നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

കിളിക്കൂട്

വീട്ടിലൊരു ദിവസം രണ്ട് കിളികള്‍ വന്നു..ദൂരെ എവിടെ നിന്നോ വരുന്ന വഴിയാണ്..മുമ്പ് ഞാന്‍ കണ്ടിട്ടില്ല..പുരയ്ക്ക് ചുറ്റും പാറി നടന്നവര്‍ അവസാനം വിറകുപുരയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന പട്ടികമേല്‍ വന്നിരുന്നു..രണ്ട് പേരും അടക്കിപ്പിടിച്ചെന്തൊക്കെയോ സംസാരിച്ചു..കുറച്ച് കഴിഞ്ഞു അവര്‍ പോയി..

പിറ്റേ ദിവസം എങ്ങുനിന്നോ കിട്ടിയൊരു നൂല്‍കമ്പിയും കൊക്കിലൊതുക്കി അവര്‍ വന്നു..പട്ടികയുടെ മേല്‍ കൊളുത്തിയിട്ടു.പെണ്‍കിളി അതിനപ്പുറത്തെ ഓലക്കെട്ടിന്മേല്‍ ചെന്നിരുന്നു..ആണ്‍കിളി എവിടെ നിന്നൊക്കെയോ കമ്പുകളും ഇലകളും കൊണ്ടുവന്നു അതിന്മേല്‍ കൊളുത്തിയിട്ടു..

ഓരോ കമ്പും കൊളുത്തിയിടുമ്പോള്‍ അത് താഴെ വീണുപോകും.വീണ്ടും പറന്നു വന്നു അത് കൊക്കിലൊതുക്കി അവിടെ കൊണ്ടുവെക്കും..ഒരു നൂറ് വട്ടമെങ്കിലും ഒരു ദിവസം ആ കിളി ഓരോ കമ്പിനായ് അങ്ങോട്ടും ഇങ്ങോട്ടും പറക്കും..
ഇടയ്ക്കിടക്ക് ഓലകെട്ടിന്മേല്‍ എല്ലാം നോക്കിയിരിക്കുന്ന പെണ്‍കിളിയുടെ അടുത്തു ചെന്നിരുന്നു എന്തൊക്കെയോ ചോദിക്കും.. പെണ്‍കിളി എന്തൊക്കെയോ അഭിപ്രായങ്ങള്‍ പറയും..വീണ്ടും ആണ്‍കിളി അടുത്ത കമ്പിനായ് പറമ്പിലേക്ക് പറക്കും..

ദിവസവും ഉച്ച കഴിഞ്ഞിട്ടാണ് രണ്ട് പേരും വരുന്നത്..ഉച്ചവരെ എവിടെയൊക്കെയോ പാറി നടന്നു ഭക്ഷണം തേടുകയായിരിക്കും..
നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോള്‍ പട്ടികയുടെ മേല്‍ തൂക്കിയിട്ട നൂല്‍കമ്പിമേല്‍ ചെറിയൊരു കൂട് തയ്യാറായി..ഒരു ബെഡ് റൂമും സിറ്റോട്ടും ചേര്‍ന്ന ഒരു കുഞ്ഞു കൂട്..

പെണ്‍കിളി ഉള്ളിലോട്ട് കയറി ഇരുന്നു നോക്കി..ചെറിയ എന്തോ അസൌകര്യമുണ്ട്..പുറത്തേക്കു വന്നു ആണ്‍കിളിയുടെ ചെവിയിലവള്‍ പരിഭവം പറഞ്ഞു..ആണ്‍കിളി ഉള്ളില്‍ കയറി പൊന്തി നില്‍ക്കുന്ന കമ്പുകള്‍ കൊക്ക് കൊണ്ട് ഒതുക്കി കുറച്ച് ഇലകള്‍ കൊണ്ട് പട്ടുമെത്ത പോലെ വിരിച്ചു..പെണ്‍കിളിയുടെ മുഖത്തേക്ക് നോക്കി...

ഇനിയൊന്നു ഇരുന്നുനോക്ക്” 

പെണ്‍കിളി അതിലിരുന്നിട്ട് ആണ്‍കിളിയുടെ കൊക്കില്‍ ഒരുമ്മ കൊടുത്തു..

ദിവസങ്ങള്‍ കഴിഞ്ഞു.. പെണ്‍കിളി അതില്‍ തന്നെയിരിപ്പാണ്..ആണ്‍കിളി ഉച്ചവരെ ജോലിക്ക് പോയ ശേഷം ഓലകെട്ടിന്മേല്‍ വന്നിരിക്കും. കൂട്ടിലിരിക്കുന്ന പെണ്‍കിളിയോടു അന്നത്തെ വിശേഷങ്ങളെല്ലാം പറയും..ഇടയ്ക്ക് കൂടിനു തൊട്ടുരുമ്മി ഉള്ളിലുള്ള മുട്ട നോക്കിയിട്ട് എന്തൊക്കെയോ ആഹ്ലാദശബ്ദങ്ങള്‍ പുറപ്പെടുവിക്കും..

ദിവസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ കൂട്ടില്‍ നിന്നും കുഞ്ഞു കിളി നാദം വന്നു തുടങ്ങി..ആണ്‍കിളി സന്തോഷത്തോടെ കൂടിനു ചുറ്റും പാറി നടന്നു..കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ട് കിളികള്‍ കൂടി പറന്നു വന്നു..ചിലപ്പോള്‍ അവര്‍ അമ്മായിയും അമ്മോശനും ആയിരിക്കും..പിന്നെയും ഒരുപാട് കിളികള്‍ കൂടിനടുത്തേക്ക് വന്നു..എല്ലാവരും ചേര്‍ന്ന് കൂടിനു ചുറ്റുമിരുന്നു കൊച്ചു വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മീന്‍ പൊതിഞ്ഞു കൊണ്ടുവന്ന പത്ര കഷണത്തില്‍ നോക്കി വീട്ടിലെ കുഞ്ഞുമോള്‍ ഇങ്ങനെ വായിച്ചു..

ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീവെച്ച് കൊന്നു.....!!!



വീട്ടുവര്‍ത്തമാനം

രാവിലെ എണീറ്റ ഉടനെ കൈതോലപ്പായയില്‍ ഞാന്‍ കൈ കൊണ്ട് പരതി..നനവുണ്ട്..അരയ്ക്ക് താഴോട്ട് ട്രൌസറും പുതപ്പും നനഞ്ഞിട്ടുണ്ട്..പടച്ചോനെ..ഇന്നും കൈവിട്ട് പോയല്ലോ..ഇന്നലെ കിടക്കുമ്പോള്‍ വെള്ളം കുടിക്കാതെയാണ് കിടന്നത്..എന്നിട്ടും.......!!

ഉമ്മ അടുക്കളയിലെന്തോ തിരക്കിട്ട പണിയിലാണ്..ഇന്നെവിടെയോ പോകാനുണ്ട്..അതിനുള്ള ഒരുക്കമാണ്.....ഞാന്‍ പതുക്കെ എണീറ്റ് പായ ചുരുട്ടി കട്ടിലിനടിയിലെക്ക് തിരുകി വെച്ചു..മുറ്റത്തിറങ്ങി ഒരു ബക്കറ്റ് വെള്ളമെടുത്ത് കിണറ്റുകരയിലെ ഓല മറയിലേക്ക് നടന്നു..

ഇന്നും ഒഴിച്ചു ലേ...

ഉച്ചത്തിലുള്ള ചോദ്യം കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി..ഓലമറയുടെ വാതിലില്‍ തൂക്കിയിട്ട കീറിയ സാരിയുടെ വിടവിലൂടെ ഞാന്‍ കണ്ടു..ഉമ്മയാണ്..ഞാന്‍ തല കുനിച്ച് നിന്നു..

ഒറ്റ ദിവസം ഒഴിവില്ലാതെ ഇത് തന്നെ ഒരു പണിയാ..കഴിഞ്ഞ ആഴ്ചയാ ഒരു വാര സോപ്പ് വാങ്ങ്യേ..അത് തീര്‍ന്നു..ഇനി കെടക്കുമ്പോ ട്രോസരും കുപ്പായോന്നും ഇടണ്ട....

ഒറങ്ങുന്ന വരെ ഞാന്‍ ഒഴിച്ചില്ല ഉമ്മാ..ഒറങ്ങ്യപ്പോ അറിയാണ്ട്.....ഇനി ഒഴിക്കൂല

ഉം...എന്നും ഇത് തന്നെ പറഞ്ഞാ മതി..ഉമ്മ അടുക്കളയിലേക്ക് കയറിപ്പോയി..
എന്നും ഉമ്മാന്‍റെ വഴക്ക് കേള്‍ക്കുമ്പോള്‍ കുറച്ച് നേരം മനസ്സിന് വല്ലാത്ത സങ്കടമാണ്..ഇനി എന്തായാലും ഒഴിക്കൂല..മനസ്സില്‍ ഉറപ്പിച്ചു..
ഓലമറയുടെ അരികില്‍ പന്തലിച്ചു നില്‍ക്കുന്ന പേരമരത്തിലെ ചില്ലകളില്‍ തൂങ്ങി നില്‍ക്കുന്ന പേരക്ക നോക്കിക്കൊണ്ട് ഞാന്‍ ദേഹത്ത് വള്ളം കോരി ഒഴിച്ചു..
ഉമ്മാക്ക് തലവേദനയുണ്ട്..എപ്പോ പുതിയ ഡോക്റ്റര്‍ വന്നാലും പ്രതീക്ഷയോടെ അവരെ കാണിക്കും..പുതിയ നല്ല മരുന്ന് കിട്ടും എന്ന് കരുതി..ഒരു കുപ്പി മരുന്നും ഉമ്മയും സമമാണ്..അത്രയും മരുന്നുണ്ട് ഉമ്മാന്‍റെ ദേഹത്ത്..ഇന്നും ഡോക്റ്ററെ കാണാനുള്ള പുറപ്പാടാണ്.വസ്ത്രം മാറുന്നതിനിടയില്‍ ഉമ്മ വിളിച്ച് പറഞ്ഞു. പുതിയ ട്രൌസര്‍ എടുത്തുടുത്തോ..ഡോക്റ്റ കാണാന്‍ പോവാ..

ഞാന്‍ വേഗം ചായ കുടിച്ച് ട്രൌസറും ബനിയനും എടുത്തിട്ടു..ഡോക്റ്റ കാണാന്‍ പോകുമ്പോ എന്നേം കൂട്ടും...ഒരു കമ്പനിക്ക്..എന്തേലും മിണ്ടീം പറഞ്ഞ് നടക്കാന്‍..മുട്ടയിടുന്ന രണ്ട് പിടകളുണ്ട്..ആരുമില്ലെങ്കില്‍ അതിനു തോന്നുന്നയിടത്ത് മുട്ടയിട്ടു ഒരു കൂസലുമില്ലാതെ പോകും..വേറൊന്നു കൂടിയുണ്ട്..അത് അടുപ്പിന്‍റെ തിണ്ണയുടെ അടിയിലെ വിറകറയ്ക്കുള്ളില്‍ മാത്രമേ ഇടൂ..സ്നേഹമുള്ളവളാ..പക്ഷെ അതിനിപ്പോ പൊരുത്താ..പൊരുത്ത് മാറ്റാന്‍ ചെറിയ വിദ്യകളൊക്കെയുണ്ട്...കവുങ്ങിന്‍ പാള ചെറിയ കഷണമാക്കി ഒരു തുളയുണ്ടാക്കി കഴുത്തില്‍ ഇട്ട് കൊടുത്താല്‍ മതി..പാവം തോന്നും..അത് കൊണ്ട് ചെയ്തില്ല..

ശാന്തേ........ഞാന്‍ ഡോക്റ്റ കാണാന്‍ പോവാ..കോഴിക്കൂട് നോക്കണേ..ട്ടോ.....

ശാന്തേച്ചിയുടെ പ്രതികരണം കേള്‍ക്കുന്നത് വരെ ഞങ്ങള്‍ രണ്ടും കാതോര്‍ത്ത് നിന്നു..ഏച്ചി കപ്പ തിന്നുകയാണെന്ന് തോന്നുന്നു..ഒരഞ്ചു നിമിഷം കഴിഞ്ഞപ്പോള്‍ അവ്യക്തമായി ഉത്തരം വന്നു.. ആ...പൊ...ക്കോ..

ഇപ്പൊ തന്നെ നേരം വൈകി..വൈകിയാല്‍ പിന്ന തെരക്കാകും..വാതില്‍ പൂട്ടി പടിയിറങ്ങിയതും ഒരു പൂവന്‍ വന്നു ഇന്നലെ തിന്നത് മുഴുവന്‍ കോലായില്‍ വന്നു വിളമ്പി... ഒരു വൃത്തിയും ഇല്ലാത്ത സാധനങ്ങള്‍..ഉമ്മ മുറ്റത്തെ ചരലെടുത്ത് കോഴിയെ എറിഞ്ഞോടിച്ചു..തല്‍ക്കാലം ഇപ്പൊ കോരാന്‍ നേരമില്ല..ഒരു മുറമെടുത്ത് അത് മൂടിവെച്ച് ഉമ്മ കോണിയിറങ്ങി..മുറ്റത്തെ കവുങ്ങിന്‍ മരത്തില്‍ കെട്ടി നിര്‍ത്തിയ കണ്ണാടിയില്‍ ഒന്നൂടെ നോക്കി മുഖം തുടച്ച് ഞാനും ഉമ്മാന്‍റെ പുറകേ ഓടി..
കുറച്ചധികം നടക്കാനുണ്ട് ആശുപത്രിയിലേക്ക്..ഉരുളന്‍ കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ ഇടവഴിയിലൂടെ ഞങ്ങള്‍ രണ്ടും നടന്നു..വന്നിട്ട് ചെയ്യാനുള്ള പണികളോരോന്നും ഓരോ രണ്ട് മിനിറ്റ് കൂടുമ്പോള്‍ ഉമ്മ പറഞ്ഞു കൊണ്ടേയിരുന്നു..ഓരോന്നിന്‍റെയും കൂടെ എന്‍റെ ട്രൌസറും ബനിയനും അലക്കാനുള്ളത് ഇത്തിരി ഉച്ചത്തില്‍ പറയുന്നുണ്ട്.അപ്പോഴൊക്കെ തലയുയാര്‍ത്തി ഞാന്‍ ചുറ്റും നോക്കും..ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന്..അല്ലെങ്കിലും ഉമ്മമാര്‍ക്ക് മക്കളെ വഴക്ക് പറയാന്‍ നല്ല ഉത്സാഹമാ.. വെറുതെയല്ല ഉമ്മാക്ക് തലവേദന മാറാത്തത്..വായക്ക് ഒരിത്തിരി റസ്റ്റ്‌ കൊടുക്കണ്ടേ....

പോകുന്ന വഴിയിലെ പറമ്പുകളിലെ പുല്ലിന്‍റെ പച്ചപ്പ്‌ കണ്ടപ്പോള്‍..വലത്തെ കൈ താടിയില്‍ വെച്ച് ഉമ്മ നടത്തത്തിന് ഫുള്‍സ്റ്റോപ്പ് ഇട്ടു..
"പടച്ചോനെ.......!!! ഇത്രേം പുല്ലു ണ്ടായ്നോ ഇവിടാ.....?"
മിക്കവാറും എന്നെ പുല്ലു പറിക്കാനാക്കി ഉമ്മ സ്ഥലം വിടും എന്ന് കരുതി ഞാന്‍ നടത്തത്തിനു സ്പീഡ് കൂട്ടി..ഭാഗ്യം..അനിഷ്ടങ്ങളൊന്നും സംഭവിച്ചില്ല..
ഇടവഴി വളയുന്നിത്ത് നിന്നും വേറെ ഒരു വഴിയുണ്ട് നീളത്തില്‍ മുന്നോട്ട്..അതിലെ പോയാല്‍ വലിയൊരു കാടാണ്..നിറയെ പാമ്പും ചേരയും.......സിംഹം ഉണ്ടെന്നു തെക്കേലെ ബാബു ഒരിക്കല്‍ പറഞ്ഞിരുന്നു..ടീവീന്‍റെ ഉള്ളില് ശെരിക്കും മന്ച്ചന്മാര് ഉണ്ടെന്നും പറഞ്ഞ് ഒരിക്കല്‍ അവനെന്നെ പറ്റിക്കുന്നത് വരെ ഞാനത് വിശ്വസിച്ചു..എന്തായാലും അങ്ങോട്ട്‌ കൈ ചൂണ്ടാന്‍ പാടില്ലത്രേ..കക്ഷത്ത്‌ കുരു ഉണ്ടാകും പോലും..

വളവിലെ കൃഷ്ണേട്ടന്‍ കള്ളുകുടിച്ച് വന്നു തോന്നിവാസം കാട്ടാന്‍ തുടങ്ങി..ഇത്രേം രാവില തന്ന മൂപ്പര്‍ക്ക് എവിടുന്നു കിട്ടുന്നോ ആവോ.. നിന്‍റെ അച്ഛന്‍റെ അച്ഛന്‍റെ അച്ഛനാടി.....എന്ന് തുടങ്ങുമ്പോഴേക്കും ഉമ്മയെന്‍റെ ചെവീല്‍ രണ്ട് വിരല്‍ കുത്തിയിറക്കി എന്നേം കൊണ്ട് ഓടി..

മക്കളേം കൂടി വെടക്കാക്കാനാണോ ഇങ്ങളെ പരിപാടി........ഉമ്മ ദേഷ്യത്തോടെ പിന്നെയും എന്തൊക്കെയോ പറഞ്ഞു.. കിണറിനോടടുത്തുള്ള ചേതിയില്‍ എല്ലാം കേട്ട് ദയനീയ ഭാവത്തില്‍ കൃഷ്ണേട്ടന്‍റെ ഭാര്യ ഞങ്ങളേം നോക്കി നില്‍ക്കുന്നു..
ഇടവഴി കഴിഞ്ഞു വയലിലെത്തി..വയലില്‍ ഉഴുത്തുകാളകള്‍ നടത്തത്തിനറ്റം കാണാതെ കറങ്ങുന്നു..കുറേ കൊക്കുകള്‍ അതിനു പിന്നാലെ ജാഥയായി നടക്കുന്നു..ശെരിക്കും അവര്‍ തമ്മിലുള്ള ഒരു കരാറല്ലേ അത്....പിന്നില്‍ ഉണ്ണിയേട്ടന്‍ ഒരു വടിയുമെടുത്ത് ഔ...നട മൂര്യെ...എന്നും പറഞ്ഞു കലപ്പയുടെ മുകളില്‍ കയറിനിന്ന് വായ കൊണ്ട് ഒരു പ്രത്യേക ശബ്ധമുണ്ടാക്കും.ഇടയ്ക്ക് മൂരിയുടെ വാല്‍ മുളച്ചയിടത്ത് കൈകൊണ്ടു ഇളക്കും..ആനേരം മൂരി കുറച്ച് കൂടി സ്പീഡില്‍ ഓടും..

ഉണ്ണിയേട്ടനെ എല്ലാര്‍ക്കും പേടിയാണ്..അത് പണ്ടേ അങ്ങിനെയാണല്ലോ..ചോറ് തിന്നാതെ മുറ്റത്തൂടെ ഓടി നടക്കുമ്പോള്‍ ഉമ്മ പറയും ഉണ്ണീനെ വിളിക്കണോ...അത് കേള്‍ക്കുമ്പോള്‍ തന്നെ പേടിയോടെ ഓടി വന്നു ചോറുരുള വായിലേക്ക് വാങ്ങി ഇടയിലേക്ക് ഏന്തി നോക്കും..ഉണ്ണിയേട്ടനെങ്ങാനും.....!!

നാട്ടിലെ എല്ലാ കുട്ട്യോള്‍ക്കും ഉണ്ണിയേട്ടനെ പേടിയാണ്..സത്യത്തില്‍ കുഞ്ഞുങ്ങളെ ഉണ്ണിയേട്ടന് വലിയ ഇഷ്ടമാണ്..വല്ലപ്പോഴും ഏതേലും കുഞ്ഞിനെയെടുത്ത് മടിയില്‍ വെച്ചാല്‍ അടുത്തുള്ളോര്‍ പറയും..ഉണ്ണ്യേ ആക്യൊരു പേടിള്ളത് നിന്നെയാ..അത് ഇഞ്ഞി ഇല്ലാണ്ടാക്കല്ലേ..അത് കേള്‍ക്കുമ്പോള്‍ ഉണ്ണിയേട്ടന്‍ മീശ പിരിക്കും..കണ്ണുരുട്ടും.

വയല്‍ വരമ്പാകെ ഇടിഞ്ഞു പൊളിഞ്ഞു ചെളിയില്‍ പൂണ്ടു കിടക്കുന്നു.ഉമ്മ മേക്സി കയറ്റി കുത്തി ഹവായ് ചെരുപ്പെടുത്ത് കയ്യില്‍ പിടിച്ചു..ഞാനിറങ്ങിയാല്‍ ഈ ട്രൌസറും കൂടി അലക്കേണ്ടി വരുമെന്ന് ഉമ്മാക്കറിയാം....ഉമ്മ ഉണ്ണിയേട്ടനെ വിളിച്ചു..മൂരിയെ എന്തോ പറഞ്ഞ് നടത്തം നിര്‍ത്തിയ ശേഷം ഉണ്ണിയേട്ടന്‍ വന്നെന്നെ കയ്യില്‍ കോരിയെടുത്തു നടത്തം തുടങ്ങി..മുഖത്ത് പണ്ടത്തെ ആ ഗൌരവമൊന്നും ഇല്ല..എനിക്ക് പേടിയും തോന്നിയില്ല..ഞാന്‍ വല്ല്യ കുട്ടിയായില്ലേ..നെഞ്ചിലെ രോമങ്ങളില്‍ ചെളി തെറിച്ച് തൂങ്ങിക്കിടക്കുന്നു..കൈകള്‍കൊക്കെ നല്ല ബലം..ഞാന്‍ മെല്ലെ ചൂണ്ടുവിരല്‍ കൊണ്ട് കയ്യുടെ മസിലില്‍ തൊട്ടുനോക്കി.. "ഹൊ..എന്തൊരു ഉറപ്പാ.." ഞാന്‍ തൊട്ടത് മൂപ്പര് അറിഞ്ഞിട്ടേയില്ല..മൂന്നു വയലും കഴിഞ്ഞു ഇക്കര എത്തുമ്പോഴേക്കും ഉമ്മയുടെ കാലും മേക്സിയുടെ തുമ്പും ചെളിയില്‍ കുളിച്ചു..
നിറയെ കവുങ്ങിന്‍ മരങ്ങളുള്ള പറമ്പിന്‍റെ ഓരത്ത് കൂടി ചെറിയൊരു കുഞ്ഞു കൈതോടുണ്ട്.അതില്‍ നിറയെ എഴുത്തച്ചന്മാര്‍ കളം വരയ്ക്കുന്നു...തോട്ടിന്‍ കരയില്‍ വലിയൊരു പുളിമരമുണ്ട്..എപ്പോഴും കുഞ്ഞിലകള്‍ കാറ്റത്ത് വീണുകൊണ്ടേയിരിക്കും...അതിനടുത്താണ് പാറുവേട്ടത്തിയുടെ വീട്..വീട്ടില്‍ ഇടയ്ക്കിടെ വരും..എപ്പോഴും തമാശയാണ്..ചിരിച്ചു കണ്ണില്‍ നിന്നും കണ്ണീര് വന്നെന്നു ഉറപ്പ് വരാതെ ഏട്ടത്തി പോവാറില്ല..

പക്ഷെ ഇന്ന് കണ്ടത് വല്ലാത്തൊരു അവസ്ഥയിലാണ്..കവിളിന്‍റെ രണ്ട് ഭാഗവും ചുവന്നു തടിചിട്ടുണ്ട്..കണ്പോളകള്‍ കണ്ണിനേക്കാള്‍ വലുപ്പത്തില്‍ മുഴച് നില്‍ക്കുന്നു..ഞങ്ങളെ കണ്ടതും ഉടുത്തിരുന്ന മുണ്ടിന്‍റെ കോന്തല കൊണ്ട് മുഖം തുടച്ച് ചിരിക്കാന്‍ നോക്കി..പക്ഷെ കടിഞ്ഞാന്‍ പൊട്ടിയപോലെ കണ്ണീര്‍ കവിളിലൂടെ ഒഴുകി..എനിക്കും വല്ലാത്ത സങ്കടമായി..എന്നും ചിരിച്ചു കാണുന്നവര്‍ ഒന്ന് കണ്ണു കലങ്ങിയാല്‍ പോലും നെഞ്ച് പിടയ്ക്കില്ലേ....


ഇത് കണ്ടോ ഇത്താത്താ...ന്‍റെ മോന്‍റെ പണിയാ....പറഞ്ഞു കഴിഞ്ഞതും കരച്ചില്‍ ഉച്ചത്തിലായി..
ഇങ്ങള് കരയാതെ കാര്യം പറയ്‌ പാറമ്മേ..

ഇന്നല ചോറ് കൊടുത്തപ്പോ ഒരു ചെറ്യ മുടി കണ്ടെയ്നു ന്ന ഓന്‍ അടിച്ച് ഇത്താത്താ...ഓനറിയൂലാലോ ഓന്‍റെ മൂത്രം എത്ര ഞാന്‍ കുടിച്ച് പോയിട്ട്ണ്ടെന്ന്...
കരച്ചില്‍ അടക്കാന്‍ പാറുവമ്മ വല്ലാതെ പാടുപെടുന്നു...എന്ത് പറയണം എന്നറിയാതെ ഉമ്മ കഷ്ടത്തിലായി..
ഇനിയെന്തെങ്കിലും പറഞ്ഞാല്‍ ഇനിയും പാറുവമ്മ കരയും..വിഷയം മാറ്റാനും ഉമ്മ ശ്രമിച്ചു നോക്കി..മകന്‍ മനസ്സില്‍ ആഴത്തില്‍ കുത്തി നിര്‍ത്തിയ നൊമ്പരത്തില്‍ നിന്നും അമ്മയെ ഇളക്കാന്‍ സാധിച്ചില്ല..

ന്നാ മ്മക്ക് ഡോക്റ്റ കാണാം..എന്തേലും മരുന്ന് വെക്കണം..
ഇല്ല താത്താ..ഇങ്ങള് പൊയ്ക്കോ..എല്ലാരും പിരിയുമ്പോ പോയി കാണാം..ആരും കാണണ്ട..കണ്ടാല്‍ ഞാന്‍ മരിച്ചാലും മോന് അമ്മയെ തല്ല്യോന്‍ ന്ന പേരായ്ക്കും..

പറഞ്ഞത് ശെരിയാണെന്ന മട്ടില്‍ കുറച്ച് നേരം ഞങ്ങള്‍ ഏട്ടത്തിയെ നോക്കി നിന്നു..കുറച്ചുകൂടി അവിടെ നിന്ന് ചേച്ചിയെ ആശ്വസിപ്പിക്കണം എന്നുണ്ട്..നേരമിത്തിരിയായി..ഞങ്ങള്‍ നടന്നു..ദൂരെ ആശുപത്രിയുടെ നിറം കണ്ടുതുടങ്ങി..

ചെറിയൊരു കൊണ്ഗ്രീറ്റ് കെട്ടിടമാണ് ആശുപത്രി..ചുവരില്‍ നിറയെ മഴവെള്ളം പല തവണകളായി ഒലിച്ചിറങ്ങിയ പാടുകള്‍ പലവിധ നിറങ്ങളായി നില്‍ക്കുന്നു..മുന്നില്‍ ചെറിയൊരു വലിയ മരം..രോഗികള്‍ കൊക്കന്‍ തുള്ളിയും ഏന്തി വലിഞ്ഞും പുറത്ത് കൂടി നടക്കുന്നു..ചില രോഗികള്‍ ഇടയ്ക്ക് ചകിരി കയറ്റി റോഡിലൂടെ പോകുന്ന അണ്ണാച്ചി വണ്ടികളെ ഓര്‍മ്മിപ്പിച്ചു..

ഹാളിന്‍റെ കവാടത്തില്‍ ജഡ്ജിയെ പോലെ ഒരുത്തന്‍ ഇരിപ്പുണ്ട്..അദ്ധേഹമാണ് കമ്പോണ്ടര്‍..കൂടിയിട്ട ചില്ലറ പൈസകള്‍ക്ക് നടുവില്‍ വലിയൊരു കിതാബുമായി വരുന്നവര്‍ക്ക് ഷീറ്റ് കൊടുക്കുന്നത് അയാളാണ്...രോഗിയുടെ പേരും വയസ്സുമൊക്കെ ചോദിക്കുമെങ്കിലും എഴുതുന്നത് വേറെ..പറയുന്നത് വേറെ..

കുറച്ച് പേരുണ്ട് മേശയ്ക്ക് ചുറ്റും..ഓരോരുത്തരായി പേരും വയസ്സും പറഞ്ഞു കൊടുത്തു..കമ്പോണ്ടറച്ചന്‍ എല്ലാം ഒരു വകയില്‍ എഴുതി..ഇനിയിപ്പോ ആരേലും ന്‍റെപേരെവിടാ എഴുത്യെ എന്ന് ചോദിച്ചാല്‍ മൂപ്പര് കുടുങ്ങ്യത് തന്നെ..

ഹാളിലെ ചുമരില്‍ കുഞ്ഞിനെ മടിയില്‍ കിടത്തി തലയ്ക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന അമ്മയുടെ ചിത്രം..അതിന്‍റെ തൊട്ടിപ്പുറത്ത് ക്ഷയം പിടിച്ച ക്ഷയരോഗത്തിന്‍റെ ചിത്രം..അതിന്‍റെ താഴെ മന്ത് രോഗത്തിന്‍റെ ചിത്രം..എല്ലാം കൂടി കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തല കറങ്ങുന്നത് പോലെ..കാലാടുന്ന ബെഞ്ചില്‍ രണ്ട് വല്ല്യച്ചന്മാര്‍ക്ക് നടുവില്‍ ചന്തിയുടെ തുമ്പ് തൊടീച്ച് ഞാനിരുന്നു..രണ്ട് പേര്‍ക്കും വലിവിന്‍റെ അസുഖമാണ്..അവരുടെ ഓരോ വലിവിലും ഞാന്‍ മെല്ലെ മെല്ലെ ഉള്ളോട്ട്‌ വലിഞ്ഞിരുന്നു...

ഓരോരുത്തരായി ഡോക്റ്ററുടെ മുറിയില്‍ കയറിയിറങ്ങി..ഉള്ളില്‍ കയറിയവന്‍റെ സംസാരം കേള്‍ക്കാന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ കാതോര്‍ക്കും..വലിവുള്ള വല്യച്ചന്‍ കയറിയിറങ്ങിയപ്പോള്‍ ഞങ്ങള്‍ ഉള്ളില്‍ കയറി..ഉമ്മ കാര്യങ്ങളൊക്കെ ഡോക്റ്ററോട് പറഞ്ഞെങ്കിലും പുതിയതായി ഒരു മരുന്നും പറയാത്തതില്‍ ഉമ്മാന്‍റെ മുഖത്ത് നിരാശ നല്ലോണം ഉണ്ട്..

അനക്ക് എന്തേലും കാണിക്കാന്‍ ണ്ടോ...?” ഉമ്മ എന്നോട് ചോദിച്ചു..

കാലിന്‍റെ മടക്കില്‍ ഉണങ്ങി തുടങ്ങിയ ഒരു കുരു ആശുപത്രി എത്തുമ്പോഴേക്കും ഞാന്‍ കൈകൊണ്ട് മാന്തി പൊട്ടിച്ചിരുന്നു..ഏതായാലും ഡോക്റ്റ കാണാന്‍ പോകുവല്ലേ..

ഇതള്‍ വിടര്‍ത്തി നില്‍ക്കുന്ന കുരു ഞാന്‍ ഡോക്റ്ററുടെ മുമ്പിലേക്ക് നീട്ടി വെച്ച് കൊടുത്തു..

ഇതിനു മരുന്നൊന്നും വേണ്ട..താനേ ഉണങ്ങിക്കോളും..ഡോക്റ്റര്‍ അടുത്ത ആളെ വിളിച്ചു..
ഉണങ്ങി വന്നതായ്നും..വെറുത മാന്തി പൊട്ടിച്ച്..

ഇറങ്ങാന്‍ നേരം എന്നെ അടുത്തേക്ക് നിര്‍ത്തിയിട്ട് ഉമ്മ ഡോക്റ്ററോട് സ്വകാര്യം ചോദിച്ചു..
ഉറങ്ങുമ്പോ ഒഴിക്കാണ്ട് നിക്കാന്‍ എന്തേലും വഴിണ്ടോ...?”

ഡോക്റ്റര്‍ എന്‍റെ പൈപ്പില്‍ കയറിപ്പിടിച്ചു..വലിയൊരു സിറിഞ്ച് എടുത്തിട്ട് പറഞ്ഞു..ഇത് കൊണ്ട് ഒരു സൂചി വെച്ചാല്‍ മതി..പിന്നെ ഒഴിക്കൂല..
ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു... ഇനി ഉറങ്ങുമ്പോ ഒഴിക്കോ...?” ഡോക്റ്റര്‍ ചിരിച്ച് കൊണ്ട് ചോദിച്ചു..

ഇല്ലാ............................!! എന്‍റെ ശബ്ദം കേട്ടു കുറെ പേര്‍ ഓടി വന്നു..

മരുന്നുകള്‍ വാങ്ങി തിരികെ നടക്കുമ്പോള്‍ എന്‍റെ കരച്ചില്‍ നിര്‍ത്താന്‍ ഉമ്മ കുറെ പാടുപെട്ടു..ആശുപത്രി കവാടം കഴിഞ്ഞിറങ്ങുമ്പോള്‍ മതില്‍ കെട്ടിനപ്പുറം ഞാന്‍ കണ്ടു.ആരും കാണാതെ ആശുപത്രിയിലേക്ക് ഏന്തി നോക്കി ഇരിക്കുന്ന പാറുവമ്മയെ..എലാവരും ഒഴിഞ്ഞിറ്റൊന്നു ഡോക്റ്ററെ കാണിക്കാന്‍....

കുട്ട്യോള് അമ്മാരെ തല്ലോ......?
ഉം..ചീത്ത കുട്ട്യോള്...
തല്ലനത് കുറ്റല്ലേ......?
പിന്ന...കുറ്റല്ലേ...?” ഉമ്മയെന്‍റെ തലമുടിയില്‍ തലോടി കൊണ്ട് ചോദിച്ചു..
ഉം..കുറ്റം കിട്ടട്ടെ..ഓന്‍റെ കണ്ണ് പൊട്ടിപ്പോട്ടെ.. ഞാന്‍ നടത്തത്തിനിടയില്‍ പിറുപിറുത്തു


തിമിരക്കണ്ണുകള്‍

നിസ്ക്കാരം കഴിഞ്ഞ് ആരും എണീറ്റ് ഓടരുത്..പത്തുമിനിറ്റ് ഒരു കാര്യം പറയാനുണ്ട്..ജുമാ നിസ്ക്കാരം തുടങ്ങുന്നതിനു മുമ്പ് ഇമാം പറഞ്ഞു....വാതില്‍ക്കല്‍ സ്ഥാനം പിടിച്ചിരുന്ന പള്ളിവഴിയിലെ കച്ചോടക്കാരന്‍ മൂസക്കാ അത് കേട്ട് ഉള്ളോട്ട്‌ കയറി ഇരുന്നു..

ഇമാം പറഞ്ഞതിന്‍റെ പലവിധ സാധ്യതകള്‍ മനസ്സിലിട്ടു കൊണ്ടായിരിക്കണം എല്ലാവരും നിസ്ക്കരിക്കാന്‍ കൈ കെട്ടിയത്..പിരിവാണോ...അതോ....?

പിരിവായിരിക്കും എന്ന് കരുതിയവര്‍ കുറച്ച് പേര്‍ നിസ്ക്കാരം കഴിഞ്ഞയുടനെ എണീറ്റ് ഓടി..ചിലര്‍ വെറുതെ ഫോണ്‍ ചെവിയില്‍ വെച്ച് സ്കൂട്ടായി..

ബലിപെരുനാളിന് ഇനി കുറച്ച് ദിവസം കൂടിയേ ഉള്ളൂ..അതിന്‍റെ കാര്യങ്ങളൊക്കെ ഒന്ന് തീരുമാനിക്കണ്ടേ....?”

അതിപ്പോ എന്ത് തീരുമാനിക്കാനാ...? ഇത് വരെ കിട്ടിയത് 25 പോത്ത്..ഇനി ആരെങ്കിലും ഉണ്ടോ...?കണക്ക് പുസ്തകം പിടിച്ച് ഹാജ്യാര് വിളിച്ച് ചോദിച്ചു..
ആരും മിണ്ടിയില്ല..
അല്ല കോയാ..അന്‍റെ വക ഒന്നും ല്ലേ...?
ഹാജ്യാര് ഏറ്റവും പുറകിലിരിക്കുന്ന കോയക്കാനോട് ചോദിച്ചു..

ഹാജ്യാരേ..ന്‍റെല്‍ ഒന്നൂല്ല..ആഗ്രഹണ്ട്...

അതെന്താടോ...അന്‍റെ രണ്ട് മക്കള് ഗള്ഫില് അല്ലെ..ന്നിട്ടും ഒരു പോത്തിന്‍റെ പയ്തി അനക്ക് കൊടുത്തൂടെ...?

ഹാജ്യാരേ..ഗള്‍ഫിന്‍റെ കഥയൊന്നും പറയണ്ട..രണ്ടാളും ഇത് വരേം പച്ച പിടിച്ചില്ല..

അത് പോട്ടെ ഹാജ്യാരേ..എന്തിനാപ്പോ ഇത്രേം പോത്ത്..മ്മളെ മഹല്ലില് ഏറിയാല്‍ നൂറോ നൂറ്റിപ്പത്തോ പൊരയല്ലേ ഉള്ളൂ..പത്തോ പതിനഞ്ചോ പോത്ത് തന്ന അധികല്ലേ...ബാക്കി പൈസക്ക് ഏതെങ്കിലും പാവപ്പെട്ടോന് പൊര വെച്ച് കൊടുത്തൂടെ..ഇല്ലേല്‍ ഏതേലും പാവപ്പെട്ട പെണ്‍കുട്ട്യോളെ കല്യാണം നടത്തി കൊടുത്തൂടെ...?

ഇഞ്ഞി പ്പോ ഈല് ഇടപെടണ്ട..പൈസ മൊടക്കുന്നോര് വര്‍ത്താനം പറയട്ടെ..മഹല്ല് കമ്മിറ്റി പ്രസിടന്റ്റ് എന്ന നെലക്ക് മുപ്പതെണ്ണം തെകച്ചും അറക്കണം എന്നാ ന്‍റെ അഭിപ്രായം..ആ തോട്ടുമുക്കിലെ പള്ളീനേക്കാളും മുന്നില് മ്മള് നിക്കണം..അത് ന്റൊരു വാശിയാ..

ന്നാ പിന്ന കൊറച്ച് അടുത്ത മഹല്ലിലേക്ക് കൊടുത്തൂടെ...? കോയക്ക ബേജാറോടെയാണ് പറയുന്നത്..

അല്ല ഹാജ്യാരേ..കോയ ആ പറഞ്ഞതും ശെര്യല്ലേ..ഇങ്ങന വാരി വലിച്ച് കൊടുത്തിട്ട് അനാഥിയാക്കണോ..?” ഇമാം ഇടപെട്ടു.

അവിടുത്തെ കാര്യം നോക്കാന്‍ അവിട മഹല്ല് ഇല്ലേ..? ഇതില് ഇനി വേറൊന്നും പറയാനില്ല..എല്ലാം പറഞ്ഞ പോലെ..അറവ് നടക്കട്ടെ..ഹാജ്യാര് എണീറ്റു..

പള്ളി വാതിലില്‍ ടവ്വല്‍ വിരിച്ചു കയ്യില്‍ ചെറിയൊരു കാര്‍ഡും പിടിച്ച് ഇരിക്കുന്ന സ്ത്രീ എല്ലാവരും വരുന്നത് കണ്ട് എണീറ്റ്‌ നിന്നു..ചിലര്‍ പത്തും ഇരുപതും ടവ്വലിലേക്ക് ഇട്ട് കൊടുത്തു..
ഹാജ്യാര് മുന്നിലെത്തിയപ്പോള്‍ സ്ത്രീ കാര്‍ഡ് നീട്ടി കൊണ്ട് പറഞ്ഞു..

എന്നെ സഹായിക്കണം...

ഇങ്ങള് ബലി പെരുന്നാക്ക് വരീന്‍..ന്‍റെ ഓതീന്നു കൊറച്ച് എറച്ചി അനക്ക് തരാം..അതേ പ്പോ ണ്ടാവൂ..

എറച്ചി മാണ്ട ഹാജ്യാരേ..മോളെ കല്യാണാ അടുത്ത മാസം..പൈസ ഒന്നും ഇല്ല..ഇങ്ങള് കാര്യായിറ്റ് എന്തെങ്കിലും തരണം..

അതിനിപ്പോ ഞാന്‍ എന്താക്കാനാ..ന്റെല്‍ മാണ്ടേ..പത്ത് നാപ്പതിനായിരം ഉറുപ്യ ആയി പോത്തിന്..ഇപ്പ്രാവശ്യം മറ്റൊരെക്കാളും പത്ത് പോത്ത് അധികാ മ്മളെ മഹല്ലില്....ഇങ്ങള് ഏതായാലും പെരുന്നാളൊക്കെ കൈഞ്ഞിറ്റ് വരീ..അപ്പൊ നോക്കാം..

ഹാജ്യാരുടെ കയ്യില്‍ നിന്ന് കാര്യമായിട്ട് ദാനം കിട്ടുമെന്ന് കരുതിയ സ്ത്രീ നിലത്തെ ടവ്വലെടുത്ത് കണ്ണു തുടച്ചു..

എല്ലാം കണ്ടുനിന്ന കോയക്കാ കുറച്ച് പൈസയെടുത്ത്‌ സ്ത്രീക്ക് കൊടുത്തിട്ട് പറഞ്ഞു..
കരയണ്ട മോളെ..ഇവിടെ എല്ലാം മത്സരമാണ്..അതിനിടക്ക് നിന്‍റെ കണ്ണീര് കാണാന്‍ ആര്‍ക്കാ നേരം..പടച്ചോന്‍ എന്തെങ്കിലും വഴി കാണിച്ചു തരും....!!