ഒരു തടിച്ച പുസ്തകം.സൂക്ഷിച്ച് നോക്കിയപ്പോള്‍ മനസ്സിലായി അത് നിയമപുസ്തകമായിരുന്നു...അതിന്‍റെ പുറം ചട്ടയില്‍ നിറയെ ചായ കപ്പിന്‍റെ വലയങ്ങള്‍..


ഞാനാകെ വിയര്‍ത്തിരുന്നു.ഏമാന്‍ എന്തൊക്കെയോ ചോദിച്ചു..ഞാനതിനൊക്കെ മറുപടി പറഞ്ഞു..വിവരങ്ങള്‍ പുസ്തകത്തില്‍ എഴുതുന്നതിനിടയില്‍ ഏമാന്‍ ഒരു കൈ കൊണ്ട് കട്ടിയുള്ള പുസ്തകം നീക്കി... അപ്പോഴാണ്‌ ഞാനത് കാണുന്നത്.എനിക്ക് മുന്നേ വന്നവര്‍ നിക്ഷേപിച്ച നോട്ടുകള്‍..ഒരു ചെറിയ പെട്ടി നിറയെ ഉണ്ട്..ഞാന്‍ ഭിത്തിയിലേക്ക് നോക്കി..ഗാന്ധിയുടെ മുഖം എട്ടുകാലി വല കെട്ടി മറച്ചിരിക്കുന്നു..അല്ലെങ്കിലും എല്ലാം കണ്ടു മടുത്ത ആ കണ്ണുകള്‍ക്ക് ഇതിലെന്ത് അതിശയം തോന്നാന്‍..ഞാന്‍ കണ്ണടച്ചു പിടിച്ചു..കൈ ഉയര്‍ത്തി ബോക്സിലേക്ക് പൈസ ഇട്ടു..കയ്യില്‍ നിന്നും പണം താഴോട്ട് വീണപ്പോള്‍ മനസ്സിനൊരാശ്വാസം..കണ്ണ് തുറന്നു നോക്കുമ്പോള്‍ ഏമാന്‍ മരത്തിന്‍റെ സ്കെയില്‍ കൊണ്ട് പുറത്ത് വീണ അമ്പത് രൂപ  തോണ്ടി ബോക്സിലെക്കിട്ടു എന്നെ പുച്ഛത്തോടെ നോക്കി നില്‍ക്കുന്നു...

“പൊക്കോ...സമയാകുമ്പോ കിട്ടിക്കോളും....”


ഞാന്‍ ഓഫീസിന്‍റെ പടിയിറങ്ങി..മനസ്സിന് വല്ലാത്ത ഭാരം..കുറെ കാലമായി സൂക്ഷിച്ചു വെച്ച അമ്പത് രൂപ കൈവിട്ട് പോയത് കൊണ്ട് മാത്രമല്ല..എന്തോ ഒരു....!!

വീണ്ടും സ്റ്റേഷന് മുന്നിലെ വാതില്‍ക്കല്‍ ഞാന്‍ എത്തിനോക്കി..നേരത്തെ ഇടി കിട്ടിയവന്‍ ഒരു ഭാഗത്ത് ചാരി കുനിഞ്ഞിരിക്കുന്നു...എന്നെ കണ്ടെങ്കിലും ഒന്ന് ചിരിക്കാനവന്‍റെ കണ്ണുകള്‍ അവനെ അനുവദിക്കുന്നില്ല..ജെട്ടിയില്‍ നിന്നവനെ കുറെ പേര്‍ ചേര്‍ന്ന് ജാമ്യത്തില്‍ ഇറക്കാനുള്ള പരിപാടിയിലാണ്..കൈക്കൂലിക്കെതിരെ ഒരു പരാതി എഴുതി കൊടുത്താലോ എന്നോര്‍ത്ത് ഞാന്‍ നിലത്തേക്ക് നോക്കിയപ്പോള്‍ നിഴല്‍ എന്നെ നോക്കി ചിരിക്കുന്നു..

പോലീസിനോടുള്ള വെറുപ്പ് ഞാന്‍ വഴിയരികിലെ അപ്പ ചെടിയോടും നിലത്തെ ചരലുകളോടും തീര്‍ത്തു..ആരെയും ശ്രദ്ധിക്കാതെ ഞാന്‍ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു..

സ്റ്റേഷന്‍ കവാടം കടന്നു റോഡിലെത്തിയപ്പോള്‍ ഒരു പോലീസ് ബൈക്ക് എന്‍റെ മുന്നില്‍ വന്നു നിന്നു....എങ്ങോട്ടാണെന്ന് ചോദിച്ചു..ഞാന്‍ സ്ഥലം പറഞ്ഞു..ആ വഴിക്കാണ് പോകുന്നത്..കയറിക്കോളാന്‍ പറഞ്ഞു..ഞാന്‍ താല്‍പര്യമില്ലാതെ ബൈക്കിനു പിന്നിലിരുന്നു..അല്‍പ്പം വലിഞ്ഞിരുന്നു..

ഞാനും മനുഷ്യനാടോ..അടുത്തിരിക്ക്..ഇല്ലേല്‍ തെറിച്ച് പോകും..

പിന്നെയും എന്തൊക്കെയോ വിശേഷങ്ങള്‍ അയാള്‍ ചോദിച്ചു കൊണ്ടേയിരുന്നു...ഞാന്‍ മറുപടി ഒന്നും പറയാതെ അദ്ധേഹത്തിന്‍റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...പതിയെ എന്‍റെ മനസ്സ് മന്ത്രിച്ചു..പോലീസിലും സ്നേഹവും മനുഷ്വത്തവും ഉള്ളവരുണ്ട്..ഞാനെന്‍റെ കൈ പതിയെ അദ്ധേഹത്തിന്‍റെ തോളത്തേക്ക് വെച്ചു ചാരിയിരുന്നു..


“ഞാന്‍ പറഞ്ഞത് നീ കേട്ടില്ലേ...വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു....?”


ഞാന്‍ പിന്നിലേക്ക് ഓടി മറയുന്ന കെട്ടിടങ്ങള്‍ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു..വാപ്പ ഉമ്മ...ഇത്ത...അങ്ങനെ അങ്ങനെ............

No comments:

Post a Comment