നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

പശു


പശു ആലയില്‍ കിടക്കുകയാണ്. (അതോ ഇരിക്കുകയോ..?) കുരുമുളക് വള്ളികള്‍ പടര്‍ത്തിയ മുരിക്കിന്‍ മരങ്ങള്‍ക്കിടയിലൂടെ മുറ്റത്തേക്ക് കണ്ണും നട്ട്...

ഞാന്‍ മുറ്റത്തേക്കിറങ്ങി...പശുവിനെ ഇടംകണ്ണാലെ നോക്കി..പശു എന്നെയും..ഞാന്‍ ആലയിലേക്ക് പോകാനൊരുങ്ങി പെട്ടെന്ന് തന്നെ തിരിഞ്ഞു നടന്നു..പശു പകുതി വരെ എഴുന്നേറ്റ് ഞാന്‍ പോയത് കണ്ട് മടി പിടിച്ച് അവിടെ തന്നെ വീണ്ടും കിടന്നു..

കുറച്ച് കഴിഞ്ഞു ഞാന്‍ വീണ്ടും ആലയിലേക്ക് നടന്നു..പുലി വരുന്നേ പുലി എന്ന ചൊല്ല് പശുവിനറിയാമായിരിക്കണം.അടുത്തെത്തുന്നത് വരെ പശു എഴുന്നേറ്റില്ല...പുല്ലൂട്ടയുടെ മുന്നിലെത്തിയപ്പോള്‍ പശു എണീറ്റ് ഞാണ്‍ വിരിഞ്ഞു..ഹൌ..............ഫ്......!!! വാല്‍ ചുഴറ്റിയടിച്ചു ദേഹത്തെ പൊടികളൊക്കെ പറത്തി..

പുല്ലൂട്ടയിലെ ഉണങ്ങിയ പുല്ലു വാരിയെടുത്ത് ഒന്ന് കൂടി ഇളക്കി പശുവിന്‍റെ മുന്നിലേക്ക് നീക്കികൊടുത്തു..പശുക്കള്‍ക്ക് വിവരമില്ലെന്ന എന്‍റെ ധാരണ തെറ്റായിരുന്നു.മൊത്തം ഒന്ന് മണപ്പിച്ച് നോക്കി “ഇതിനിപ്പം ഞ്ഞി വരണ്ട കാര്യം ഇല്ലായ്നു” എന്ന മട്ടില്‍ എന്‍റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ഞാന്‍ പശുവിനോട് പറഞ്ഞു.. “ഭക്ഷണം വേസ്റ്റ് ആക്കരുത്..നിന്നേക്കാള്‍ പട്ടിണി കിടക്കുന്ന എത്രയോ പശുക്കള്‍ വേറെയില്ലേ....?”

പശുവിന് അതൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ല.ദൂരേക്ക് നോക്കി കണ്ണിറുക്കി..ഞാന്‍ നോക്കിയപ്പോള്‍ മുന്നിലെ ഷെഡില്‍ ഒരു കെട്ട് പച്ചപുല്ല് കിടപ്പുണ്ട്..അപ്പൊ അതാണ്‌ കാര്യം.പശുവിനെ കുറ്റം പറയാനൊക്കില്ല..ബിരിയാണി മുന്നില്‍ കാണുമ്പോ ആരും പഴഞ്ചോര്‍ തിന്നില്ലല്ലോ..

ഞാന്‍ ആ കെട്ടില്‍ നിന്നും തറിമരുന്നിനു പച്ചമരുന്നെടുക്കുന്നത് പോലെ ചെറിയൊരു പിടി വലിച്ചെടുത്തു.. പുല്ലുമായി ആലയുടെ അടുത്തെത്തുമ്പോഴേക്കും പശുവിന്‍റെ തല പുല്ലൂട്ടയ്ക്ക് പുറത്തെത്തിയിരുന്നു..

നേരത്തെ വാരിയിട്ട ഉണക്കപ്പുല്ലില്‍ പച്ചപുല്‍ പത്തിനൊന്ന്‍ എന്ന ക്രമത്തില്‍ മിക്സ് ചെയ്തു.. “മനുഷ്യനായാല്‍ ഉളുപ്പ് വേണമെടാ തെണ്ടി” എന്ന ആത്മഘതത്തോടെ പശു എന്നെയൊന്നു നോക്കി..ശേഷം ഉണക്ക പുല്ലില്‍ നിന്നും പച്ചപ്പുല്ല് തലയില്‍ നിന്നും പേനെടുക്കുന്ന ലാഘവത്തോടെ ഓരോന്നും വലിച്ചെടുത്തു.

തക്കം പാത്ത് ഉപ്പൂത്തി തൂണിലിരുന്ന മണികണ്ടനീച്ച പറന്നു വന്നു പശുവിന്‍റെ മുതുകതൊരു കടി വെച്ചു കൊടുത്തു. കടിച്ച് പിടിച്ച പുല്ലോടെ ഈച്ചയെ തെളിച്ചപ്പോള്‍ പുല്ലോരഞ്ചാറെണ്ണം ആലയിലും വീണു..എങ്കിലും ഒരു പത്ത് മിനിട്ടിനുള്ളില്‍ വളരെ സൂക്ഷ്മതയോടെ ഉണക്ക പുല്ലോരെണ്ണം പോലും തിന്നാതെ പച്ചപ്പുല്ല് മുഴുവന്‍ പശു തിന്നു തീര്‍ത്തു.

 

അടുത്ത പരിപാടി എന്താണെന്ന ചോദ്യ ചിഹ്നവുമായി പശു എന്‍റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..കണ്ണില്‍ കണ്ണില്‍ കുറെ നേരം നോക്കി നിന്നാല്‍ പശുവിനു നാണമാകില്ലേ..എനിക്ക് നാണമാകും..ഞാന്‍ തിരിഞ്ഞു നടന്നു..മുറ്റത്ത് നിന്നുഞാന്‍ വീണ്ടും പശുവിനെ ഒളിഞ്ഞ് നോക്കി..കുരുമുളക് വള്ളികള്‍ക്കിടയിലൂടെ പശു എന്നെ തന്നെ നോക്കി നില്‍ക്കുന്നു..

 

മുറിയില്‍ കയറി ജാലകവാതില്‍ പകുതി തുറന്നു ഞാന്‍ ഒന്നൂടെ നോക്കി.പശു മുറ്റത്തേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്.കുറെ നേരം കഴിഞ്ഞപ്പോള്‍ ഇനി കാത്ത് നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസ്സിലാക്കി കിടപ്പാടം ഒന്ന് കൂടി പരിശോദിച്ച് പതിയെ മുട്ട് കുത്തി ആഞ്ഞമര്‍ന്നിരുന്നു..ദേഹമാകെ ഒന്ന് വിറപ്പിച്ചു..പുറത്തും കഴുത്തിലുമൊക്കെയായി കുറച്ച് ഉളുമ്പുകള്‍ കൂടി ഉറങ്ങാനുണ്ട്..അത് കൂടി കഴിഞ്ഞാലെ സ്വസ്ഥമായി ഉറങ്ങാനൊകൂ..ഇനിയും കിട്ടുമെന്നു കരുതി  ചവയ്ക്കാതെ വിഴുങ്ങിയ പുല്ല് വീണ്ടും എടുത്ത് വായിലേക്കിട്ടു..ആകെ ഇത്തിരിയെ ഉള്ളൂ..സമയം പത്ത് മണിയായി..ഇനി നാളെ ചവയ്ക്കാം..പുറത്തേക്കെടുത്ത പുല്ല് വീണ്ടും അകത്തേക്ക് തന്നെ വിഴുങ്ങി..ഒന്ന് തെക്കോട്ടും വടക്കോട്ടും കാത് കൂര്‍പ്പിച്ചു. എല്ലാം നിശബ്ദം..തല ഇടത്തോട്ട് ചായ്ച്ച് ഇടയ്ക്കിടെ വാലനക്കി നിശബ്ധധയുടെ ഏതോ ഒരു യാമത്തില്‍ പശു ഉറക്കത്തിലേക്ക് വഴുതി വീണു...ഏതൊരു ജീവനുമെന്നപോലെ മിന്നാമിന്നികള്‍ വാഴുന്ന പാതയോരങ്ങളിലൂടെ സ്വപ്നങ്ങളുടെ ചിറകിലേറി മാലാഖമാരുടെ രാജ്യത്തിലേക്ക് പശു യാത്രയായി..
-----------------------------------------------------------------------------------------------
on fb:-http://goo.gl/QeeRMK

No comments:

Post a Comment