നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ന്‍റെ കുടീലൊരാടുണ്ടാര്‍ന്ന്





വേനലവധിക്ക് സ്കൂളടച്ചു..കുറച്ച് ദിവസത്തേക്ക് ഇനി ആ ജയിലിലേക്ക് പോകണ്ട..
ഇഷ്ടംപോലെ കളിക്കാം ഇഷ്ടംപോലെ ഉറങ്ങാം...

നേരം ഉച്ചയായിട്ടാ ഞാന്‍ ഉറങ്ങിയെണീറ്റത്..വേറെ പണിയൊന്നുമില്ല.എണീറ്റ്‌ പായയില്‍ കുമ്പിട്ട് കുറച്ചുനേരം ഇരുന്നു.അന്നത്തെ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്തു..

വയ്യേപ്പറത്ത് നിന്നും(വീടിന്‍റെ പിറകുവശം)ആരൊക്കെയോ ഉരലില്‍ ഇടിക്കുന്നുണ്ട്.എന്തൊക്കെയോ പറഞ്ഞുചിരിക്കുന്നു..
പല്ലുതേകാതെ കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു.ഉറങ്ങിയെണീറ്റാല്‍ കോലായിപ്പടിയില്‍ കുറച്ച് നേരം മടങ്ങിയിരിക്കാന്‍ നല്ല സുഖമാ...

കോട്ടുവായ് ഇട്ട് ഞാന്‍ അടുക്കളയിലേക്ക് ചെന്നു.
ഉമ്മ മുറത്തില്‍ അവില്‍ ചേറികൊണ്ട് പണ്ടത്തെ കഥകള്‍ പറയുകയാണ്‌..

'
ഇഞ്ഞി കാണണം ഉഷേ അതിന്‍റെ ഒരു വലിപ്പം.അക്കാലത്ത് അങ്ങനൊരാടിനെ ഞാനീ പരിസരത്തെങ്ങും കണ്ടില്ല.
എത്ര പേറ് പെറ്റതാ ഇവിടുന്ന്.ഉമ്മാമാന്‍റെ കാലത്ത് വാങ്ങ്യതാ.എന്തോ സൂക്കേട്‌ വന്ന് ചത്ത്‌പോയി..വയ്യേപ്പറത്തെ കണ്ടതിലാ(പറമ്പ്)അതിന കുഴിച്ചിട്ടത്..

ഹാ....എന്താക്കാനാ..അത്പോലെ ഒന്നുണ്ടായിനേല്‍ എന്തേലും ചില്ലറ സ്വരൂപിക്കായ്നു....

ഉമ്മയിത് പറഞ്ഞുനിര്‍ത്തിയതും ഞാനോടി ഉമ്മാന്‍റെ മുന്നിലെത്തി..എന്നാപ്പിന്നെ മ്മക്കൊന്നിന വാങ്ങ്യാലോ..??? ഞാന്‍ ചോദിച്ചു.

പടച്ചറബ്ബേ..ഈ കുഞ്ഞിമോന്‍റെ മുന്നിലാണല്ലോ പറഞ്ഞുപോയത്.ഇഞ്ഞി അതിന വാങ്ങാന്‍ പോവാ..??അല്ലെങ്കില്‍ തന്നെ ആട് വീട്ടിലുണ്ടേല്‍ കിണറ്റിലെ വെള്ളം വരെ ആടിനെ മണക്കും...അത് വരെ ആടിന്‍റെ പോരിശം പറഞ്ഞ ആള്‍ പെട്ടെന്ന്‍ അതിനെ ആട്ടിപായിച്ചു..

എന്തായാലും സ്കൂള്‍ പൂട്ടി.വേറെ പണിയൊന്നുമില്ലാലോ.മ്മക്കൊന്നിനവാങ്ങാം..ഞാന്‍ പറഞ്ഞു 

വെളുക്കാന്‍ തേച്ചത് പാണ്ടായല്ലോ.ഹാ..ഇഞ്ഞി എന്തേലും കാണിക്ക്..ഇനി അതിന്‍റെ പേരും പറഞ്ഞ് പൈസക്ക് ഇന്‍റെടുത്തേക്ക് വരണ്ടാ..മുറത്തിലെ അവില്‍ ഭരണിയിലേക്ക് ഇട്ടുകൊണ്ട് ഉമ്മ പറഞ്ഞു..

പടച്ചോനെ....റിസര്‍വ്ബേങ്ക് അടച്ചു..ഇനി എന്താചെയ്യാ..

അല്ലാ...എത്ര വേണ്ടിവരും ഒന്നിന്...? ഞാന്‍ ചോദിച്ചു.

കിലോ ഇറച്ചിക്ക് 60 രൂപയാ..ഉമ്മ പറഞ്ഞു 

അപ്പൊ ഒരാട് എത്ര കിലോ കാണും....?? സംശയം വീണ്ടും 

എത്ര വേണേലുംകാണും.ആടിനെന്താ കണ്ണില്ലേ...ഉമ്മാക്ക് ദേഷ്യം പിടിച്ചു.

ഇനി ചോദിച്ചിട്ട് കാര്യല്ല.അനുകൂലവാതില്‍ അടഞ്ഞു.




മൂത്താപ്പാക്ക് ബ്രോക്കര്‍ പണിയാ..കൂടെ ആടിന്‍റെയും പശൂന്‍റെയും കച്ചോടമുണ്ട്..അങ്ങോട്ട്‌ തന്നെ വെച്ചുപിടിച്ചു..
ബസ്‌സ്റ്റോപ്പില്‍ ദിനേശ്ബീഡി കത്തിച്ച് പിടിച്ച് മൂപ്പര്‍ നിക്കുന്നുണ്ട്..ദൂരെനിന്നും നോക്കുമ്പോ ബസ്‌സ്റ്റോപ്പിന്‍റെ തൂണാണെന്നെ തോന്നൂ..

ഇനിക്കൊരു ആടിനെ വേണം.എത്ര ഉറുപ്പ്യാകും.ഞാന്‍ നേരെ കാര്യത്തിലേക്ക് കടന്നു..

അതിപ്പോ.....ആടിയതിനെ വേണോ ആടാത്തതിനെ വേണോ.ആടിയതിനു പൈസ കുറവാ..ആടാത്തതിനു ലേശം കായി കൂടും..

ഇനിക്ക്യൊരു ചെറിയതിന മതി.എത്രയാകും...??

ഇഞ്ഞി ഒരു 300 ഉറുപ്പ്യ കയ്യില്‍ വെച്ചോ..ബാക്കി എന്തേലും അന്നേരം ആലോചിക്കാം..

ഹാവൂ.......ആശ്വാസായി....
പെട്ടെന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.ആശ്വസിക്കാന്‍ വരട്ടെ..300 ഉറുപ്പ്യ എവിടെ...??

സ്ഥിരം സാമ്പത്തിക സ്രോതസ്സായ കാശിതൊണ്ട് തന്നെ ശരണം.പൊട്ടിച്ചപ്പോ ഒരുറുപ്പ്യ മുതല്‍ 5 പൈസ വരെയുണ്ട് അതില്‍.എണ്ണിനോക്കി 200ഉറുപ്പ്യക്ക് ലേശം കുറയും...
തികയൂലാലോ...റിസര്‍വ്ബേങ്കിന്‍റെ വാതില്‍ 5മിനിറ്റ് കരച്ചിലും പറച്ചിലും കൊണ്ട് ഞാന്‍ തുറന്നു..

പത്തായത്തില്‍ ഉമ്മ സ്വരുക്കൂട്ടിവെച്ച ഒരു കീസ് കശുവണ്ടീം കുറച്ച് കുരുമുളകും എടുത്തു തന്നു.. വിറ്റിട്ട് ബാക്കിപൈസക്ക് ഒരു കിണ്ണവും വാങ്ങാന്‍ പറഞ്ഞു..

ബുധനാഴ്ച്ചയാണ് ചന്ത.ഇനീം ദിവസമുണ്ട്.വടക്കേലെ പ്ലാവിന്‍റെ ചോട്ടീന്ന് പ്ലാവില കുറെ വല്ലത്തില്‍(ഓല കൊണ്ട് മെടഞ്ഞത്)പെറുക്കി വീട്ടില്‍ കൊണ്ടുവെച്ചു..
ആട് വന്നാല്‍ പട്ടിണിയാവരുതല്ലോ...

അങ്ങനെ ബുധനാഴ്ച നേരം വെളുക്കുന്നതിനുമുമ്പേ മൂത്താപ്പയുടെ ഒപ്പം ചന്തയിലേക്ക് നടന്നു..കഴിഞ്ഞ പെരുന്നാള്‍ക്ക് വാങ്ങിയ പാന്റ് തന്നെ എടുത്തിട്ടു.
കാണാന്‍ മോശായിട്ട് കിട്ടുന്നത് മോശമാവണ്ട..





വീട്ടില്‍ നിന്നു ഒരു മൂന്ന്‍ കിലോമീറ്റര്‍ ദൂരമുണ്ട് ചന്തയിലേക്ക്..
മൂത്താപ്പാന്‍റെ കൂടെ ഒരു പോത്തും ഉണ്ടായിരുന്നു..അതിനെയും തെളിച്ച് ചന്തയിലെത്തി..

ചന്തയിലേക്ക് കയറാന്‍ പറ്റാത്ത കണക്കിന് തെരക്കാണ്..ഒരു മൃഗയോഗത്തിനുള്ള മൃഗങ്ങളുണ്ട് 
എന്നോട് അണ്ടീം കുരുമുളകും വിറ്റിട്ട് വരാന്‍ പറഞ്ഞ് മൂത്താപ്പ ചന്തയിലേക്ക് പോത്തിനെയും തെളിച്ച് പോയി..

പഴക്കമുള്ളതും പൊള്ളയില്ലാത്തതുമായതിനാല്‍ കടക്കാരന്‍ നല്ല വിലതന്നു..

ഞാന്‍ വീണ്ടും ചന്തയുടെ കവാടത്തിലെത്തി.കവാടത്തില്‍ ഒരു ആട്ടിന്‍കുട്ടിയുമായി മൂത്താപ്പ നില്‍ക്കുന്നു..കയറിടാന്‍പോലുമായിട്ടില്ല.
.
എന്നെ കണ്ടതും മോണകാട്ടി ഒന്നു ചിരിച്ചിട്ട് മൂത്താപ്പ പറഞ്ഞു ..തെരഞ്ഞ് പിടിച്ച് കിട്ടിയതാ..ഞാന്‍ ആ പറഞ്ഞ പൈസയെ ആയുള്ളൂ..ഇത്രേം പൈസ കുറച്ച് ഇക്കാലത് ആടിനെ കിട്ടൂല..

ഞാന്‍ ആട്ടിന്‍കുട്ടീന സൂക്ഷിച്ച് നോക്കി..ചെറിയ മക്കളാ..നില്‍ക്കാന്‍ പോലും കാലുറച്ചില്ല..
മൂത്താപ്പ പറഞ്ഞത് ശെരിയാ..ആടിയതിനു പൈസ കുറവാ..ആട്ടിന്‍കുട്ടിയും ആടുന്നുണ്ടായിരുന്നു.... 

ബാക്കി പൈസക്ക് കിണ്ണം വാങ്ങാന്‍ പറഞ്ഞതാ ഉമ്മ..പേന്റിന്‍റെ നാല് കീശയും മുട്ടി..എല്ലാം കൂടി ഒരു കിണ്ണത്തിനു തികയും...
കടക്കാരന്‍ പലതരം വലിപ്പത്തില്‍ കിണ്ണങ്ങള്‍ നിരത്തി..എന്‍റെ കയ്യിലെ പൈസയ്ക്കനുസരിച്ച് നിരത്തിയ കിണ്ണത്തില് വമ്പന്മാരെയൊക്കെ 
അയാള്‍ എടുത്തിടത്ത് തന്നെ വെച്ചു..ഒരു കുഞ്ഞന്‍ കിണ്ണത്തെ എനിക്ക് തന്നു..

ഹാ....എന്തെങ്കിലുമാവട്ടെ.കിണ്ണം വാങ്ങാനല്ലേ പറഞ്ഞുള്ളൂ.വലിപ്പം പറഞ്ഞില്ലല്ലോ..

കിട്ടിയ മുതലിനെ കഴുത്തിലൂടെയിട്ട് കിണ്ണം തലയിലുംവെച്ച് വീട്ടിലേക്ക് നടത്തമാരംഭിച്ചു..വരുന്നവിവരം ആടുറക്കെ വിളംബരം ചെയ്യുന്നുണ്ട്.ശബ്ദം കിണ്ണത്തില്‍ തട്ടി എന്‍റെ ചെവി പൊട്ടിയ കണക്കായി..

വീടെത്തി..തോളിലെ ഭാരം താഴെയിറക്കി..തലയീന്ന് കിണ്ണമെടുത്ത് കോലായില്‍ വെച്ചു..ചെവിയില്‍ ഒരു മൂളിച്ച പോലെ..

ആടിന്‍റെയും കിണ്ണത്തിന്‍റെയും വലിപ്പം കണ്ട് ഉമ്മ മൂക്കത്ത് വിരല്‍ വെച്ചു.

നെനക്ക്
എന്തെങ്കിലും ഒന്ന് വലുത് വാങ്ങിക്കൂടായ്നോ...??ഉമ്മ ചോദിച്ചു.

കിണ്ണം വലുതാകണേല്‍ ആട് ഇനീം ചെറുതാകണം..ഇതിലും ചെറ്യ ആട് ഏതേലും ആടിന്‍റെ വയറ്റിലേകാണൂ..ഞാന്‍ പറഞ്ഞു

എന്നാ പിന്ന വരുമ്പോ ഒരു മുലക്കുപ്പീം കൂടെ വാങ്ങിക്കൂടായ്നോ..ഇതിനു പാല് കൊടുക്കണം..ഉമ്മ കിണ്ണമെടുത്ത് അകത്തേക്ക് പോയി..




ട് പലപല ട്ടോണില്‍ കരയാന്‍ തുടങ്ങി..ഇതിനിപ്പോ എന്ത് പാലാ കൊടുക്കുക..
വടക്കേല്‍ നിന്നു കുറച്ച് ആട്ടിന്‍പാല്‍ കൊണ്ടുവന്ന് ആടിനെ കൊണ്ട് കുടിപ്പിച്ചു..തീര്‍ത്തും കുടിച്ചപ്പോ കരച്ചിലിന്‍റെ കടുപ്പം ലേശം കുറഞ്ഞു..

നേരം മോന്തിയായി(ഇരുടായി വരുന്ന സമയം).വാപ്പ വന്നു..കോലായിലെ നാല്‍കാലിയെ ഒന്നുനോക്കി..ആട് മണിമണിയായി വേസ്റ്റ് തള്ളുന്നുണ്ട്..

വാപ്പാക്ക് വല്ല്യ ഇഷ്ടായില്ല.. "എവിടുന്നു കിട്ടിയെടാ ഈ ചള്ളിനെ...?

ഞാന്‍ മിണ്ടിയില്ല...

രാത്രിയായി..ആടിനെ കെട്ടാന്‍ കൂടില്ല..പുറത്ത് കെട്ടാനൊക്കൂല..തല്‍ക്കാലം പുറത്തെ മുറിയില്‍ കെട്ടി വാതിലടച്ചു..

ലക്ഷ്യസ്ഥാനത്തെത്തിയ നിര്‍വൃതിയോടെ ഞാന്‍ ഉറങ്ങി..


ചന്തിക്ക് പെരുത്തൊരടി കിട്ടിയപ്പളാ പിറ്റേന്ന് ഞാന്‍ ഉണര്‍ന്നത്..ചാടിഎണീറ്റു..തൊട്ടുമുമ്പില്‍ വാപ്പ..
ഞാന്‍ കണ്ണും മിഴിച്ച്നോക്കി..എന്താണെന്ന് ഒരെത്തുംപിടീം ഇല്ല..

ചെവിക്ക് പിടിച്ചെന്നെ വലിച്ച് ആട് കിടന്ന മുറിയിലേക്ക് കൊണ്ടുപോയി..മുറിയില്‍ ആട് കക്കൂസ് തീര്‍ത്തിരുന്നു..ആകെ ഒരു മണവും..
ഇപ്പൊ ഇതിനെ എങ്ങോട്ടേലും കൊണ്ടുപോണം..ഞാന്‍ പണി കയ്‌ഞ്ഞ് വരുമ്പളേക്കും ഇതിന ഇവിട കാണരുത്..വാപ്പ അന്ത്യശാസനം തന്നു...

ഞാന്‍ കരഞ്ഞും കൊണ്ട് ഉമ്മാന്‍റെയടുത്തേക്ക് ഓടി..
ഇഞ്ഞി ബേജാറാകണ്ട..തട്ടിന്‍റെ മുകളിലെ പലകയൊക്കെ കൂട്ടി ഒരു കൂടടിച്ചോ..എന്നിട്ട് അതില്‍ കെട്ടിക്കോ...ഉമ്മ പറഞ്ഞു.

അപ്പൊ തന്നെ കൂടിന്‍റെ പണിതുടങ്ങി.വൈകുന്നേരം ആവുമ്പോഴേക്കും ആട് റൂം റെഡി..



ദിവസങ്ങളും മാസങ്ങളും കടന്നുപോയി..കുഞ്ഞാടിനെ നല്ല കുറ്റിയുറപ്പുള്ള ഒരാടാക്കി മാറ്റിയെടുത്തു ഞാന്‍..
ഇടയ്ക്കിടെ വീട്ടിലൊരു സ്ത്രീ വരും.ഉമ്മാന്‍റെ ചങ്ങായിയാണെന്ന് തോന്നുന്നു..ആടിനെ നോക്കുന്ന എന്നോട് നല്ല വാത്സല്യമായിരുന്നു അവര്‍ക്ക്..
വരുമ്പോ എന്തേലും ആടിന് തിന്നാനുള്ള വകയും കയ്യില്‍ കരുതും..ഒരു മെലിഞ്ഞുണങ്ങിയ സ്ത്രീ..മുഖത്തേക്ക് നോക്കിയാല്‍ രണ്ടു കണ്ണുകള്‍ മാത്രേ കാണാനുള്ളൂ.
ആകെ ക്ഷീണിച്ച രൂപമാണ്..

മാസങ്ങള്‍ പിന്നെയും കടന്നുപോയി..ആട് ഗര്‍ഭിണിയായി..എനിക്കെന്തെന്നില്ലാത്ത സന്തോഷം..
നല്ല ഇളംപുല്ലും പച്ച പ്ലാവിലയും ദൂരെ നിന്നുപോലും ശേഖരിച്ചു..കൂടാതെ പോഷകത്തിന് ഇടക്ക് ഓരോ നേന്ത്രപഴവും..ആട് നല്ലോണം തടിച്ചുകൊഴുത്തു..

ഇപ്പൊ എങ്ങനണ്ട് ഉമ്മാ...? പണ്ടത്തെ ആടിന്‍റെ അത് പോലണ്ടോ...?

ഹാ...ഏകദേശം....ഉമ്മ പറഞ്ഞു .

അതുമതി..ഇനിയിത് പെറ്റാല്‍ പിന്നെ പാല് കൊണ്ടൊരു കളിയല്ലേ ഇവിട...ഞാന്‍ പറഞ്ഞു 
ഒന്നും മിണ്ടാതെ ഉമ്മ അകത്തേക്ക് പോയി..

ആട് പ്രസവിച്ചു...നല്ലൊരു പെണ്‍കുഞ്ഞ്.എനിക്ക് സന്തോഷം കൊണ്ട് നിക്കാനും വയ്യ ഇരിക്കാനും വയ്യ..ഓടി നടന്നു അയല്‍പക്കത്തെ മുഴുവന്‍ അറിയിച്ചു..
അന്ന് വീട്ടില്‍ പായസം വെച്ചു.. 


ആടിന്‍റെ മുഖത്ത് അല്‍പം ഗൌരവമൊക്കെ വന്നു..ഞാന്‍ പണ്ട് വാങ്ങുമ്പോഴുള്ള മുഖം ഇപ്പൊ കുഞ്ഞിനാണ് ഉള്ളത്...

ദിവസങ്ങള്‍ കടന്നു പോയി.ഇടക്ക് മൂത്താപ്പയും വന്നു ആടിനെ കണ്ടു.

ഇഞ്ഞി ആള് മിടുക്കനാ ട്ടോ...അടുത്ത പ്രസവത്തില്‍ മ്മക്ക് കൂടൊന്നു വലുതാക്കണം..മൂത്താപ്പ അതും പറഞ്ഞ് പോയി..

ഈ പ്രസവത്തില്‍ എന്താ കൂട് വലുതാകിയാല്‍....? ഞാന്‍ പിറുപിറുത്തു.



പിറ്റേ ആഴ്ച്ച എപ്പോളും വരാറുള്ള ആ സ്ത്രീ വന്നു..അവരുടെ മുഖത്തും നല്ല സന്തോഷമായിരുന്നു..അടുക്കളേല്‍ പോയി ഉമ്മാനോട് ഇച്ചിരിനേരം വര്‍ത്താനം പറഞ്ഞ് എന്‍റെയടുത്ത് വന്നു പുറത്ത് തലോടികൊണ്ട് പറഞ്ഞു..മോന്‍ മിടുക്കനാ..നന്നായി വരും..

അതും പറഞ്ഞ് സ്ത്രീ ആട്ടിന്‍കുട്ടിയെ വാരിയെടുത്തു..

ഇങ്ങള്‍ കുട്ടീന താഴെ വെക്ക്..അതിന എടുക്കാനൊന്നും ആയില്ല..ഞാന്‍ പറഞ്ഞു.

അതൊന്നും സാരല്ല..ഞാനെങ്ങനേലും കൊണ്ടുപോയിക്കൊള്ളാം..

എങ്ങോട്ട്..???

അപ്പൊ ഉമ്മച്ചി ഒന്നും പറഞ്ഞില്ലേ...??

ഇല്ല..

ആട്ടിന്‍ കുട്ടിയെ വിറ്റപ്പോ ഞാന്‍ പറഞ്ഞതാ.ആദ്യ പ്രസവത്തിലെ കുട്ടീനെ എനിക്ക് വേണമെന്ന്..ഇനി പ്രസവിക്കുന്നതിനെ മോന് എടുക്കാലോ....

ഞാന്‍ ആകെ തളര്‍ന്നുപോയി..എന്‍റെ കണ്ണുനിറഞ്ഞു..കൂട്ടിയിട്ട പൂഴിമണലിലേക്ക് വീണു കാലിട്ടടിച്ച് കരഞ്ഞു..
എന്നോട് ഇത് പറഞ്ഞില്ലാലോ....ഇതെന്ത് പരിപാടിയാ.....?? ചോദിക്കുമ്പോള്‍ തൊണ്ടയിടറിയിരുന്നു... 

ഉമ്മ അപ്പഴേക്ക് മുറ്റത്തേക്ക് വന്നു..

എന്നാലും ഇങ്ങക്ക് പറഞ്ഞൂടായ്നോ...ഞാന്‍ ഉമ്മാനോട് ചോദിച്ചു..
ഉമ്മ ഒന്നും മിണ്ടിയില്ല..ആ കണ്ണും നിറഞ്ഞിരുന്നു..

സ്ത്രീ എന്‍റെ കരളിനെയും എടുത്ത് പടിയിറങ്ങി..അന്ന് ഞാന്‍ വാങ്ങിയപ്പോ വിളംബരം ചെയ്തപോലെ ആട്ടിന്‍കുട്ടി വഴിനീളെ കരയുന്നുണ്ടായിരുന്നു..

നീയുംകൂടി ചേര്‍ന്നുള്ള പണിയാണോ ....? പറഞ്ഞതും ഞാന്‍ ആടിന്‍റെ ചെകിടത്ത് ഒന്ന് പൊട്ടിച്ചു..

ആടിനെ അടിച്ചിട്ടെന്ത് കാര്യം..? മക്കളെ കൊണ്ടുപോകാന്‍ ആടിനിഷ്ടണ്ടാവോ...??

പൂഴിയില്‍ കിടന്നു കുറെ കരഞ്ഞു..കൂട്ടില്‍ കിടന്നു ആടും..

ഹാ....അടുത്ത പ്രസവത്തിലേത് ഇനിക്കി എടുക്കാലോ..സാരല്ല..ഞാന്‍ സമാധാനിച്ചു..
വല്ലത്തിലുള്ള പ്ലാവിലകൊമ്പ് കൂട്ടില്‍ കെട്ടിതൂക്കി ഞാന്‍ തിരിഞ്ഞു നടന്നു... 
--------------------------------------------------------------------------------------------------------



No comments:

Post a Comment