നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ആട്

വാപ്പ ചേതിപ്പടിയില്‍ ക്ഷീണിച്ച്  കിടക്കുകയാണ്,ഞാന്‍ മുറ്റത്ത് തെങ്ങിന്‍ ചുവട്ടില്‍ ആടിനെയും നോക്കി കുത്തിയിരിപ്പാണ്‌ ,ആടിന് മാറ്റമൊന്നുമില്ല .തല നീട്ടി വെച്ച് അതേ കിടപ്പ് തന്നെ ,ഇടയ്ക്കിടെ മൂളുന്നുണ്ട് ,

തലയ്ക്ക് മുകളില്‍ തൂക്കിയിട്ട പ്ലാവില തൊട്ടു നോക്കിയിട്ടില്ല..ഞാന്‍ അടുത്തേക്കിരുന്നു കൈ കൊണ്ട് തടവി കൊടുത്തു .സാരല്ല ട്ടോ ,വേം മാറും ട്ടോ ..ഞാനോരോന്നു പറഞ്ഞു ആടിനെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു ..ആടെന്നെ തന്നെ നോക്കി അതേ കിടപ്പ് തുടര്‍ന്നു

രാവിലെ സൈക്കിളില്‍ വാതില്‍ കഷണം വെച്ചു കെട്ടി അതില്‍ ആടിനെയും വെച്ചു ഡോട്ടറെ  കാണിച്ചു വന്നതാ വാപ്പ ,ഒന്നുരണ്ടു മരുന്നുകള്‍ ഒക്കെ തന്നെങ്കിലും ഡോട്ടര്‍ പറഞ്ഞൂ ത്രെ ..ആടിന് ഇത്തിരി വയസ്സൊക്കെ ആയി ലേ ന്ന് ..ആണല്ലോ ..ന്‍റെ വയസ്സൊക്കെ ണ്ടാകുമായിരിക്കും ,അല്ല ചെലപ്പോ അതിലും കൂടുമായിരിക്കും .

രണ്ട് ഈച്ചകള്‍ ആടിന്‍റെ മൂക്കത്ത് വന്നിരുന്നു.ആട് സര്‍വ്വ ശക്തിയും ചേര്‍ത്ത് തലയൊന്നു കുടഞ്ഞു..

നീ ഉറങ്ങുന്നില്ലേ ..നേരം 10 ആയി ..പോയി ഉറങ്ങിക്കോ ,ആടിന് നാളേക്ക് സുഖാവും ട്ടോ,മോന്‍ ചെല്ല് ഉമ്മയെന്നെ പിടിച്ചു വലിച്ചു ..

കിടന്നിട്ടും ഉറക്കം വന്നില്ല ,നേരം പുലര്‍ന്നു അന്തിയാകുന്ന വരെ ആടിന്റെ കൂടെ കളിച്ചു നടന്ന ഞാനെങ്ങനെ ഇപ്പൊ ഉറങ്ങും ..കിടന്നു കിടന്നു എപ്പഴോ ഒന്നു മയങ്ങി പോയി ..

ഒച്ചയും ബഹളവും കേട്ടാണ് ഞെട്ടി ഉണര്‍ന്നത് ..ആടിന് തീരെ വയ്യ ,വാപ്പ അപ്പുറത്തെ രാഘവേട്ടനെ വിളിച്ചു ,രാഘവേട്ടന്‍ രാജേട്ടനെ വിളിച്ചു ,ചുറ്റുപാടും ഉള്ളവര്‍ എല്ലാരും ഓടിയെത്തി ..

എന്ത് ചെയ്യും ..എന്ത് ചെയ്യും എല്ലാരും ഓരോന്ന് പറഞ്ഞു . കട്ടന്‍ ചായ കടുപ്പത്തില്‍ കൊടുത്തു നോക്കിന്‍ .രാജേട്ടന്‍ പറഞ്ഞു .. ഉമ്മ ഓടി പോയി കടുപ്പത്തില്‍ ചായ കൊണ്ട് വന്നു ..ആടിനെ കുടിപ്പിച്ചു ..കുടിക്കുന്നില്ല പകുതിയും പുറത്ത് ..

എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി .ഞാന്‍ ആടിന്‍റെ വയറില്‍ തടവി കൊണ്ടേയിരുന്നു ..വയര്‍ വീര്‍ത്തു വലുതായിരിക്കുന്നു ..മണ്ണെണ്ണ വിളക്കും ചൂട്ടുമായി ഓരോരുത്തരായി വരുന്നുണ്ട് ..എല്ലാരും മൂക്കത്ത് വിരല്‍ വെച്ചു അടക്കം പറച്ചില്‍ ..

വായില്‍ ഒരു നുര ,ഒരു പിടച്ചില്‍ .തല നീട്ടി ഒരു മറച്ചില്‍ .......പിന്നെ അനങ്ങിയില്ല...

ഈച്ചകള്‍  മൂക്കത്ത് വന്നിരുന്നു ഒന്നല്ല....ഒരുപാട്  ...ആട് ആട്ടിയില്ല ,അനങ്ങിയില്ല

ഞാന്‍ ആടിന്‍റെ കെട്ടിപിടിച്ചു കരഞ്ഞു ..

ന്നാ പിന്നെ വേം നോക്കാം ലേ ,നേരം വൈകിയാല്‍ .......

രാഘവേട്ടന്‍ കൈക്കോട്ടുമായി വന്നതാണ് .വാപ്പയും രാജേട്ടനും ഒപ്പം കൂടി പിന്നിലെ പറമ്പില്‍ കുഴിയെടുത്തു ..എല്ലാവരും ചേര്‍ന്ന് ആടിനെ എടുത്തു കുഴിയില്‍ വെച്ചു .. ഇനി അവിടെയാണ് ആട് ഉറങ്ങുക ..അവിടേം കൂട്ടുകാരൊക്കെ ഉണ്ടാകുമായിരിക്കും ..അവസാന പിടി മണ്ണും ആടിനെ മൂടുന്നത് വരെ ഞാന്‍ നോക്കി നിന്നു ..സങ്കടത്തോടെ തിരിഞ്ഞു നടക്കുമ്പോള്‍ മുറ്റത്തെ കവുങ്ങിന്‍ മറവില്‍ നിന്നു ഒരാള്‍ കരയുന്നു ..അപ്പുറത്തെ വീട്ടിലെ എന്‍റെ കൂട്ടുകാരി ....

പോയി ലേ ........

ഉം ....പോയി ....

ഞാനൊന്ന് ചിരിക്കാതെ ചിരിച്ചു ...അവളും ...