എന്നും പകലന്തിയോളം അദ്ധ്വാനിച്ച് കയ്യില്‍ അരിവക
സാധനങ്ങളുമായി കോണി കയറി വരുന്ന വാപ്പയെ കണ്ടിട്ടാകണം സ്വന്തമായി നാല് കാശ്
സമ്പാദിക്കണം എന്നൊരു മോഹം എന്നിലാദ്യം കുരുത്തത്..
ഒരാഴ്ചയോളം പിന്നാലെ നടന്നു ശല്യം ചെയ്തപ്പോള്‍
ഒരു ദിവസം വാപ്പ പറഞ്ഞു. “ന്നാ നാളെ ന്‍റെ കൂട പോരീ..”
കേട്ടപ്പോള്‍ എന്‍റെ
സന്തോഷത്തിനതിരില്ലായിരുന്നു..അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ വെറുതെ ചോദിച്ചു..
“എന്താ പണി..?”
“ചാണോന്‍ കോരി തെങ്ങിന്‍ തടത്തില്‍ ഇടണം..ഇഞ്ഞി
ഒറ്റക്കല്ല..ഒരാളും കൂടി ണ്ടാകും..”
അല്‍പ്പം നീരസം ഉണ്ടായിരുന്നെങ്കിലും ഞാനൊന്നും
മിണ്ടിയില്ല..
.............................
പിറ്റേ ദിവസം കാലത്ത് ഓരോ കാലി ചായയും കുടിച്ച്
ഞാനും വാപ്പയും വീട്ടില്‍ നിന്നിറങ്ങി. മൂട് കീറിയ പാന്റും കീറല്‍ കാണാതിരിക്കാന്‍
ഇറക്കമുള്ള ബനിയനുമാണ് എന്‍റെ വേഷം..പണ്ട് വാപ്പ ഒഴിവാക്കിയ ഒരു ചുവന്ന തോര്‍ത്ത്
മുണ്ട് നാലാക്കി നീളത്തില്‍ മടക്കി തോളിലിട്ടു.കണ്ടവര്‍ കണ്ടവര്‍ വാപ്പയോട്
ചോദിച്ചു.
“ഞ്ഞി ഈ പൊടി ചെക്കനേം കൊണ്ട് എങ്ങോട്ടാ
അബ്വേ...?
എന്താക്കാനാ...മന്‍ച്ചന് ചെവിക്ക് സ്വൈര്യം
തരണ്ടേ..ഓന്‍റെ പൂതി ഇന്നത്തോടെ മാറും..
......................
വലിയ തറവാട് വീടിന്‍റെ ഒരു ഭാഗത്ത് നാലോ അഞ്ചോ
പശുക്കളുള്ള ഒരു ആല..ആലയ്ക്ക് പിറകില്‍ പശുക്കള്‍ മത്സരിച്ച് തൂറി നിറച്ച വലിയൊരു
ചാണകക്കുഴി..അതിന്‍റെ അപ്പുറത്ത് ഭൂതക്കണ്ണാടി വെച്ച ഒരു കാരണവര്‍ പടണയുടെ
താഴിക്ക് ആപ്പ് ഇടുകയാണ്..എന്നെ കണ്ടപ്പോള്‍ കുട്ടയെടുത്ത് കുഴിക്കരികിലേക്ക്
വന്നു..വലിയ ആശ്ച്ചര്യമോന്നും കാരണവര്‍ക്ക് എന്നെ കണ്ടിട്ട് തോന്നിയില്ല..എന്നെക്കാള്‍
ചെറുപ്പത്തില്‍ ഭാരം ചുമന്നവര്‍ക്ക് എന്ത് ആശ്ചര്യം...?
എന്‍റെ കഴുത്തില്‍ പിടിച്ചിട്ട് ചോദിച്ചു.. “അന്ന
കൊണ്ടാകോ...? കയ്ത്ത് ഒറച്ചിക്കോ...?”
എനിക്ക് ശെരിക്കും മനസ്സിലായില്ല..ഞാന്‍ വെറുതെ
തല കുലുക്കി..
..........
തെങ്ങിന്‍തോപ്പിലേക്ക് അധികം ദൂരമില്ല..തോര്‍ത്ത്
മുണ്ട് തലയില്‍ കെട്ടി..മുകളില്‍ പ്ലാസ്റ്റിക്ക് കവര്‍ ഒരെണ്ണം ഇട്ടു..ചാണകം
കുട്ടയിലാക്കി നടത്തം തുടങ്ങി..കുട്ടയില്‍ പകുതി നിറയ്ക്കുമ്പോഴേക്കും കാരണവര്‍
പറയും.. “മതി മോനെ..മോനക്കൊണ്ട് ആകൂല..ഇനീം കൊറേ അധ്വാനിക്കണ്ടല്ലേ..”
നടത്തത്തിന്‍റെ താളത്തില്‍ ചാണകത്തിലെ വെള്ളം
കുട്ടയ്ക്കടിയിലൂടെ തലയിലൂടെ ഒലിച്ച് രണ്ടു കവിളത്തും ചിത്രം വരയ്ക്കും..പണക്കാരുടെ
വീട്ടിലെ പശുക്കളുടെ ചാണകത്തിന് ഇത്രയും ദുര്‍ഗന്ധമുണ്ടാകുമോ..?
റോഡിനിപ്പുറത്തെ പറമ്പില്‍ കിളച്ച്
കൊണ്ടിരിക്കുന്ന വാപ്പ ഞാന്‍ വരുമ്പോഴും പോകുമ്പോഴും തൂമ്പയുടെ താഴിയില്‍ മുഖം
വെച്ച് നിന്നുകൊണ്ട് ചോദിക്കും.. “വേദന ണ്ടോ...?ആവൂലെങ്കില്‍ ഞ്ഞി പൊയ്ക്കോ..”
തലയില്‍ കുട്ടയും വെച്ച് ഞാന്‍ കണ്ണ് ചിമ്മി
ഇല്ലെന്നു പറയും..
വൈകുന്നേരമായി..കയ്യും കാലും കഴുകി വീടിന്‍റെ
ചേതിയുടെ ഒരറ്റത്ത് ഞാന്‍ നിന്നു..കൂലി തരേണ്ടവന്‍ കുംബയും തടവി എന്നരികിലേക്ക്
വന്നു..കയ്യിലൊരു ഇരുപത് രൂപ ചുരുട്ടി തന്നു കൊണ്ട് എന്നോട് പറഞ്ഞു.. “പതിനഞ്ചാ
കണക്ക്..ആദ്യായിട്ടല്ലെ...ഇരുപത് വെച്ചോ..” ഞാനാകെ നിന്ന് വിറയ്ക്കുകയായിരുന്നു..ആദ്യമായി
ഒരാളോട് കൂലി വാങ്ങുന്നതിലെ ഭയവും വെപ്രാളവും എല്ലാം ഉണ്ട്..അപ്പോഴേക്കും വാപ്പ
പണി കഴിഞ്ഞു അങ്ങോട്ട് വന്നു..ഞാന്‍ കയ്യിലെ പണം വാപ്പയ്ക്ക് നേരെ
നീട്ടി..അദ്ദേഹം പക്ഷെ അത് വാങ്ങിയില്ല..
തിരിച്ചു നടക്കുമ്പോള്‍ വീട്ടുടമ എന്നോട് വിളിച്ചു
പറഞ്ഞു.. “ഇപ്പണി സ്ഥിരാക്കണ്ട..പഠിക്കണം..കേട്ടോടാ..”
ഞാന്‍ തലയാട്ടി..
അങ്ങാടിയില്‍ നിന്നും പതിവ് പോലെ മീന്‍ വാങ്ങി
പൈസയെടുക്കാന്‍ കീശയില്‍ കയ്യിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു..ഞാന്‍ കൊടുക്കാം വാപ്പാ...
മീന്‍ക്കാരന്‍ തെല്ലത്ഭുതത്തോടെ എന്നെയും
വാപ്പയേയും മാറി മാറി നോക്കി..വാപ്പ പറഞ്ഞു..
ഓന്‍റെ പൂത്യല്ലേ..ആയിക്കോട്ടെ ..എന്താ.....
..........
വയലിന്‍ നടുവിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന
നടവഴിയിലൂടെ ഞങ്ങള്‍ നടന്നു.തോര്‍ത്ത് മുണ്ട് ഇടയ്ക്കിടെ കുടഞ്ഞു തോളത്തേക്ക്
തന്നെ ഇട്ടുകൊണ്ട് ഒരു ജേതാവിനെ പോലെ.......അസ്തമയ സൂര്യന്‍ ഞങ്ങളെ കാത്ത് നിന്നത്
പോലെ പെട്ടെന്ന് എങ്ങോ മറഞ്ഞു..ഇരുളില്‍ തിരശീല തട്ടിമാറ്റി ചന്ദ്രന്‍ നിറഞ്ഞ
പുഞ്ചിരിയോടെ ഞങ്ങളെ നോക്കി നിന്നു...(ശുഭം)
No comments:
Post a Comment