എല്ലാവരും ഉറങ്ങുന്നത് വരെ ഞാന്‍ നിലത്തെ പായയില്‍ ചുവരും
ചാരിയിരുന്നു..വാപ്പയും ഉമ്മയും കൂര്‍ക്കം വലിക്കാറില്ല..ഉറങ്ങിയെന്നു എങ്ങിനെ
മനസ്സിലാകും..?
ഒന്ന് കൂര്‍ക്കം വലിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ച് പോയി..അര
മണിക്കൂര്‍ കൂടി കാത്തിരുന്നു ഞാന്‍ പായയില്‍ നിന്നെഴുന്നേറ്റു..എന്നും ചുരുട്ടി
വെക്കുന്നത് കൊണ്ടാകും ഞാന്‍ എഴുന്നേറ്റ ഉടനെ പായ ചുരുണ്ട് തലയിണയുടെ ഭാഗത്ത്
ചെന്നു നിന്നു..
വാപ്പ കിടക്കുന്ന കട്ടിലിനു തൊട്ടിപ്പുറത്തെ പലക തട്ടില്‍ നിന്നും
തലവണ്ണന്‍ ടോര്‍ച്ചെടുത്ത് ശബ്ധമുണ്ടാക്കാതെ മുറ്റത്തിറങ്ങി..തവളകളും ചീവീടുകളും
ഈണത്തില്‍ ശബ്ദമുണ്ടാക്കുന്നു..അല്‍പ്പം പേടിയുണ്ട്..ഒരു കയ്യില്‍ ടോര്‍ച്ച്
മുറുക്കെ പിടിച്ചു..ഇടവഴി കഴിഞ്ഞാല്‍ വയല്‍ വരമ്പിലൂടെ കുറച്ച് ദൂരം
നടക്കണം..നടന്നു കൊണ്ടിരിക്കെ വരമ്പത്തിരുന്ന ഒരു പേക്കന്‍ തവള വെള്ളത്തിലേക്ക്
ഒരൊറ്റ ചാട്ടം..ഞാന്‍ പേടിച്ചു പോയി..
കഴിഞ്ഞ മഴയില്‍ റോഡെല്ലാം തകര്‍ന്നിരിക്കുന്നു.. വയലിന്‍ നടുവിലുള്ള
കമാനത്തില്‍ കയറി നിന്ന് ഞാന്‍ ദൂരേക്ക് നോക്കി..ഒരു ചെറിയ വെളിച്ചം അടുത്തടുത്ത്
വരുന്നുണ്ട്..എന്നെ പോലെ തന്നെ ശബ്ധമുണ്ടാക്കാതെ..ആള്‍ അടുത്തെത്തി..ഞാന്‍
മുഖത്തേക്ക് ടോര്‍ച്ചടിച്ചു നോക്കി.മൊയ്തു തന്നെയാണ്..അവനെന്നെ നോക്കി
ചിരിച്ചു..ഞാനും..
ശബ്ധമുണ്ടാക്കാതെ അവനെന്നോട് ചോദിച്ചു.. “ആരേലും കണ്ടിക്കോ വരുന്നത്..?”
ഞാന്‍ പറഞ്ഞു “ഇല്ല..” വീണ്ടും ചിരി..
റോഡില്‍ നിന്നും വീണ്ടും വയലിന്‍ വരമ്പിലൂടെ നടന്നു..കുളത്തിന്‍
വക്കത്ത് ചെറിയൊരു മാവുണ്ട്..അതിന്മേലെ കയറി ഉയരത്ത് കെട്ടി തൂക്കിയിട്ട
കവറെടുത്ത് ഞാന്‍ താഴെ ഇറങ്ങി..കവര്‍ തുറന്നു ടോര്‍ച്ചടിച്ചു നോക്കി..
കവറിനുള്ളിലെ ചിരട്ടയിലെ മണ്ണിന്‍ പുറത്ത് ഒരെണ്ണം പോലും
കാണുന്നില്ല..
മൊയ്തു....!! ഇരയൊക്കെ പോയെടാ..ഞാന്‍ സങ്കടപ്പെട്ടു..
എന്നോട് കവര്‍ പിടിച്ചുവാങ്ങിയിട്ട് മൊയ്തു ചൂണ്ടു വിരല്‍ ചിരട്ടയില്‍
ഇട്ടൊന്നു ഇളക്കി..
“പോയിറ്റൊന്നും ഇല്ല.ഒക്ക അടീല് ഉണ്ട്..ഒറങ്ങാ..” മൊയ്തു പറഞ്ഞു.
വാഴത്തോട്ടത്തിലെ അങ്ങേയറ്റത്തെ നീളന്‍ വാഴയുടെ മറവില്‍ ഒളിപ്പിച്ചു
വെച്ച ചൂണ്ടല്‍ പറ എടുത്തു..ഒരു ചെറുതും വലുതും..ചെറുത് എന്റെതാണ്..
എല്ലാം കാലത്തേ തയ്യാറാക്കി വെച്ചിരുന്നു..
വീണ്ടും നടന്നു..വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പുഴയെന്നു ഞങ്ങള്‍
വിളിക്കുന്ന തോടിനടുത്തേക്ക്..നിറയെ മരങ്ങളുണ്ട്..ഇപ്പോള്‍ നിലാവെട്ടം ഇത്തിരി
പോലും ഇല്ല..ഉദ്ഘാടനം കഴിഞ്ഞു തൊട്ടടുത്ത മഴയ്ക്ക് തന്നെ തകര്‍ന്നു വീണ കരിങ്കല്‍
കെട്ടില്‍ ഞങ്ങളിരുന്നു..
ശബ്ധമുണ്ടാക്കാതെ മൊയ്തു എന്നോട് ചോദിച്ചു..അനക്ക് ഒറപ്പാണോ...? ഇവിടന്ന്‍ തന്നാണോ മൂപ്പര്‍ക്ക് മീന്ന കിട്ട്യേ..?
പിന്നല്ലാണ്ട്..ഞാന്‍ ചോദിച്ചപ്പോ പറഞ്ഞതല്ലേ..ഇവിടന്നു തന്നാ...
സത്യം തന്നല്ലേ പറഞ്ഞതെന്നറിയാന്‍ മൊയ്തു കുറച്ച് നേരം എന്‍റെ
മുഖത്ത് തന്നെ നോക്കി..ശേഷം കവറിലെ മണ്ണിനുള്ളില്‍ നിന്നും മണ്ണിരയെ വിളിച്ചുണര്‍ത്തി
കൊളുത്തില്‍ കോര്‍ത്തു..ടോര്‍ച്ചിന്‍റെ തല കൈ കൊണ്ട് അടച്ചുപിടിച്ചു ചെറു
വിടവിലൂടെ ഇര കോര്‍ക്കാന്‍ വെളിച്ചം പകര്‍ന്നു കൊടുത്തു...അല്ലെങ്കില്‍ വെളിച്ചം
കണ്ട് ആരെങ്കിലും വന്നാലോ...?മുമ്പ് മണ്ണിരയുടെ തലയും
വാലും ചൊല്ലി ഞാനും അവനും രണ്ടു ദിവസം പിണങ്ങിയിരുന്നു..അത് കൊണ്ട് ഞാനൊന്നും
അഭിപ്രായം പറയാന്‍ നിന്നില്ല..
രണ്ടു കൊളുത്തിലും അവന്‍ തന്നെ ഇര കോര്‍ത്തു..കൊളുത്തിന്
തൊട്ടിപ്പുറം ചെറിയൊരു കല്ലെടുത്ത് കെട്ടി..പുഴയിലേക്ക് നീട്ടിയെറിഞ്ഞു..
ഞാന്‍ അവന്‍റെല്‍ നിന്നൊഴിഞ്ഞാല്‍ എന്റെല്‍ എന്ന ധാരണ വെച്ച്
കുറച്ചിപ്പുറം ഇരുന്നു ചൂണ്ട നീട്ടി എറിഞ്ഞു..
പിന്നെ ഒരു പതിനഞ്ച് മിനിറ്റ് മൌന പ്രതിക്ഞയായിരുന്നു..എനിക്ക്
എന്തൊക്കെയോ സംശയമുണ്ട്..പക്ഷെ മിണ്ടരുത് എന്നാണ് കല്‍പ്പന..പിന്നേം കുറച്ച്
കഴിഞ്ഞു...ഞാന്‍ മൊയ്തൂന്‍റെ അടുത്തേക്കിരുന്നു..ചെവിയില്‍ മെല്ലെ പറഞ്ഞു..
“എടുത്ത് നോക്ക് ..ചെലപ്പോ കുടുങ്ങീട്ട്ണ്ടാകും..” മൊയ്തു എന്നെ രൂക്ഷമായി ഒന്ന് നോക്കി..നല്ല ഇരുടായിരുന്നിട്ടും ഞാനത്
കണ്ടു..
വീണ്ടും ചൂണ്ടലുമായി പറമ്പില്‍ രണ്ടിനിരിക്കുന്നത് പോലെ ഞാന്‍
ഇരുന്നു..പിന്നെ ചന്തി തൊട്ടിരുന്നു..പിന്നെ കാലു നീട്ടി ഇരുന്നു..പിന്നെ തലക്ക്
കയ്യും കൊടുത്ത് ചെരിഞ്ഞു കിടന്നു..ഇടയ്ക്കിടെ ഒഴുക്കില്‍ ഒലിച്ച് വരുന്ന ഇലകള്‍
ചൂണ്ടയില്‍ തട്ടുമ്പോള്‍ ഞാന്‍ വലിച്ച് നോക്കും..ഒന്നുമില്ല..വീണ്ടും നീട്ടി
ഏറിയും..
സമയം അങ്ങനെ കുറെ നേരമായി..വീട്ടുകാര് ഉണരും മുമ്പേ വീടെത്തണം..
“മോയ്തോ...നേരം ഇപ്പം വെളുക്കും.. എന്താക്കും...?”
മൊയ്തു കൈ ഉയര്‍ത്തി സൈലന്റ് എന്ന് പറഞ്ഞു..
വീണ്ടും ഇരുത്തം..എന്‍റെ ഇര ഏതോ പരലുകള്‍ കോലൈസ് തിന്നുന്നത് പോലെ
തിന്നു തീര്‍ത്തു..ഞാന്‍ ചൂണ്ടല്‍ പറ മടക്കി തെങ്ങിനോട് ചാരിയിരുന്നു..
പെട്ടെന്ന് മൊയ്തു ഇരുന്നിടത്ത് നിന്നും ചൂണ്ടല്‍ ഇളക്കാതെ
എഴുന്നേറ്റു..തിരിഞ്ഞു നോക്കി..പിന്നില്‍ വല്ല മരങ്ങളും ഉണ്ടോ....? ചൂണ്ടല്‍ കയര്‍ മുന്നോട്ട് മുന്നോട്ട് പോകുന്നതിനനുസരിച്ച് മൊയ്തുവും
നടന്നു..ഞാന്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..
പെട്ടെന്ന് ചൂണ്ടല്‍ ഒരൊറ്റ വലി...
പ്ധോം.....!!!
എന്തോ ഒന്ന് കരയിലേക്ക് ശക്തിയില്‍ പതിച്ചു..ഞാന്‍ ടോര്‍ച്ചടിച്ച്
ചാടിവീണു...കയറിനറ്റത്ത് വലിയൊരു മീന്‍..പുല്ലില്‍ കിടന്നു പിടയ്ക്കുന്നു..
“പിടിക്കെടാ...പിടി....!!” എന്‍റെ ശബ്ദം കുറച്ച്
കൂടിപ്പോയോ...?
മൊയ്തു ചോദിച്ചു.. “ഇത്രേം വലിപ്പണ്ടായ്നോ
മൂപ്പര് പിടിച്ചെ...?”
ഹേയ്..ഇതിലും ചെറുതാ..ഞാന്‍ പറഞ്ഞു..
മീനിനെയെടുത്ത് കീശയിലെ സഞ്ചിയിലാക്കി ബാക്കിയുള്ള ഇരകള്‍
പുഴയിലേക്ക് എറിഞ്ഞു ഞാന്‍ നടന്നു..പിന്നില്‍ മൊയ്തുവും..
വീടെത്താറായപ്പോള്‍ ഞാന്‍ ചോദിച്ചു..മീനിന എന്ത് ചെയ്യും...?
അതിനെ പറ്റി മൊയ്തുവും ചിന്തിച്ചില്ലായിരുന്നു..
തല്‍ക്കാലം ഇഞ്ഞി ചട്ടിയിലിട്ട് ഇച്ചിരി കല്ലുപ്പും ഇട്ടു
വെക്ക്..നേരം വെളുത്തിറ്റ് എന്തേം ചെയ്യാം..
രണ്ടായി പിരിയുന്ന ഇടവഴിയുടെ രണ്ടു വഴികളിലൂടെ ഞാനും അവനും
പിരിഞ്ഞു..വീട്ടുമുറ്റത്തെത്തി..നേരെ വിറകുപുരയോട് ചേര്‍ന്ന കുഞ്ഞടുക്കളയിലെ ചട്ടിയില്‍
മീനിനെ ഇട്ടു ഉപ്പും ഇട്ടു മൂടി വെച്ചു..ശബ്ദം ഉണ്ടാക്കാതെ കൈകാല്‍ കഴുകി ടോര്‍ച്ച്
പലക തട്ടില്‍ വെച്ച് മുറിയില്‍ വന്നു കിടന്നു..
ആരും ഒന്നും അറിഞ്ഞില്ല.ഹാവൂ....!!!
പിറ്റേ ദിവസം അയല്‍വാസികളുടെ കൂട്ട സംസാരം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്..ചട്ടിയില്‍
മീന്‍ എങ്ങിനെയെത്തി എന്നതാണ് വിഷയം.ആര്‍ക്കും ഒരു തരത്തിലും തെളിയിക്കാന്‍
പറ്റുന്നില്ല..ഇനി കള്ളന്മാര്‍ വെച്ച് മറന്നതാണോ...?
അടുക്കളയിലെ ജാലക കണ്ണിലൂടെ ഞാന്‍ മീത്തലെ പറമ്പിലേക്ക്
നോക്കി..മൊയ്തു അവിടെ കിണറിന്‍ മതിലും ചാരി താഴോട്ട് എന്നെ നോക്കി നില്‍ക്കുകയാണ്..ഞാന്‍
കൈ കൊണ്ട് ആന്ഗ്യം കാട്ടി..അവനൊന്നു ചിരിച്ചു..
ഞാന്‍ മെല്ലെ അയല്‍ക്കൂട്ടത്തിനു മുന്നില്‍ വന്നു നിന്നു.സംഭവത്തിന്‍റെ
കെട്ടഴിച്ചു..വീട്ടില്‍ നിന്നിറങ്ങി വീട്ടില്‍ കയറിയ വരെയുള്ള കഥ കേട്ട് എല്ലാവരും
വാ തുറന്നു നിന്നുപോയി..ഞാന്‍ അധികം നിന്നില്ല..തലകുനിച്ച് തിരിഞ്ഞു
നടന്നു.......!!

No comments:
Post a Comment