നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ചൂണ്ട

എല്ലാവരും ഉറങ്ങുന്നത് വരെ ഞാന്‍ നിലത്തെ പായയില്‍ ചുവരും ചാരിയിരുന്നു..വാപ്പയും ഉമ്മയും കൂര്‍ക്കം വലിക്കാറില്ല..ഉറങ്ങിയെന്നു എങ്ങിനെ മനസ്സിലാകും..? ഒന്ന് കൂര്‍ക്കം വലിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ച് പോയി..അര മണിക്കൂര്‍ കൂടി കാത്തിരുന്നു ഞാന്‍ പായയില്‍ നിന്നെഴുന്നേറ്റു..എന്നും ചുരുട്ടി വെക്കുന്നത് കൊണ്ടാകും ഞാന്‍ എഴുന്നേറ്റ ഉടനെ പായ ചുരുണ്ട് തലയിണയുടെ ഭാഗത്ത് ചെന്നു നിന്നു..


വാപ്പ കിടക്കുന്ന കട്ടിലിനു തൊട്ടിപ്പുറത്തെ പലക തട്ടില്‍ നിന്നും തലവണ്ണന്‍ ടോര്‍ച്ചെടുത്ത് ശബ്ധമുണ്ടാക്കാതെ മുറ്റത്തിറങ്ങി..തവളകളും ചീവീടുകളും ഈണത്തില്‍ ശബ്ദമുണ്ടാക്കുന്നു..അല്‍പ്പം പേടിയുണ്ട്..ഒരു കയ്യില്‍ ടോര്‍ച്ച് മുറുക്കെ പിടിച്ചു..ഇടവഴി കഴിഞ്ഞാല്‍ വയല്‍ വരമ്പിലൂടെ കുറച്ച് ദൂരം നടക്കണം..നടന്നു കൊണ്ടിരിക്കെ വരമ്പത്തിരുന്ന ഒരു പേക്കന്‍ തവള വെള്ളത്തിലേക്ക് ഒരൊറ്റ ചാട്ടം..ഞാന്‍ പേടിച്ചു പോയി..


കഴിഞ്ഞ മഴയില്‍ റോഡെല്ലാം തകര്‍ന്നിരിക്കുന്നു.. വയലിന്‍ നടുവിലുള്ള കമാനത്തില്‍ കയറി നിന്ന് ഞാന്‍ ദൂരേക്ക് നോക്കി..ഒരു ചെറിയ വെളിച്ചം അടുത്തടുത്ത് വരുന്നുണ്ട്..എന്നെ പോലെ തന്നെ ശബ്ധമുണ്ടാക്കാതെ..ആള്‍ അടുത്തെത്തി..ഞാന്‍ മുഖത്തേക്ക് ടോര്‍ച്ചടിച്ചു നോക്കി.മൊയ്തു തന്നെയാണ്..അവനെന്നെ നോക്കി ചിരിച്ചു..ഞാനും..

ശബ്ധമുണ്ടാക്കാതെ അവനെന്നോട് ചോദിച്ചു.. ആരേലും കണ്ടിക്കോ വരുന്നത്..?”

ഞാന്‍ പറഞ്ഞു ഇല്ല..വീണ്ടും ചിരി..


റോഡില്‍ നിന്നും വീണ്ടും വയലിന്‍ വരമ്പിലൂടെ നടന്നു..കുളത്തിന്‍ വക്കത്ത് ചെറിയൊരു മാവുണ്ട്..അതിന്മേലെ കയറി ഉയരത്ത് കെട്ടി തൂക്കിയിട്ട കവറെടുത്ത് ഞാന്‍ താഴെ ഇറങ്ങി..കവര്‍ തുറന്നു ടോര്‍ച്ചടിച്ചു നോക്കി..

കവറിനുള്ളിലെ ചിരട്ടയിലെ മണ്ണിന്‍ പുറത്ത് ഒരെണ്ണം പോലും കാണുന്നില്ല..

മൊയ്തു....!! ഇരയൊക്കെ പോയെടാ..ഞാന്‍ സങ്കടപ്പെട്ടു..

എന്നോട് കവര്‍ പിടിച്ചുവാങ്ങിയിട്ട് മൊയ്തു ചൂണ്ടു വിരല്‍ ചിരട്ടയില്‍ ഇട്ടൊന്നു ഇളക്കി..

പോയിറ്റൊന്നും ഇല്ല.ഒക്ക അടീല് ഉണ്ട്..ഒറങ്ങാ..മൊയ്തു പറഞ്ഞു.

വാഴത്തോട്ടത്തിലെ അങ്ങേയറ്റത്തെ നീളന്‍ വാഴയുടെ മറവില്‍ ഒളിപ്പിച്ചു വെച്ച ചൂണ്ടല്‍ പറ എടുത്തു..ഒരു ചെറുതും വലുതും..ചെറുത് എന്റെതാണ്..

എല്ലാം കാലത്തേ തയ്യാറാക്കി വെച്ചിരുന്നു..


വീണ്ടും നടന്നു..വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പുഴയെന്നു ഞങ്ങള്‍ വിളിക്കുന്ന തോടിനടുത്തേക്ക്..നിറയെ മരങ്ങളുണ്ട്..ഇപ്പോള്‍ നിലാവെട്ടം ഇത്തിരി പോലും ഇല്ല..ഉദ്ഘാടനം കഴിഞ്ഞു തൊട്ടടുത്ത മഴയ്ക്ക് തന്നെ തകര്‍ന്നു വീണ കരിങ്കല്‍ കെട്ടില്‍ ഞങ്ങളിരുന്നു..

ശബ്ധമുണ്ടാക്കാതെ മൊയ്തു എന്നോട് ചോദിച്ചു..അനക്ക് ഒറപ്പാണോ...? ഇവിടന്ന്‍ തന്നാണോ മൂപ്പര്‍ക്ക് മീന്ന കിട്ട്യേ..?

പിന്നല്ലാണ്ട്..ഞാന്‍ ചോദിച്ചപ്പോ പറഞ്ഞതല്ലേ..ഇവിടന്നു തന്നാ...


സത്യം തന്നല്ലേ പറഞ്ഞതെന്നറിയാന്‍ മൊയ്തു കുറച്ച് നേരം എന്‍റെ മുഖത്ത് തന്നെ നോക്കി..ശേഷം കവറിലെ മണ്ണിനുള്ളില്‍ നിന്നും മണ്ണിരയെ വിളിച്ചുണര്‍ത്തി കൊളുത്തില്‍ കോര്‍ത്തു..ടോര്‍ച്ചിന്‍റെ തല കൈ കൊണ്ട് അടച്ചുപിടിച്ചു ചെറു വിടവിലൂടെ ഇര കോര്‍ക്കാന്‍ വെളിച്ചം പകര്‍ന്നു കൊടുത്തു...അല്ലെങ്കില്‍ വെളിച്ചം കണ്ട് ആരെങ്കിലും വന്നാലോ...?മുമ്പ് മണ്ണിരയുടെ തലയും വാലും ചൊല്ലി ഞാനും അവനും രണ്ടു ദിവസം പിണങ്ങിയിരുന്നു..അത് കൊണ്ട് ഞാനൊന്നും അഭിപ്രായം പറയാന്‍ നിന്നില്ല..
Description: https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2RhGA7ovB_44aeMe85z84xY-OhIQezZMtjtwL72PQ9aQa-zzCmccpDJFMBqjLQC8rfv6iK81gEwlDLiRqp-qHosMvtHkc6eJapV3bJPjgKvXz7hdhoYL8gtSaElmfr8Qj8qAaHQBMjxU/s1600/meen+1.jpg


രണ്ടു കൊളുത്തിലും അവന്‍ തന്നെ ഇര കോര്‍ത്തു..കൊളുത്തിന് തൊട്ടിപ്പുറം ചെറിയൊരു കല്ലെടുത്ത് കെട്ടി..പുഴയിലേക്ക് നീട്ടിയെറിഞ്ഞു..

ഞാന്‍ അവന്‍റെല്‍ നിന്നൊഴിഞ്ഞാല്‍ എന്റെല്‍ എന്ന ധാരണ വെച്ച് കുറച്ചിപ്പുറം ഇരുന്നു ചൂണ്ട നീട്ടി എറിഞ്ഞു..



പിന്നെ ഒരു പതിനഞ്ച് മിനിറ്റ് മൌന പ്രതിക്ഞയായിരുന്നു..എനിക്ക് എന്തൊക്കെയോ സംശയമുണ്ട്..പക്ഷെ മിണ്ടരുത് എന്നാണ് കല്‍പ്പന..പിന്നേം കുറച്ച് കഴിഞ്ഞു...ഞാന്‍ മൊയ്തൂന്‍റെ അടുത്തേക്കിരുന്നു..ചെവിയില്‍ മെല്ലെ പറഞ്ഞു..

എടുത്ത് നോക്ക് ..ചെലപ്പോ കുടുങ്ങീട്ട്ണ്ടാകും..മൊയ്തു എന്നെ രൂക്ഷമായി ഒന്ന് നോക്കി..നല്ല ഇരുടായിരുന്നിട്ടും ഞാനത് കണ്ടു..



വീണ്ടും ചൂണ്ടലുമായി പറമ്പില്‍ രണ്ടിനിരിക്കുന്നത് പോലെ ഞാന്‍ ഇരുന്നു..പിന്നെ ചന്തി തൊട്ടിരുന്നു..പിന്നെ കാലു നീട്ടി ഇരുന്നു..പിന്നെ തലക്ക് കയ്യും കൊടുത്ത് ചെരിഞ്ഞു കിടന്നു..ഇടയ്ക്കിടെ ഒഴുക്കില്‍ ഒലിച്ച് വരുന്ന ഇലകള്‍ ചൂണ്ടയില്‍ തട്ടുമ്പോള്‍ ഞാന്‍ വലിച്ച് നോക്കും..ഒന്നുമില്ല..വീണ്ടും നീട്ടി ഏറിയും..



സമയം അങ്ങനെ കുറെ നേരമായി..വീട്ടുകാര് ഉണരും മുമ്പേ വീടെത്തണം..

മോയ്തോ...നേരം ഇപ്പം വെളുക്കും.. എന്താക്കും...?”

മൊയ്തു കൈ ഉയര്‍ത്തി സൈലന്റ് എന്ന് പറഞ്ഞു..



വീണ്ടും ഇരുത്തം..എന്‍റെ ഇര ഏതോ പരലുകള്‍ കോലൈസ് തിന്നുന്നത് പോലെ തിന്നു തീര്‍ത്തു..ഞാന്‍ ചൂണ്ടല്‍ പറ മടക്കി തെങ്ങിനോട് ചാരിയിരുന്നു..

പെട്ടെന്ന് മൊയ്തു ഇരുന്നിടത്ത് നിന്നും ചൂണ്ടല്‍ ഇളക്കാതെ എഴുന്നേറ്റു..തിരിഞ്ഞു നോക്കി..പിന്നില്‍ വല്ല മരങ്ങളും ഉണ്ടോ....? ചൂണ്ടല്‍ കയര്‍ മുന്നോട്ട് മുന്നോട്ട് പോകുന്നതിനനുസരിച്ച് മൊയ്തുവും നടന്നു..ഞാന്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..

പെട്ടെന്ന് ചൂണ്ടല്‍ ഒരൊറ്റ വലി...

പ്ധോം.....!!!

എന്തോ ഒന്ന് കരയിലേക്ക് ശക്തിയില്‍ പതിച്ചു..ഞാന്‍ ടോര്‍ച്ചടിച്ച് ചാടിവീണു...കയറിനറ്റത്ത് വലിയൊരു മീന്‍..പുല്ലില്‍ കിടന്നു പിടയ്ക്കുന്നു..


പിടിക്കെടാ...പിടി....!!എന്‍റെ ശബ്ദം കുറച്ച് കൂടിപ്പോയോ...?

മൊയ്തു ചോദിച്ചു.. ഇത്രേം വലിപ്പണ്ടായ്നോ മൂപ്പര് പിടിച്ചെ...?”

ഹേയ്..ഇതിലും ചെറുതാ..ഞാന്‍ പറഞ്ഞു..

മീനിനെയെടുത്ത് കീശയിലെ സഞ്ചിയിലാക്കി ബാക്കിയുള്ള ഇരകള്‍ പുഴയിലേക്ക് എറിഞ്ഞു ഞാന്‍ നടന്നു..പിന്നില്‍ മൊയ്തുവും..

വീടെത്താറായപ്പോള്‍ ഞാന്‍ ചോദിച്ചു..മീനിന എന്ത് ചെയ്യും...?

അതിനെ പറ്റി മൊയ്തുവും ചിന്തിച്ചില്ലായിരുന്നു..

തല്‍ക്കാലം ഇഞ്ഞി ചട്ടിയിലിട്ട് ഇച്ചിരി കല്ലുപ്പും ഇട്ടു വെക്ക്..നേരം വെളുത്തിറ്റ് എന്തേം ചെയ്യാം..


രണ്ടായി പിരിയുന്ന ഇടവഴിയുടെ രണ്ടു വഴികളിലൂടെ ഞാനും അവനും പിരിഞ്ഞു..വീട്ടുമുറ്റത്തെത്തി..നേരെ വിറകുപുരയോട് ചേര്‍ന്ന കുഞ്ഞടുക്കളയിലെ ചട്ടിയില്‍ മീനിനെ ഇട്ടു ഉപ്പും ഇട്ടു മൂടി വെച്ചു..ശബ്ദം ഉണ്ടാക്കാതെ കൈകാല്‍ കഴുകി ടോര്‍ച്ച് പലക തട്ടില്‍ വെച്ച് മുറിയില്‍ വന്നു കിടന്നു..



ആരും ഒന്നും അറിഞ്ഞില്ല.ഹാവൂ....!!!

പിറ്റേ ദിവസം അയല്‍വാസികളുടെ കൂട്ട സംസാരം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്..ചട്ടിയില്‍ മീന്‍ എങ്ങിനെയെത്തി എന്നതാണ് വിഷയം.ആര്‍ക്കും ഒരു തരത്തിലും തെളിയിക്കാന്‍ പറ്റുന്നില്ല..ഇനി കള്ളന്മാര്‍ വെച്ച് മറന്നതാണോ...?

അടുക്കളയിലെ ജാലക കണ്ണിലൂടെ ഞാന്‍ മീത്തലെ പറമ്പിലേക്ക് നോക്കി..മൊയ്തു അവിടെ കിണറിന്‍ മതിലും ചാരി താഴോട്ട് എന്നെ നോക്കി നില്‍ക്കുകയാണ്..ഞാന്‍ കൈ കൊണ്ട് ആന്ഗ്യം കാട്ടി..അവനൊന്നു ചിരിച്ചു..
ഞാന്‍ മെല്ലെ അയല്‍ക്കൂട്ടത്തിനു മുന്നില്‍ വന്നു നിന്നു.സംഭവത്തിന്‍റെ കെട്ടഴിച്ചു..വീട്ടില്‍ നിന്നിറങ്ങി വീട്ടില്‍ കയറിയ വരെയുള്ള കഥ കേട്ട് എല്ലാവരും വാ തുറന്നു നിന്നുപോയി..ഞാന്‍ അധികം നിന്നില്ല..തലകുനിച്ച് തിരിഞ്ഞു നടന്നു.......!!


കൊച്ചു കൊച്ചു സങ്കടങ്ങള്‍


വാനിയമ്മേടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് കാദര്‍ക്ക ഞെട്ടിയുണര്‍ന്നത്..സ്വപ്നത്തിലെങ്ങാനുമാണോ എന്നൊരു സംശയം..രണ്ടാമതൊരു വിളി കൂടി വന്നപ്പോള്‍ കാര്യം അടുത്ത വീട്ടിലെ ഭവാനി തന്നെയെന്നു മനസ്സിലായി..

വാതില്‍ തുറന്നപ്പോള്‍ നേരെ മുന്നിലുണ്ട് ഭവാനി...അര വരെ ഉടുത്ത് നിര്‍ത്തിയ സാരിയും ബ്ലൌസും,കൂടെ ചെറുക്കനും ഉണ്ട്..ചെറുക്കന്‍ ശരീരം മുഴുവന്‍ സോപ്പ് തേച്ചുള്ള നില്‍പ്പാണ്..കുളിക്കുമ്പോള്‍ വന്നതാണെന്ന് സാരം..


കാദര്‍ഭായ്..ഇങ്ങളൊരു ഉപകാരം ചെയ്യണംഭവാനി ദയനീയ സ്വരത്തില്‍ തുടങ്ങി.

അപ്പോഴേക്കും മറിയത്താ വാതിലിനു പുറകില്‍ എത്തിയിട്ടുണ്ടായിരുന്നു...

ഒരു പൂച്ച കെണറ്റില് വീണു,അതിനെയൊന്നെടുക്കണം

മറിയത്ത കതകിനു മറവില്‍ നിന്നും ആംഗ്യഭാഷയില്‍ എന്തൊക്കെയോ കാണിക്കുന്നുണ്ട്..
പോയാല്‍ കിണറ്റില് ഇറങ്ങേണ്ടി വരും..എന്തേലും അത്ത്യാപത്ത് പറ്റ്യാലോ..? ആകെ ബേജാറാണ് ഇത്താക്ക്..

ഇങ്ങള് പണ്ടേത്തെ പട്ടാളല്ലേ....? ഇങ്ങക്ക് ഇതൊക്ക വല്ല്യ കാര്യാണോ..ഭവാനി സാരി ഒന്ന് കൂടി കയറ്റി കുത്തി..

വേറെ എന്തും സഹിക്കും..പട്ടാളത്തെ പറ്റി പറഞ്ഞാല്‍ ഇക്കാന്‍റെ സിരകളിലൂടെ രക്തം കുതിച്ചൊഴുകും..അതുമല്ല അയല്‍വാസിക്ക് ഒരു മാരണം സംഭവിക്കുമ്പോ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ.. 
-------------

ഒരു കയ്യില്‍ ബൈനോക്കുലറും മറു കയ്യില്‍ കയറുമായി കാദര്‍ക്ക ഒരുങ്ങിയിറങ്ങി..അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് കോന്‍സ്റ്റബിള്‍ എന്ന പോലെ കിണറിന്‍റെ അടുത്തെത്തുമ്പോഴേക്കും ഭവാനി സംഭവം വിശദീകരിക്കുന്നുണ്ടായിരുന്നു..

പാല്‍ക്കാരിയാണ് പൂച്ചയെ കിണറ്റില്‍ കണ്ടത്..വെള്ളത്തിനു തൊട്ട് മുകളിലെ പടവിലാണ് പൂച്ചയുടെ നില്‍പ്പ്..ആ പറമ്പില്‍ ആകെ രണ്ടു കിണറുകളെ ഉള്ളൂ..ഒന്ന് കാദര്‍ക്കാന്‍റെം പിന്നൊന്ന് ഇതും..വെള്ളത്തില്‍ വീഴാതെ എങ്ങനേലും പൂച്ചയെ എടുക്കണം

കിണറിനു ചുറ്റും പെണ്ണുങ്ങളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞിട്ടുണ്ട്..കാദര്‍ക്ക കടന്നു വന്നപ്പോള്‍ കുട്ടികളെല്ലാം ആര്‍പ്പുവിളി തുടങ്ങി..പെട്ടെന്ന് താനൊരു സൂപ്പര്‍ താരമായത് പോലെ....?
ബൈനോക്കുലറിലൂടെ കിണറ്റിലേക്ക് നോക്കി.. പരിചയമുള്ള പൂച്ചയാണ്..കഴിഞ്ഞ ആഴ്ചത്തേ ഉണക്ക സ്രാവ് തിന്നതടക്കം ഒട്ടേറെ മോഷണ കേസ്സുകളില്‍ പ്രതിയാണ്. പൂച്ച വെള്ളത്തിന്‍റെ തൊട്ട് മുകളിലെ പടവിലൂടെ നടക്കുകയാണ്..കാദര്‍ക്കാ നോക്കി നില്‍ക്കെ ഒരു അഞ്ച് പത്ത് സര്‍ക്കിള്‍ പൂച്ച പൂര്‍ത്തിയാക്കി കഴിഞ്ഞു..പടവുകള്‍ ബോല്‍ട്ടിനു പിരി ഇടുംപോലെ ഉണ്ടാക്കിയിരുന്നേല്‍ പൂച്ച പണ്ടേക്ക് പണ്ടേ കരയിലെത്തിയേനെ..അങ്ങനൊരു വശം കാദര്‍ക്ക ചിന്തിക്കാതിരുന്നില്ല..പക്ഷെ അത് പോലെ പൂച്ചക്ക് താഴോട്ടും ഇറങ്ങാലോ എന്നോര്‍ത്തപ്പോ ആലോചന നിര്‍ത്തി..
..........
കയറിന്‍റെ ഒരറ്റത്ത് ചൂരല്‍ കൊട്ട കെട്ടി താഴോട്ട് ഇറക്കി കൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്..ഭവാനിയുടെ കെട്ട്യോന്‍ മദ്യലഹരിയില്‍ ഒരുഭാഗത്ത് മതിലിനോട് ചാരി ഇരിപ്പുണ്ട്..

ലിഫ്റ്റില്‍ കയറാന്‍ പൂച്ച പക്ഷെ ധൈര്യം കാണിച്ചില്ല.. മാത്രമല്ല കുട്ടയില്‍ നിന്നും നിശ്ചിത അകലം പാലിക്കുകയും ചെയ്തു..

കൊട്ടേല് വേറ പൂച്ചേന വെച്ച് ഇറക്ക്യാല്‍ ചെലപ്പോ അതിന കണ്ടിട്ട് ഈ പൂച്ചേം കേറും..അഭിപ്രായം പറഞ്ഞത് ഭവാനീടെ ഇളയ സന്തതിയായിരുന്നു...ഒരു കീറ് കൊടുക്കാന്‍ മാത്രം ആരോഗ്യം ഇല്ല..ഇനി അടിച്ചാല്‍ ചെലപ്പോ കറങ്ങി കിണറ്റില് വീണാല്‍ പിന്ന അതിന്‍റെ പുറകെ...കാദര്‍ക്ക ഒന്നും മിണ്ടിയില്ല..


രക്ഷാപ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടം ഫലം കണ്ടില്ലെന്ന് മാത്രമല്ല..പൂച്ചയുടെ തേങ്ങല്‍ ഉച്ചത്തിലാവുകയും ചെയ്തു..രണ്ടാം ഘട്ടത്തില്‍ കുട്ടയില്‍ രണ്ടു മീന്‍ കൂടി വെച്ചു..കയര്‍ കവുങ്ങിനോട് കെട്ടി എല്ലാരും മാറി നിന്നു..ആള്‍ക്കാരെ കണ്ടാല്‍ പൂച്ച കൊട്ടയില്‍ കയറില്ലെന്ന സീനിയര്‍ പൌരന്‍ ചെക്കിണിയേട്ടന്‍റെ അഭിപ്രായത്തെ മാനിച്ചായിരുന്നു അത്..ഒരു പത്ത് മിനിറ്റ് ചടപടാന്ന് കടന്നുപോയി..കയറിനു ഒരു അനക്കവും ഇല്ല..മെല്ലെ കിണറ്റിലേക്ക് എത്തിനോക്കിയപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ വികസിച്ചു.മീന്‍ പൂച്ച കാലിയാക്കിയിട്ടുണ്ട്..അതുമല്ല..നന്ദി സൂചകമായി കുട്ടയുടെ ഒത്ത നടുവില്‍ പൂച്ച സുഖമായി ഇരിക്കുകയാണ്..

ഇനി വൈകിക്കൂടാ.......! 
കുട്ടികള്‍ ആര്‍പ്പു വിളി തുടങ്ങി...
കാദര്‍ക്ക കയര്‍ വലിച്ചു തുടങ്ങി..
പൂച്ച ഓരോ ഫ്ലോറായി പൊങ്ങിത്തുടങ്ങി..
ഭവാനി പരിപാടിയില്‍ പങ്കു ചേര്‍ന്നവരെയൊക്കെ ഷേക്ക്‌ഹാന്‍ഡ് കൊടുത്ത് പറഞ്ഞു വിടുന്ന തിരക്കിലായിരുന്നു..


പൂച്ച മുകളിലെത്താനായി..ഇനി ഒരു നാല് പടവ് കൂടിയുണ്ട്..പൊടുന്നനെ കുട്ടികളുടെ ആരവം കേട്ടിട്ടോ മുമ്പ് സ്രാവ് മോഷ്ടിച്ചപ്പോ കല്ലെടുത്തെറിഞ്ഞ കാദര്‍ക്കാന്‍റെ മുഖം കണ്ടിട്ടോ എന്നറിയില്ല പൂച്ച വീണ്ടും തല്‍സ്ഥാനത്തേക്ക് തന്നെ എടുത്തുചാടി.മുമ്പ് വിശ്രമിച്ച സ്ഥലം പക്ഷെ പൂച്ചക്ക് കിട്ടിയില്ല..വീണത് വെള്ളത്തില്‍...
ഭവാനി തലയില്‍ കൈ വെച്ചു.. "ന്‍റെ ഈശ്വരാ..വെള്ളം വറ്റിക്കണേല്‍ ഇനി ആയിരം വേണല്ലോ ഭഗവാനെ.."


അതിര്‍ത്തിയില്‍ വെടി വെച്ചുകൊണ്ടിരിക്കെ ഉണ്ട തീര്‍ന്ന പോലെ കാദര്‍ക്ക തളര്‍ന്നിരുന്നു..
മറിയം പല്ല് കടിച്ചുപിടിച്ച് മെല്ലെ പറഞ്ഞു..
ഇങ്ങളോട് അന്നേരെ ഞാന്‍ പറഞ്ഞതല്ലേ വേണ്ടാത്ത എടാകൂടത്തിനു നിക്കണ്ടാന്നു..
ഇനിപ്പോ എന്താ ചെയ്യാ മറിയം.....?”
എന്ത് ചെയ്യാന്‍..എടുത്ത് കൊടുക്ക്....

കാദര്‍ക്ക കുറച്ച് നേരം ആലോചിച്ച് ഒരു തീരുമാനമെടുത്ത പോലെ ചാടി എഴുന്നേറ്റു..
കയറിന്‍റെ ഒരറ്റത്ത് ഒരു പ്രത്യേക രീതിയില്‍ വളയം പോലെ കെട്ടി കയര്‍ കിണറ്റിലേക്ക് ഇറക്കി..പൂച്ച ഇപ്പോള്‍ കിണറ്റില്‍ നീന്തി തിമിര്‍ക്കുകയാണ്..ഇടക്ക് ഊളിയിട്ട് അഭ്യാസം കാണിക്കുന്നുമുണ്ട്..ആര് കാണാനാണാവോ.......?

കാദര്‍ക്ക കയ്യിലെ കയറുമായി കിണറിനു ചുറ്റും പൂച്ചയെ ഫോള്ലോ ചെയ്തു.ഒരു രക്ഷയുമില്ല..അവസാനം നീന്തുന്ന പൂച്ചക്ക് ഒരു മുഴം മുന്നേ കുടുക്കിട്ടു കൊടുത്തു..പൂച്ച അതില്‍ കുരുങ്ങി....!!


കാദര്‍ക്ക ഉദ്ദേശിച്ച പോലെ കുരുക്ക് കാലിനല്ലായിരുന്നു കുടുങ്ങിയത്..കഴുത്തിനായിരുന്നു..നാലോ അഞ്ചോ പടവ് കഴിഞ്ഞപ്പോഴാണ് കാദര്‍ക്ക അത് കാണുന്നത്..പ്രാണ രക്ഷയ്ക്കായ് പൂച്ച കയറില്‍ തൂങ്ങി പിടയ്ക്കുന്നു...കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞു.ഒരു മരണം ആരും ഇഷ്ടപ്പെടുന്നില്ല.പൂച്ച രക്ഷപ്പെടണേ എന്ന ഒരൊറ്റ പ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കും..ചിലര്‍ അയ്യോ..അമ്മോ എന്ന് ഉറക്കെ പറയുന്നുണ്ട്..
ഉദ്വേകത്തിന്‍റെ നിമിഷങ്ങള്‍ കടന്നു പോയി..ഒടുവില്‍ പൂച്ചയെ വലിച്ചു കിണറ്റിനു പുറത്തേക്കിട്ടു..

ഒരു മിനിറ്റ് നേരം നിലത്ത് കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു..വലിയ ശബ്ദത്തില്‍ ശ്വാസം വലിക്കുന്നുണ്ട്....
ഒരാള്‍ കഴുത്തില്‍ കുടുങ്ങിയ കയര്‍ അറുത്തു മാറ്റാന്‍ തുടങ്ങിയപ്പോള്‍ ചാടി എഴുന്നേറ്റ് പൂച്ച ഓടാന്‍ തുടങ്ങി..ഒന്ന് രണ്ടു വട്ടം ചാടിയെങ്കിലും കയറില്‍ കുടുങ്ങി തെറിച്ച് പിന്നോട്ട് തന്നെ മറിഞ്ഞുവീണു..മൂന്നാമത്തെ വട്ടം കയര്‍ പൊട്ടി..അടുത്ത നിമിഷം പൂച്ച എങ്ങോട്ട് പോയെന്ന് ആരും കണ്ടില്ല..!!


മനസ്സില്‍ വല്ലാത്ത കുറ്റബോധവുമായി കാദര്‍ക്കയും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കാഴ്ച കണ്ടു കാഴ്ചക്കാരും പിരിഞ്ഞു..

കഴുത്തില്‍ കുരുക്ക് മുറുകിയത് കൊണ്ട് പൂച്ച അധികനാള്‍ ജീവിക്കില്ല എന്ന് ഇക്കാക്ക് ഉറപ്പുണ്ടായിരുന്നു..ഇക്കയും ഇത്തയും ചേര്‍ന്ന് എല്ലാ സ്ഥലവും അരിച്ചു പെറുക്കി..ഒന്നല്ല രണ്ടു ദിവസം..എവിടെയും പൂച്ചയെ കണ്ടില്ല..മൂന്നാം ദിവസം ഭവാനിയുടെ അതേ കിണറ്റില്‍ പൊന്തിവരുന്ന ഉറവുകള്‍ക്കൊപ്പം ഒരു മിണ്ടാപ്രാണിയുടെ ജഡവും കൂടി ഉണ്ടായിരുന്നു....

വേഷങ്ങള്‍


മാര്‍ക്കറ്റ് വിജനമാണ്..സമയം രാത്രി എട്ടു മണിയായതെയുള്ളൂ..ഒട്ടുമിക്ക കടകളും നേരത്തെ അടച്ചു..ശേഷിക്കുന്നവര്‍ കൈ രണ്ടും ഉരച്ച് ചൂടാക്കി കൈ പിണച്ച് കെട്ടി ഇരിക്കുകയാണ്..എന്താണെന്നറിയില്ല..രണ്ടു ദിവസമായിട്ട് ഇവിടെ നല്ല തണുപ്പാണ്..

കുറച്ച് നേരം കൂടി കസേരയില്‍ ചുരുണ്ട് കൂടിയിരുന്നു വാച്ചിലേക്ക് നോക്കി.സമയം എട്ടര..ഇനി ആരും വരില്ല..കടക്കുള്ളിലെ ലൈറ്റ് അണച്ചു..പുറത്തേക്കിറങ്ങി ഷട്ടര്‍ താഴ്ത്താന്‍ നോക്കുമ്പോഴാണ് പിന്‍ഭാഗം തുറന്ന ഒരു ജീപ്പ് ദ്രിതിയില്‍ എന്‍റെ കടക്കുമുന്നില്‍ നിര്‍ത്തിയത്..പെട്ടെന്നൊന്നു പേടിച്ചു..ഇനി വല്ല പിടിച്ചുപറിക്കാരുമാണോ..

 
വണ്ടിയില്‍ നിന്നും ഒരു കിളവന്‍(പൊതുവേ അല്‍പ്പം പ്രായം കൂടിയ സൌദികളെ കെളവന്‍ എന്ന് വിളിക്കുന്നൊരു പതിവുണ്ട്)പുറത്തേക്കിറങ്ങി..

ഞാന്‍ തിരിച്ചു കടയില്‍ കയറി ലൈറ്റിട്ടു..കുറച്ചധികം സാധനങ്ങള്‍ വന്ന അറബി വാങ്ങിച്ചു..വേറൊരു കവറില്‍ കുറച്ച് പഴങ്ങള്‍ വേറെയും വാങ്ങിച്ചു..ഇനി അയാള്‍ക്ക് വേണ്ട സാധനങ്ങള്‍ എന്‍റെ കടയില്‍ ഇല്ലാത്തത് കൊണ്ട് കുറച്ചു ദൂരെയുള്ള ഒരു കട ചൂണ്ടി കാണിച്ചു കൊടുത്തു..
അയാള്‍ നടന്നുപോയപ്പോള്‍ ഞാന്‍ സാധനങ്ങള്‍ അയാളുടെ വണ്ടിയില്‍ എടുത്തു വെച്ചു..സീറ്റില്‍ നിറയെ വേറെയും സാധനങ്ങള്‍ ഉണ്ട്..
ബാക്കി സാധനങ്ങള്‍ വണ്ടിയുടെ പുറകില്‍ വെക്കാന്‍ നോക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്..

ചെറിയൊരു പുതപ്പ് കൊണ്ട് കണ്ണിന്‍റെ ഭാഗം മാത്രം പുറത്താക്കി മൂടി ഇരിക്കുകയാണ് ഒരാള്‍..ഇരുന്നിടത്ത് നിന്നും അയാള്‍ വിറയ്ക്കുകയാണ്..
ഞാന്‍ അറിയാതെ പറഞ്ഞു പോയി..പടച്ചോനെ......!!!


കേട്ടതും മുഖത്തെ മൂടുപടം മാറ്റി അയാള്‍ ചാടി എഴുന്നേറ്റു ഒരൊറ്റ ചോദ്യം..നിങ്ങള്‍ മലയാളിയാണല്ലേ.....?

 
ഒരാഴ്ച ഭക്ഷണം കിട്ടാത്തവന്‍റെ മുന്നില്‍ ഭക്ഷണം കിട്ടിയ പോലെ ആഹ്ലാദവും ആശ്ചര്യവും സങ്കടവും എല്ലാം ചേര്‍ന്ന അയാളുടെ മുഖവും കണ്ണുകളും കണ്ടപ്പോള്‍ ഞാന്‍ വല്ലാതായി..

ഞാന്‍ പറഞ്ഞു അതെ..മലയാളിയാണ്..കോഴിക്കോട്ടാണ്..

 
അയാള്‍ വല്ലാതെ കരയുകയാണ്..വിക്കി വിക്കി രണ്ടുവരി പറഞ്ഞു തീര്‍ത്തു..ഒരു മലയാളിയെ കണ്ടിട്ട് മാസങ്ങള്‍ ഒരുപാടായി..അറബി വരുന്നത് വരെ എന്നോട് സംസാരിക്കാമോ...?

 
ദൈവമേ......മനുഷ്യന്‍റെ അവസ്ഥകള്‍..ഒരാളെ കണ്ടിട്ടും കാണാതെ പോകുന്നവര്‍..മിണ്ടിയിട്ടും മിണ്ടാതെ പോകുന്നവര്‍..അവരാരും ഇതുപോലൊരു അവസ്ഥയെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല..

 
പേര് അസീസ്‌ എന്നാണ്..ധരിച്ച രണ്ടോ മൂന്നോ ഷര്‍ട്ടിന്‍റെ ഉള്ളിലൂടെ കൈ കടത്തി ഒരു കീറിയ പേഴ്സ് എടുത്തു അതില്‍ അയാളുടെ ഫോട്ടോ കാണിച്ചു തന്നു..വെളുത്ത് സുമുഖനായ അസീസിന്‍റെ പഴയ ചിത്രം.തൊട്ടിപ്പുറത്തെ കള്ളിയില്‍ ഭാര്യയുടെയും പ്രായമുള്ള ഉമ്മയുടെയും ചെറിയ ചിത്രങ്ങള്‍...ഇന്ന് കവിളൊട്ടി കണ്ണ് കുഴിയില്‍ താഴ്ന്ന്‍ വല്ലാതെ കോലം കെട്ടുപോയിരിക്കുന്നു അസീസ്‌... കണ്ണുനിറച്ച് കൊണ്ട് അവനെന്നോട് പറഞ്ഞു ...ഉമ്മാക്കും ഉപ്പാക്കും ഇത് വരെ ഒരു ഫോട്ടോ പോലും അയച്ചു കൊടുത്തിട്ടില്ല..വന്നിട്ട് ഏഴു മാസമായി..കല്ല്യാണം കഴിഞ്ഞു നാലാം മാസം വിമാനം കയറിയതാ..നാട്ടില്‍ പറമ്പ് കിളയ്ക്കളും കൃഷിയുമായി കഴിഞ്ഞവന്‍ പുതിയൊരു ജീവിതവെളിച്ചം തേടി വന്നതാണ്...ഡ്രൈവര്‍ വിസയില്‍ വന്ന അന്ന് മുതല്‍ അറബിയുടെ മസ്രയിലാണ് ജോലി..വല്ലപ്പോഴും മാത്രം കാണുന്ന കുറച്ച് ബംഗാളികള്‍ മാത്രമാണ് അവന്‍റെ ഏക മനുഷ്യബന്ധം..ഒരുപാട് കാലം കെട്ടികിടന്ന വാക്കുകള്‍ ഓരോന്നും ശ്വാസം വിടാതെ നിര്‍ത്താതെ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു..

പണ്ടൊരു സുഹൃത്ത് ഒരു വിസ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു..നല്ലൊരു ജോലി നാട്ടിലുള്ള നീ അത് കളഞ്ഞു ഇങ്ങോട്ട് വരണ്ട എന്ന്..പിന്നീട് നാട്ടില്‍ അവന്‍ പറഞ്ഞു നടന്നത് അവന്‍ നന്നാകുന്നത് ആര്‍ക്കും ഇഷ്ടമല്ലെന്നാണ്..ഗള്‍ഫിന്‍റെ തിളങ്ങുന്ന ഭാഗം മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ...അല്ലെങ്കില്‍ ഗള്‍ഫിലെ കഷ്ടപ്പാടുകള്‍ അറിയാമായിരുന്നിട്ടും അത്തറിന്‍റെ മണമുള്ള ഒരു സ്വര്‍ഗ്ഗ രാജ്യമെന്ന സങ്കല്‍പ്പം ഇന്നും നിലനില്‍ക്കുന്നു..

 

ആലോചനയില്‍ മുഴുകിയ എന്നില്‍ അസീസിന്‍റെ വാക്കുകള്‍ പലതും പതിഞ്ഞില്ലെങ്കിലും ഓരോന്നിനും ഞാന്‍ മൂളിക്കൊടുത്തു...പെട്ടെന്ന് ഞാന്‍ പറഞ്ഞു..അറബി വരുന്നുണ്ട്....

 

അത് വരെ അവന്‍റെ മുഖത്തുണ്ടായിരുന്ന സന്തോഷം പൊടുന്നനെ മാഞ്ഞു..കണ്ണുകള്‍ വീണ്ടും നിറഞ്ഞു.. “കെളവന് ലേശം കൂടി കയ്ഞ്ഞിറ്റ് വന്നാ മതിയായ്നു..” സങ്കടത്തോടെ അറബി നടന്നടുക്കുന്നത് അവന്‍ നോക്കി നിന്നു...


ഞാന്‍ ചോദിച്ചു..അറബി കാണാതെ കുറച്ചു പഴങ്ങള്‍ തരട്ടെ....?


വേണ്ട..ആ കവറില്‍ വാങ്ങിയത് എനിക്കാണ്..ഇങ്ങക്ക് സുഖമല്ലേ....? അസീസ്‌ എന്നോട് ചോദിച്ചു..

 

ഒരു നിമിഷം....അവനെ വിഷമിപ്പിക്കാതെ എന്ത് ഉത്തരം നല്‍കും എന്ന് ചിന്തിച്ചുകൊണ്ടിരിക്കെ അറബി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..

എന്നെ തന്നെ കുറച്ചു നേരം നോക്കി നിന്നു പുതപ്പെടുത്ത് ശരീരം മുഴുവന്‍ മൂടി എന്‍റെ നേര്‍ക്ക് കൈ നീട്ടി പറഞ്ഞു..അസ്സലാമു അലൈകും.. എന്‍റെ മറു സലാം കാത്ത് നില്‍ക്കാതെ വണ്ടി ചീറിപാഞ്ഞു..കണ്ണില്‍ നിന്ന് മറയുന്നത് വരെ അസീസ്‌ കൈ വീശി റ്റാറ്റ പറഞ്ഞു..നിറകണ്ണുകളോടെ ഞാനും....

ഗ്ലോബ്


ന്നൊരു ഒരു സുഹൃത്തിന്‍റെ ബുക്ക്സ്റ്റോളില്‍ കയറി..എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന ഒരു പാവം..
ഓരോ കാര്യങ്ങള്‍ പറയുന്നതിനിടെ ഗ്ലാസ് ടേബിളില്‍ വില്‍പ്പനയ്ക്ക് വെച്ച ചെറിയ ഗ്ലോബ് ഞാന്‍ ഒരു കൈ കൊണ്ട് തിരിച്ചു കൊണ്ടിരുന്നു..പണ്ട് സ്കൂളില്‍ വെച്ച് തൊട്ടതില്‍ പിന്നെ ഇന്നാണ് ഈ ഭൂമി ഗോളത്തെ തൊടുന്നത്..

നിനക്കൊരു കാര്യം കേള്‍ക്കണോ..ഈ സൗദികള്‍ക്ക് വിവരമില്ല..കണ്ടില്ലേ ഈ ഗ്ലോബില്‍ ഖത്തര്‍ ഇല്ല..സുഹൃത്ത് പറഞ്ഞു..

അതെങ്ങനാ ചങ്ങായി ഗ്ലോബില്‍ എല്ലാ രാജ്യവും ഉണ്ടാകൂലെ..ഞാന്‍ ചോദിച്ചു

ഇല്ലെന്നെ..സംശയമുണ്ടേല്‍ നീയൊന്നു നോക്ക്..അവന്‍ തറപ്പിച്ച് പറഞ്ഞു...

ആഹാ ഖത്തര്‍ ഇല്ലാത്ത ഗ്ലോബോ..? എനിക്ക് വാശിയായി..ഞാന്‍ കുത്തിയിരുന്നു ഗ്ലോബ് ഒരു നൂറുവട്ടം തിരിച്ചു..ഓരോ രാജ്യവും അരിച്ചു പെറുക്കി..അവസാനം ദാ കിടക്കുന്നു ബഹറിനെ കെട്ടിപിടിച്ചു കൊണ്ട് ഒരു പൊട്ടു പോലെ പാവം ഖത്തര്‍..


ഞാന്‍ വിജശ്രീലാളിതനായി അവന്‍റെ മുഖത്ത് നോക്കി..
നിനക്കാ വിവരമില്ലാത്തെ..ദാ ഇങ്ങോട്ട് നോക്ക് ഇതാണ് ഖത്തര്‍..
അപ്പൊ അവന്‍ നിര്‍ത്താതെ ചിരിക്കുവാ..കാര്യമന്യേഷിച്ചപ്പോള്‍ അവന്‍ പറയുവാ..ഇത് അവന്‍റെ സ്ഥിരം പരിപാടിയാണത്രേ..ഇങ്ങനെ പറഞ്ഞാല്‍ നോക്കുന്നവന്‍ മനസ്സിരുത്തി മേപ്പ് മുഴുവന്‍ നോക്കുമെന്ന്..

ഞാനവനോട് പറഞ്ഞു..ഇഞ്ഞി ഇവിടൊന്നും നിക്കണ്ടോനല്ല..ശ്രമിച്ചാല്പ്രസിഡന്റ്റ് വരെയാകാം..

അവന്‍ പറഞ്ഞതിലും കാര്യമുണ്ട്.. നമുക്ക് അറിയാം എന്ന് ഭാവിക്കുന്നകാര്യങ്ങള്‍ മറ്റൊരാള്‍ നിഷേധിക്കുമ്പോഴാണ് നമ്മില്‍ ദേഷ്യവും വാശിയും ഉണ്ടാകുന്നത്..അത് തെളിയിക്കുന്നത് വരെ തല പുകഞ്ഞ് അതിന്‍റെ പുറകെ നടക്കും..

സലാം പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു സൗദി എന്തോ വാങ്ങിക്കാന്‍ കടയിലേക്ക് കയറി..അയാള്‍ നേരെ ചെന്ന് ഗ്ലോബ് വെറുതെ തിരിക്കാന്‍ തുടങ്ങി..നമ്മുടെ സുഹൃത്ത് അയാളോട് പറഞ്ഞു..ഗ്ലോബില്‍ സൗദി ഇല്ലെന്നു..
അയാള്‍ സൗദി കണ്ടുപിടിച്ചോ അതോ അവന്‍റെ മോന്ത പൊട്ടിച്ചോ എന്ന് നോക്കാതെ ഞാന്‍ പെട്ടെന്ന് സ്ഥലം കാലിയാക്കി..

അറബിയും ഞാനും


കടയില്‍ ഞാനും ഒരു അറബിയും തമ്മിലുണ്ടായ ഒരു സംഭാഷണം എന്‍റെ ശൈലിയിലേക്ക് മാറ്റിയപ്പോള്‍...

സ്സലാമു അലൈകും..

വ അലൈക്കും സലാം ഉമ്മര്‍ക്കാ..

അനക്ക് സുഖാണോ കുഞ്ഞിമ്മോനെ....?

സുഖാണ് ഉമ്മര്‍ക്കാ..

എന്തൊക്കാ അന്‍റെ വര്‍ത്താനം....?

നല്ല വര്‍ത്താനം ഉമ്മര്‍ക്കാ..

എല്ലാര്‍ക്കും സുഖല്ലേ....?

അതെ ഉമ്മര്‍ക്കാ..

ഉമ്മാക്കും ഉപ്പാക്കും ഉമ്മൂമ്മാക്കും ഉപ്പൂപ്പാക്കും സുഖല്ലേ..?

അതെ ഉമ്മര്‍ക്കാ..ഇങ്ങക്ക് എന്താ മാണ്ട്യെ...?

അനക്ക് സുഖല്ലേ....?

അതെ ഉമ്മര്‍ക്കാ..

എല്ലാര്‍ക്കും സുഖല്ലേ....?

അത് ഇങ്കി ഓര്‍മ്മല്ല ഉമ്മര്‍ക്കാ..ഇങ്ങക്കെന്താ മാണ്ട്യെ....?

ഞമ്മക്ക് ലേശം ആപ്പിള് മാണം..

എന്നാ ഈ കാര്‍ട്ടൂണ്‍ ആപ്പിള് എടുത്തോളീ..

ഇതിനെത്രാ കായി..?

മുപ്പത് റിയാലേ ഉള്ളൂ ഉമ്മര്‍ക്കാ..നല്ല മുന്തിയ ഇനമാ..

ന്നിട്ട് ഇതിനെന്താടോ ഒരു നെറോം കോലോം ഇല്ലാത്തെ..?

ഇത് ലബനോണിന്‍റെതാ ഉമ്മര്‍ക്കാ..കാണാന്‍ രസല്ലെങ്കിലും തിന്നാന്‍ നല്ല രസമാ.

ലബനോണിന്‍റെതാണെങ്കിലും ജപ്പാന്‍റെതാണെങ്കിലും തിന്നാല്‍ പള്ളേലേക്ക് തന്നല്ലേ പോവാ..അല്ലാണ്ട് അത് വഴി ഇന്ത്യേലേക്കൊന്നും പോകൂലാലോ..?

ഇങ്ങള് വല്ലാണ്ട് തമാശ പറയും ലേ..ഹഹഹ

ഇളിക്കാണ്ട് ഈന്‍റെ വെല പറ ഹമ്ക്കെ ..അപ്പറത്ത് ബംഗാളീന്‍റെ പീട്യേല്‍ ഇതിന് ഇരുപത് റിയാലേ ഉള്ളൂ..ഇതിലും സൂപ്പറാ..

ന്നാ പിന്ന ഇങ്ങക്ക് അവിടുന്ന് വാങ്ങിക്കൂടെ കാക്കാ..

വാങ്ങാം..ന്നാലും അന്‍റെ പീട്യെന്നു വാങ്ങുമ്പോ ഒരു സുഖാ..ഇഞ്ഞി ആള് സൂപ്പറാ..

ഇങ്ങള് പിന്നേം തമാശിക്കുവാ..? മുപ്പതില്‍ അഞ്ച് പൈസ കുറയൂല..

ന്നാ പിടിച്ചോ അമ്പത് റിയാല്..ഇങ്കി അറിയാം.ഇഞ്ഞി ഇരുപത്തഞ്ചെ എടുക്കൂ.ബാക്കി ഇങ്ങെടുക്ക്...

ബാക്കി ഇരുപത് റിയാല്‍ ഉമ്മര്‍ക്കാന്‍റെ കയ്യില്‍ കൊടുക്കുമ്പോ കടമുതലാളി പറഞ്ഞു തന്ന ഐഡിയ എടുത്തു ഞാന്‍..(വിഷയം മാറ്റല്‍)
"
ന്നാ ഇക്കാ ബാക്കി.......അല്ല ഉമ്മര്‍ക്കാ..നാള മുതല്‍ ഒടുക്കത്തെ ചെക്കിങ്ങാ..എന്താ ചെയ്യാ..ഒരു രക്ഷേം ഇല്ലെന്നാ പറയുന്നത്.."

ആണോ..? എന്താക്കാനാ മോനെ..പടച്ചോനോട് പറയാ..അല്ലാണ്ട് എന്താക്കാനാ..

ഹും..അതന്നെ..എന്നാ ഞമ്മക്ക് ലേശം പണിണ്ട്..ഇങ്ങള് പോയിട്ട് നാളെ വരീന്‍..മഹസ്സലാമാ..

പണിയൊക്ക ഇഞ്ഞി എടുത്തോ..ബാക്കി അഞ്ച് റിയാല്‍ കൂടിണ്ട്..അതും കൂടി ഇങ്ങെടുക്ക്..

വയസ്സാം കാലത്ത് ഇയാള് ആരിക്ക് ഉണ്ടാക്കുവാ എന്ന് പിറുപിറുത്ത് അഞ്ച് റിയാലും കൂടി കൊടുത്തു..

അല്ല കുഞ്ഞിമ്മോനെ..നാളെ ചെക്കിങ്ങിനു പോലീസ് ഇങ്ങോട്ട് വരോ..?

ഇല്ല..ഓല്‍ക്ക് അത് ബുദ്ധിമുട്ടല്ലേ..ഞാന്‍ നാളെ രാവില അങ്ങോട്ട്‌ പോകുന്നുണ്ട്...ഇങ്ങള് പോയീന്‍ കാക്കാ..ഞമ്മക്ക് വേറ പണിണ്ട്..

കലോത്സവം


 
കോളേജ് കലോത്സവം നടക്കുകയാണ്..ഞങ്ങളും നടക്കുകയാണ് ..കോളേജ് പരിസരം മൂന്നു റൌണ്ട് പൂര്‍ത്തിയാക്കി..
 കള്ളി ലുങ്കിയും ബനിയനുമാണ് എന്‍റെ വേഷം..നസീര്‍ പേന്റും
രാവിലേ ഇറങ്ങിയതാ.വലിയ ഇഷ്ടമൊന്നും ഉണ്ടായിട്ടല്ല..വീടിന്‍റെ മുകളിലത്തെ പറമ്പിലാണ് നസീറിന്‍റെ വീട്.നസീറിനു വല്ലാത്ത പൂതി..കലോത്സവം കണ്ടേ പറ്റൂ..
നടന്നു കാലു തളര്‍ന്നപ്പോള്‍ കഴിഞ്ഞ മഴയ്ക്ക് ഇടിവെട്ടി വീണ തെങ്ങിന്‍ തടിയില്‍ ഞങ്ങളിരുന്നു..
 സ്റ്റേജിലെ റ്റാബ്ലോ(നിശ്ചല ദൃശ്യം) കണ്ട് നസീര്‍ ഇടിവെട്ടിയ പോലെ നോക്കി നില്‍ക്കുകയാണ്..ഞാനപ്പോള്‍ കുറെ തേങ്ങാ കുഞ്ഞുങ്ങളുമായി വീണു കിടക്കുന്ന തെങ്ങിന്‍ തലയിലേക്ക് നോക്കി നിന്നു.
 
വീട്ടില്‍ നിന്നും മൂന്നര കിലോമീറ്ററുണ്ട് കോളേജിലേക്ക്..കോഴിക്കോട്ടേക്ക് കൊപ്പ്ര കേറ്റി പോകുന്ന വണ്ടീല്‍ തൂങ്ങി പിടിച്ചാണ് ഇങ്ങോട്ട് വന്നത്..
ഉച്ചയായി..
നസീറേ..ഇനിക്കി പൈക്കിന്ന്(വിശക്കുന്നു) ട്ടോ..സമയം രണ്ട് മണിയായി.രാവില വീട്ടില്‍ എണ്ണം കൊടുക്കാത്തതോണ്ട് ഉമ്മ ചോറ് കണക്കാകിണ്ടാവൂല..
ഇഞ്ഞി ഒന്ന് സമാധാനപ്പെട്.ന്‍റെ ഇക്കാക്ക ണ്ട് ഇവിട..ഓന്‍ മ്മക്ക് എന്തേലും ശെര്യാക്കി തരും..”
.
അത് കേട്ടപ്പോള്‍ തല്‍ക്കാലം വിശപ്പൊന്നടങ്ങി..എങ്കിലും മൂന്നാല് വട്ടം ഇത് തന്നെ കേട്ടപ്പോ എനിക്ക് ദേഷ്യം പിടിച്ചു..
 
“ഞ്ഞി രാവില ഇരുമ്പ് വടയാണോ തിന്നത്..ഇനിക്കി പൈക്കിന്ന്.ഇപ്പൊ കിട്ടണം എന്തേലും..” ഞാന്‍ തെങ്ങില്‍ നിന്നും നിലത്തിറങ്ങി തെങ്ങും ചാരിയിരുന്നു..
ന്നാ വാ..മ്മക്ക് പോയി നോക്കാം..നസീര്‍ പറഞ്ഞു..
അത് മാണ്ട..ഞാന്‍ ലുങ്കീം ബനിയനുമാ..ഇങ്കി നാണമാകും..ഞ്ഞി അല്ലെ പരിഷ്കാരി..പോയി ചോയ്ച്ച് വേഗം വാ..അല്ലേല്‍ ഞാനിപ്പം ചാകും..
ഓഹ്..ഓന്‍റെ ഒരു നാണം..പെണ്ണുങ്ങളാന്നാ വിചാരം..നസീര്‍ എന്തൊക്കെയോ പിറുപിറുത്ത് സ്റ്റേജിന്‍റെ ബേക്കിലെക്ക് പോയി..ഞാന്‍ അവന്‍ കയറിപ്പോയ വാതിലിന്‍റെ കര്‍ട്ടന്‍ ഇളകുന്നതും കാത്തിരുന്നു..
 
കുറച്ച് കഴിഞ്ഞു.അവന്‍ പുറത്ത് വന്നു കൈ കൊണ്ട് മാടിവിളിച്ചു.ഞാന്‍ സര്‍വ ശക്തിയും ചേര്‍ത്ത് കുതിച്ചു..ഹാളിനുള്ളില്‍ കയറി.
ഹാളിന്‍റെ ഒരു മൂലയിലെ മേശമേല്‍ മൂന്നു സ്റ്റീല്‍ ബക്കറ്റും ഒരു ചെറിയ ചെമ്പും എടുത്ത് വെച്ചിട്ടുണ്ട്..
കൈ കഴുകാനൊന്നും നിന്നില്ല.ചോറിട്ടു..
ഇരുന്നിടത്ത് നിന്നു കറി ഒഴിക്കാന്‍ തവിയെടുത്ത് ബക്കറ്റില്‍ ഒന്നിളക്കി..കഷണങ്ങളൊക്കെ ഒന്നിളകിക്കോട്ടേ..
എന്നാല്‍ തവി രണ്ട് വശങ്ങളില്‍ തട്ടുന്ന ശബ്ദം മാത്രമേ കേള്‍ക്കാനുള്ളൂ..ഞാന്‍ എണീറ്റു നോക്കി..ബക്കറ്റിന്‍റെ അടി കുഴിഞ്ഞ ഭാഗത്ത് കുറച്ച് കറിയും എല്ലിന്മേല്‍ സ്റ്റിക്കര്‍ പോലെ പറ്റിക്കിടക്കുന്ന കുറച്ച് ഇറച്ചി കഷണങ്ങളും..മറ്റ് രണ്ട് ബക്കറ്റും മോശമല്ല..ഒന്നും ചിന്തിക്കാന്‍ വിശപ്പ് അനുവദിച്ചില്ല..ഇലയിലെ ചോറെടുത്ത് ബക്കറ്റിലേക്കിട്ട് ഒന്നിളക്കി വാരി വിഴുങ്ങി..നസീറപ്പോള്‍ മീന്‍ ബക്കറ്റില്‍ നിന്ന് ഉലുവ പെറുക്കി കളയുകയായിരുന്നു..ഉലുവ ഓന് പിടിക്കൂല..
 
കൈ കഴുകി തിരിച്ചിറങ്ങുമ്പോള്‍ നസീര്‍ ഒരക്ഷരം മിണ്ടുന്നില്ല..നാല് കഷണം ഇറച്ചിണ്ടായിട്ട് ഒരു കഷണം ഓന് കൊടുത്തില്ലെന്ന്..എല്ലായിരുന്നു എന്ന് പറഞ്ഞപ്പോ ഓന് പിന്നേം ദേഷ്യം..
 
ലുങ്കി കോന്തലയില്‍ ചുരുട്ടി മടക്കി കെട്ടിയ ചില്ലറ പൈസക്ക് കടല വാങ്ങി കൊടുത്ത് നസീറിന്‍റെ പിണക്കം മാറ്റി..
പിന്നെയും നടത്തം തന്നെ..നേരം ഇരുട്ട് വീണു തുടങ്ങി.. നടന്നു തളര്‍ന്നു വീണ്ടും ഇടി വെട്ടിയവന്‍റെ പെരടിയില്‍ വന്നിരുന്നു..
കലാപരിപാടി കഴിയാറായി..നേരത്തെ നിറച്ച ഇന്ധനവും തീരാറായി..
 
“മ്മക്ക് പോണ്ടേ നസീറേ..രാത്രിയായി..” ഞാന്‍ ചോദിച്ചു
ഇറങ്ങുമ്പോ പറഞ്ഞതല്ലേ.പരിപാടി തീര്‍ന്നിട്ടെ പോരൂന്ന്.അന്‍റെയൊരു തെരക്ക്..ന്നാ പോകാം..
 
എങ്ങനാ പോകുന്നെ....? വണ്ടി പൈസക്കാ കടല വാങ്ങ്യേ..ഞാനവന്‍റെ മുഖത്ത് നോക്കാതെ പറഞ്ഞു..
അതിനെന്തിനാ വണ്ടി..മ്മക്ക് നടക്കാലോ..
നടക്കാനോ..എന്നെ കൊണ്ടാകൂല..അല്ലെങ്കില്‍ തന്നെ പൈക്കിന്ന്..അതും കൊണ്ട് നടക്കാനോ..?
അന്‍റെ ഹലാക്കിന്‍റെ പള്ള തന്നാ..അന്‍റെ പള്ളേല്‍ കോയീം മക്കളുണ്ടോ..നസീര്‍ ചൂടായി.
ഞാനൊന്നും മിണ്ടിയില്ല.. അവന്‍ പാന്റിന്റെ കീശേല്‍ കയ്യിട്ടു..ന്‍റെ കണ്ണ് വികസിച്ചു..വണ്ടി കൂലി എടുക്കുകയാകും ഞാന്‍ മനസ്സില്‍ കരുതി..
കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവില്‍ അവന്‍ കൈ പുറത്തേക്ക് വലിച്ചെടുത്തു..കൂടെ ഒരു രണ്ടുറുപ്പ്യ മൊട്ടനും..
അതുമായി വത്തക്ക(തണ്ണിമത്തന്‍) പീട്യേല്‍ നിന്നു ഒരു കഷണം വത്തക്ക വാങ്ങി തന്നിട്ട് പറഞ്ഞു..ന്നാ വിഴുങ്ങ്..ഇന്നാലെങ്കിലും അന്‍റെ വിശപ്പ്‌ തീരുമല്ലോ..
ഞാന്‍ വത്തക്ക കഷണം നോക്കി.ഷേവിംഗ് ബ്ലെടിനെ വെല്ലുന്ന മൂര്‍ച്ചയാ അതിന്..
ആദ്യമായി ഒരു വത്തക്ക കഷണം തൊലിയടക്കം തിന്നു.ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമല്ലോ..
 
നടത്തം തുടങ്ങി..വീട്ടിലെത്തിയാല്‍ അടി ഉറപ്പാ..അത് ഓല മെടല്‍ കൊണ്ടാണോ..സീമക്കൊന്ന വടി കൊണ്ടാണോ എന്നതിലെ സംശയമുള്ളൂ..നടക്കുന്നതിനിടയില്‍ നസീര്‍ ഓരോ കുളൂസുകള്‍ പറഞ്ഞുകൊണ്ടിരുന്നു..
 
വീട്ടിലെത്തി..ഉമ്മ വേഗം ചോറ് എടുത്തു വെച്ചു.പ്ലേറ്റിന്‍റെ സൈഡില്‍ ഒരു മരിച്ച പൊത്തിയും..ആരും ഒന്നും മിണ്ടുന്നില്ല..
ആദ്യത്തെ ഉരുള വായിലേക്കിട്ടപ്പോഴേക്കും മീത്തലെ പുരയില്‍ നിന്നും നസീറിന്‍റെ ഉച്ചത്തിലുള്ള നിലവിളി കേട്ടു..അവിടെ അടി തുടങ്ങിയിരിക്കുന്നു..ഇവിടെയെന്താ ഒന്നുമില്ലാത്തത്..ഞാന്‍ ചിന്തിച്ചു..ഇനി ഉമ്മാക്ക് സ്നേഹം കൂട്യോ...?
 
ചോറ് മുഴുവന്‍ തിന്നു കൈ കഴുകി അകത്തേക്ക് കയറിയതും ഉമ്മ വാതിലിന്‍റെ കുറ്റിയിട്ടു..
സീമകൊന്നയാണോ ഓല മെടലാണോ എന്ന് നോക്കാന്‍ നേരം കിട്ടിയില്ല..തലങ്ങും വിലങ്ങും അടിയോടടി.ഒരു വടി മുറിഞ്ഞപ്പോള്‍ ഉമ്മ അടുത്ത വടിയെടുത്തു...
നസീറിന്‍റെ കരച്ചില്‍ അപ്പോഴേക്കും നിന്നിരുന്നു..ഇപ്പോഴവന്‍ എന്‍റെ കരച്ചില്‍ കാതോര്‍ക്കുകയായിരിക്കും....