രാവിലെ എണീറ്റ ഉടനെ കണ്ണും തിരുമ്മി ചേതിയുടെ അങ്ങേ അറ്റത്ത്
നിന്നുകൊണ്ട് മുകളിലെ പറമ്പിലേക്കൊരു നോട്ടമുണ്ട്..മീത്തലെ വീട്ടിലെ മ്മടെ
കൂട്ടുകാരന്‍ എണീറ്റോ എന്ന് നോക്കണതാ..എന്നിട്ടാണ് പല്ല് തേപ്പും ചായ കുടീം..
കുറുപ്പിന്‍റെ ചേക് പൊളിച്ചപ്പോള്‍ കിട്ടിയ മന്‍കട്ട കൊണ്ടുണ്ടാക്കിയ
വിറകു പുരയുടെ മൂലയില്‍ ഒരു മങ്കൊട്ടയുണ്ട്..അതിലാണ് കളിയായുധങ്ങള്‍
സൂക്ഷിക്കുന്നത്..
ചിരട്ട,ഓട്ട വീണൊരു കലം,വാപ്പ ഷേവ് ചെയ്ത് ഒഴിവാക്കിയ തുരുമ്പെടുത്ത ബ്ലേഡ്,പൊളിഞ്ഞൊരു റേഡിയോ,ഫ്യൂസായ ഒന്നുരണ്ട് ബള്‍ബുകള്‍,കുറച്ച് മരുന്നിന്‍റെ ഒഴിഞ്ഞ കുപ്പികള്‍,ചിരട്ട കൊണ്ടുള്ള തുലാസ്,പിടി ഒടിഞ്ഞ ഒരു കത്തി,കഷായത്തിന്‍റെ ഔന്‍സ് ഗ്ലാസ് .അങ്ങനെ പോകുന്നു
മീത്തലെ കൂട്ടുകാരന്‍ വന്നാല്‍ കളി
തുടങ്ങും.പീട്യേക്കച്ചോടമാണ്..ഇന്നലെ കച്ചോടം ചെയ്ത വകയില്‍ കിട്ടാനുള്ള
കണക്കൊക്കെ ഉണ്ടാകും പറയാന്‍..ഇഷ്ടികപ്പൊടിയാണ് മുളക് പൊടി,മഞ്ഞ നിറത്തില്‍ ഒരു കല്ലുണ്ട്..അതിന്‍റെ പൊടി മഞ്ഞള്‍ പൊടി.പൊടികള്‍
ഉണ്ടാക്കാന്‍ പനയുടെ മടല്‍ മതിലിനോട് ചാരി വെച്ച് അതിന്‍റെ ചാലിലൂടെ കല്ല് കുത്തി
പൊടിച്ചത് ഇട്ടാല്‍ തരിയും പൊടിയും വേറെ വേറെ കിട്ടും..
പിന്നെ മൊച്ചിങ്ങ,കൈതച്ചക്കയുടെ ഇല
നുറുക്കിയത്,കക്കത്തോട്,സോപ്പിന്‍റെ ഒഴിഞ്ഞ
പെട്ടികള്‍,അങ്ങനെ എന്തൊക്കെ എന്തൊക്കെ..ഇടയ്ക്ക് അടുക്കളയില്‍ നിന്നും ഉള്ളിയും
കിഴങ്ങുമൊക്കെ എടുത്ത് വെക്കും..കറിവെക്കാന്‍ നേരം ഉമ്മ മ്മളെ കടയില്‍ നിന്നാ
സാധനം വാങ്ങിക്കുന്നെ ..അതും ഒരു കച്ചോടാണല്ലോ..ഏത്...
കളിയുടെ ഹരം കൂടി വരുമ്പോഴേക്കും ഉമ്മാന്‍റെ വിളി
വരും..അന്നേരമുണ്ടൊരു ദേഷ്യം വരാന്‍..സങ്കടവും ദേഷ്യവും കൊണ്ട് കരയാതൊരു
കരച്ചിലുണ്ട്..മടഞ്ഞ ഓല കൊണ്ട് പീട്യ മൂടിയിട്ട് വരുന്നത് വരെ ഒന്നും ചെയ്യൂല എന്ന
വാക്കാലാണ് കുളിക്കാന്‍ കിണറ്റുകരയിലേക്ക് പോകുന്നത്..ഒരു നൂറു വര്‍ഷം പഴക്കമുള്ള
വലിയൊരു പാറക്കല്ലുണ്ട് കിണറ്റിനടുത്ത്.സമൂസയെ പോലിരിക്കും..ഉപ്പൂപ്പാന്‍റെ ഉപ്പ വരെ
കുളിചിട്ടുണ്ടാകും..അത് കൊണ്ടാകും കയറി നില്‍ക്കുന്നിടത്ത് കാലിന്‍റെ പാട് ഒരു
കുഴി പോലെ..
ബാലവാടിയുടെ മുന്നിലെ റേഷന്‍ കടയോട് ചേര്‍ന്നുള്ള പെട്ടി കടയില്‍
നിന്ന് എന്നും ഒരു മുട്ടായി കിട്ടുന്നതാ..അത് കിട്ടാന്‍ വൈകിയൊരു ദിവസം ഞാന്‍
ഭരണിയില്‍ കയ്യിട്ടപ്പോള്‍ കിട്ടിയ അടി കൈപ്പുറത്ത് ദാ ഇപ്പഴും ഞാന്‍
അറിയുന്നുണ്ട്..
അങ്ങനെ ബാലവാടിയില്‍ എത്തി..ആദ്യമാദ്യം എത്തിയവര്‍ കളി തുടങ്ങി..മരം
കൊണ്ടുണ്ടാക്കിയ കട്ടകളാണ് കളിപ്പാട്ടങ്ങള്‍,പിന്നൊരു ആടിക്കളിക്കുന്ന
കുതിരയും ഉണ്ട്..പിന്നെ മഞ്ചാടിയും പുളിങ്കുരുവും ഉണ്ട്..
ടീച്ചര്‍ എന്നെ വാരിയെടുത്ത് ഒരു ഉമ്മ തരും..കറുത്ത് മെല്ലിച്ച
ടീച്ചറുടെ തൊലിയുടെ മണം ഇന്നും എനിക്കറിയാന്‍ പറ്റുന്നുണ്ട്...ഓരോ വാക്കുകളും
മഞ്ചാടിക്കുരുകൊണ്ട് എഴുതിപ്പിക്കും..ഉച്ചയായാല്‍ സ്റ്റീല്‍ പ്ലേറ്റില്‍ കഞ്ഞി
വിളമ്പും..ജലദോഷം പിടിച്ച് ചീരാപ്പ് ഒലിപ്പിക്കുന്നവരും ട്രൌസറില്‍
മൂത്രമൊഴിച്ചവരും എല്ലാം ഉണ്ടാകും നിരനിരയായി ഇരിക്കുന്നവരില്‍..അത് കഴിഞ്ഞാല്‍
പ്രാര്‍ത്ഥനയാണ്..അന്നം തന്ന ദൈവത്തിന് നന്ദി എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന,പിന്നെ എല്ലാവരും ബാലവാടിയുടെ സിമന്റ് മിനുകിയ തറയില്‍
കിടന്നുറങ്ങും..ഉറങ്ങുന്ന ഞങ്ങള്‍ക്ക് കാവല്‍ നിന്ന് കൊണ്ട് ചിലപ്പോ റ്റീച്ചറും
ചുമര് ചാരി ചെറുതായിട്ടൊന്നു മയങ്ങും...
സമയം മൂന്നു മണിയായാല്‍ എല്ലാവരെയും കൊണ്ടു പോകാന്‍ അമ്മമാര്‍
വരും..പശുവിനെ വയലോരത്ത് എവിടെയെങ്കിലും കെട്ടിയിട്ട് എന്‍റെ ഉമ്മ ദൂരെ നിന്നേ കൈ
നീട്ടും..ഞാന്‍ ആ കൈകളിലേക്ക് മാത്രം കണ്ണും നട്ട് ഓടി ഉമ്മാനെ കെട്ടി
പിടിക്കും..പശുവിന്‍ മണമുള്ള കൈകളാല്‍ ഉമ്മയെന്നെ വാരിപ്പുണര്‍ന്നൊരു മുത്തം തരും..
വയല്‍ വക്കില്‍ നിന്നും പശുവിന്‍റെ കെട്ടഴിച്ച് ഒരു കയ്യില്‍
പശുവിനെയും മറുകയ്യില്‍ എന്നെയും പിടിച്ചു കൊണ്ട് നടക്കുമ്പോള്‍ ഉമ്മ ചോദിക്കും..
“മോനെന്തിനാ ഉമ്മാനെ കണ്ടപ്പോ ഓടിയേ,വന്നു
കെട്ടി പിടിച്ചേ”
ഞാന്‍ പറയും “ഇഷ്ടം കൊണ്ട്”
അപ്പോള്‍ മനസ്സില്‍ നിന്നും നിറഞ്ഞു കവിയുന്ന ചിരിയുടെ അംശം ഉമ്മാന്‍റെ
മുഖത്ത് വിരിയും..
ഉമ്മാന്‍റെ കയ്യില്‍ പിടിച്ചു തൂങ്ങി കാലു കൊണ്ടു പച്ചപുല്ലുകളില്‍
തട്ടി നടക്കുമ്പോള്‍ ഞാനും ചോദിക്കും..
“ഉമ്മ എന്തിനാ ഞാന്‍ ഓടി വന്നപ്പോ മുത്തം തന്നെ?”
കുറച്ച് നേരം ഇടംകണ്ണാലെ എന്നെ നോക്കിയിട്ട് ഉമ്മ പറയും..
“അമ്പട കള്ളാ....നിന്നെ ഞാന്‍......
എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പശു അപ്പോള്‍ തീറ്റ നിര്‍ത്തി
ഞങ്ങളെ രണ്ടാളെയും നോക്കി ചിരിക്കാതെ ചിരിക്കും........
പിന്നെയും ഓരോ കുസൃതിത്തരങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും...തറവാടിന്‍ മുറ്റമെത്തും വരെ...


No comments:
Post a Comment