നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ഓലപ്പുര..ഒരോര്‍മ്മക്കൂട്


രുണ്ട് മൂടിയ ആകാശത്തേക്ക് നോക്കി പക്രൂട്ടിക്ക വപ്പാനോട് ചോദിച്ചു..

അല്ല അബ്വേ...ഇങ്ങന മഴ പെയ്താല്‍ മ്മളെ കാര്യങ്ങളൊന്നും നടക്കൂലാലോ....?


പറമ്പിലെ പാറക്കല്ലുകള്‍ പൊട്ടിച്ചെടുത്ത് പണിത കൊച്ചു തറയ്ക്കുമുകളില്‍ ഓട്ടവീണ കുടയില്‍ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികള്‍ കൈ കൊണ്ട് തട്ടി തെറിപ്പിച്ചുകൊണ്ടു വാപ്പ പറഞ്ഞു.. “പടച്ചോന്‍ എന്തേലും കാണിച്ചു തരും..അവന്‍ തന്നല്ലേ വലിയവന്‍..”

വയലിനരികിലെ വെള്ളച്ചാലില്‍ നിന്നും കോരിയെടുത്ത മണലില്‍ നിന്നും ഉരുളന്‍ കല്ലുകള്‍ പെറുക്കിയെടുത്ത് കൊത്തംകല്ല് കളിക്കുമ്പോള്‍ ഞാന്‍ പെങ്ങളോട് പറഞ്ഞു.. “ഇങ്കി ഒഫീസ്രൂമ് മതി..അനക്കോ...?”

ഇങ്കി റൂമൊന്നും മാണ്ടാ..ഞാന്‍ ഉമ്മാന്റൊപ്പം കെടക്കും..

“ഇമ്മേ...അത് ചെറ്യ റൂമല്ലേ..”

അയ്നെന്താ..ഞാനും ചെറ്യല്ലേ..


പിറ്റേ ദിവസം മാനമൊന്നു വെളുത്തു..വാപ്പാന്‍റെ മുഖത്തും പ്രതീക്ഷയുടെ ഓളങ്ങള്‍..തറയുടെ അപ്പുറത്തെ പറമ്പില്‍ വലിയ വട്ടത്തില്‍ മണ്ണ് കൊത്തിയിട്ടു..മഴയില്‍ പറമ്പില്‍ അങ്ങിങ്ങ് തളം കെട്ടി നിന്ന വെള്ളം ബക്കറ്റില്‍ കോരി മണ്ണിലേക്ക് ഒഴിച്ചു കാലു കൊണ്ട് ചവിട്ടി കുഴച്ചു ചെളിയാക്കി..സഹായിക്കാന്‍ ഇറങ്ങിയ എന്നെ വാപ്പ വലിച്ച് പുറത്തേക്ക് തന്നെയിട്ടു.. “കാലിനു പുഴുക്കടി വരും..ഇഞ്ഞി ഇറങ്ങണ്ട..”

അപ്പൊ ബാപ്പാന്‍റെ കാലോ...?


നേരം മോന്തിയാകുമ്പോഴേക്കും കുഴിയുടെ അരികത്തുള്ള സ്ഥലങ്ങളിലെല്ലാം ചെറിയ മന്‍ കട്ടകള്‍ ഉയര്‍ന്നു...കാണാന്‍ നല്ല രസം..തീപെട്ടിക്കൂട് പോലെ വരി വരിയായി..

കുളത്തില്‍ കുതിരാന്‍ കൊണ്ടിട്ട ഓലചീന്തുകള്‍ എടുക്കാന്‍ ഞാനും കൂടെ പോയി..കുളത്തിന്‍ കരയില്‍ പന്തലിച്ചു നില്‍ക്കുന്ന കപ്പല്മാവിന്‍റെ ഇലകള്‍ വീണു കുളമാകെ വൃത്തികേടായിരുന്നു..എങ്കിലും ആ ചെളിമണം എനിക്കിഷ്ടമായിരുന്നു..ഓലച്ചീന്തുകള്‍ കരയിലേക്ക് വലിച്ചിടുമ്പോള്‍ ചിലപ്പോള്‍ ചെറിയ മീനിനെ കിട്ടും..രണ്ടു ദിവസം ഞാനതിനെ കുപ്പിയിലിട്ട് വെക്കും..കുഞ്ഞ് മീനിനെ ഗ്ലാസ് കുപ്പിയിലേക്ക് ഇട്ടാല്‍ വലിയ മീനിനെ പോലെ തോന്നും..ഇട്ടു കൊടുക്കുന്ന ചോറിന്‍ മണികളും അത് പോലെ..

കാര്‍ത്ത്യായിനിയമ്മ ഓല മെടയുന്നത് കാണാന്‍ നല്ല രസമാ..എന്തൊരു വേഗതയാ..ഇരിക്കാനൊരു പലകക്കഷണം ഉണ്ടാകുമെങ്കിലും അതില്‍ ഓല മെടഞ്ഞു കഴിഞ്ഞാലെ ഇരിക്കൂ,അത് വരെ ഓങ്ങി ഇരിക്കും..ഓരോന്ന് തീരുന്നതിനനുസരിച്ച് ഓല ചീന്തു വലിച്ചടുപ്പിക്കണം..ആകെ ട്രൌസറിലും കുപ്പായത്തിലും ചേറായി..ശ്ശെ.....!!

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പക്രൂട്ടിക്ക ആയുധങ്ങളുമായി ചുമര് കെട്ടാന്‍ വന്നു.. ചെളി കുഴച്ച കുഴിയില്‍ ഒരു നീളന്‍ കല്ല്‌ കുത്തനെ വെച്ചു..ചെറിയ കവുങ്ങിന്‍ പാളകളില്‍ ഞങ്ങളെല്ലാരും മണ്ണെടുത്ത് കല്ലിനു മുകളിലൂടെ ഇട്ടു..എനിക്കത് അത്ഭുതമായിരുന്നു..പൊടി മണ്ണ് വേറെയും കല്ലും ചരലും വേറെയും രണ്ടു ഭാഗത്ത് കിടക്കുന്നു..

പൊടിമണ്ണ്‍ കുഴച്ച് ചെളിയുണ്ടാക്കി മന്‍കട്ടകള്‍ കൊണ്ട് ചുവര്‍ പൊങ്ങി തുടങ്ങി..മുറികള്‍ തരം തിരിഞ്ഞപ്പോള്‍ എനിക്ക് വിഷമമായി..എല്ലാരും ഓരോ റൂമിലാകുമ്പോ എങ്ങിനാ അവരൊക്കെ കാണാ..എങ്ങനാ ഉറങ്ങുന്നത് വരെ വികൃതി കളിക്കാ...

രണ്ടു ദിവസം കൊണ്ട് ചുവര്‍ പൊങ്ങി..മോന്തായത്തിനു കവുങ്ങും കെട്ടാന്‍ കയറുകളും എല്ലാം ഒരുക്കി..പക്രൂട്ടിക്ക പോയി കുറച്ച് കഴിഞ്ഞതും മാനം കറുത്തു..മഴ കിനിഞ്ഞു പെയ്യാന്‍ തുടങ്ങി..കയ്യില്‍ കിട്ടിയ കവറുകളും ഓലച്ചീന്തുകളും വെച്ച് ചുവരിന്‍ മുകള്‍ മറച്ചെങ്കിലും മഴയെ തടുക്കാന്‍ കഴിഞ്ഞിരുന്നില്ല..ആയുസ്സു തീര്‍ന്ന കട്ടിലിലിരുന്ന്‍ ഞങ്ങളെല്ലാവരും മനമുരുകി  പ്രാര്‍ഥിച്ചു.ചുവര്‍ കെട്ടിയ ബാക്കി ചെളി കൊണ്ട് ഒരടുപ്പും കുഞ്ഞ് രൂപങ്ങളും ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു.അതുകൊണ്ട് എന്‍റെയും പെങ്ങളുടെയും പ്രാര്‍ത്ഥനയ്ക്ക് ശക്തി കൂടുതല്‍ ഉണ്ടായിരുന്നു.എല്ലാം നനഞ്ഞു..പക്ഷെ ചുവര്‍ ഇടിയാതെ പടച്ചവന്‍ കാത്തു..

വീണ്ടും വെളിച്ചം..വീണ്ടും വെയില്‍..കവുകിന്‍ മരങ്ങള്‍ കൊണ്ട് മോന്തായം ഉയര്‍ന്നു..വണ്ണം കുറഞ്ഞ ചകിരിക്കയര്‍ കൊണ്ട് ഓരോ കെട്ടും മുറുക്കി..വൈകുന്നേരം ആയപ്പോഴേക്കും ചെറിയൊരു കൂടാരം ചുവരിന്  മുകളില്‍ പൊന്തി വന്നു..


കുറച്ച് ദൂരെയുള്ള പറമ്പില്‍ നിന്നും പനയോല വെട്ടി.പനയോല മെടല്‍ കൊണ്ട് ഓല മേയാന്‍ നാരുകള്‍ ഉണ്ടാക്കി..ഒപ്പം കുളത്തില്‍ പൊതിര്‍ത്താനിട്ട ഓലപ്പാന്തം ചീന്തി ചെറിയ കെട്ടുകളാക്കി..

പിറ്റേ ദിവസം എന്‍റെ വീടിന്‍റെ ഓല മേയല്‍.....!!  കുടുംബക്കാര്‍.അയല്‍വാസികള്‍,നാട്ടുകാര്‍ എല്ലാവരും വന്നു..ആകെ ഒച്ചപാടും ബഹളവും..ഉമ്മ വരുന്നവര്‍ക്കൊക്കെ അരിപ്പൊടി കൊണ്ടുണ്ടാക്കിയ കൈവീശലും ചായയും കൊടുത്തു..ഒപ്പം ഓരോ മൈസൂരി പഴവും..

ഞങ്ങള്‍ ഓലകണ്ണികള്‍ കൊണ്ട് പമ്പരവും പന്തുകളും ഉണ്ടാക്കി ഓടിച്ചാടി കളിച്ചു..

പുരയ്ക്കുള്ളില്‍ മെല്ലെ മെല്ലെ ഇരുട് വീണു തുടങ്ങി..പുര കെട്ടുകാര്‍ കയ്യിലെ സൂചിക്കോല്‍ കൊണ്ട് വിശ്രമമില്ലാതെ ഓല മേഞ്ഞു..വൈകുന്നേരം ആയപ്പോഴേക്കും വീട് മുഴുവന്‍ മേഞ്ഞു കഴിഞ്ഞു..മോന്തായത്തില്‍ ഓരോ മുഴുവനോല നീളത്തില്‍ ഇട്ടു കെട്ടി നിര്‍ത്തിയിട്ട് പണിക്കാര്‍ താഴെ ഇറങ്ങി..


ഉമ്മറത്ത് തൂങ്ങി കിടന്നിരുന്ന പനയോല താളുകള്‍ കത്തി കൊണ്ട് ഭംഗിയായി മുറിച്ചൊതുക്കി..ബാക്കി ഉണ്ടായിരുന്ന പനയോലകള്‍ ജോലിക്കാര്‍ പടക്കം തെരയ്ക്കാന്‍ കൊണ്ടുപോയി..വന്നവര്‍ വന്നവര്‍ ഓരോ ഭാഗത്തേക്ക് പിരിഞ്ഞു പോയി..

പിറ്റേ ദിവസം ഉമ്മാന്‍റെതായിരുന്നു..കരിയും വെള്ളിലയും ചേര്‍ത്ത് മുറിയാകെ മെഴുകി വൃത്തിയാക്കി..ഓരോരോ സാധനങ്ങള്‍ അടുക്കി അടുക്കി വെച്ചു..മരത്തിന്‍റെ ചെറിയൊരു തട്ട് പണിതു അടുക്കളയില്‍...ആകെയുണ്ടായിരുന്ന ആടുന്ന കട്ടില്‍ ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി....പായയും ബക്കറ്റും സകല കുന്ത്രാമണ്ടി സാധനങ്ങളും പുരയ്കുള്ളില്‍ കയറ്റി..

രാത്രിയില്‍ വാടിയ പനയോലയുടെ മണം മുറിയാകെ നിറഞ്ഞു..എല്ലാരും കൂടി ഒരു മുറിയിലായിരുന്നു..വാപ്പയും ഉമ്മയും നേരത്തെ ഉറങ്ങി.ചുവരിലെ ഒറ്റക്കണ്ണി ജനലിലൂടെ മിന്നാമിന്നികള്‍ അകത്തേക്ക് കയറി വന്നു ഞങ്ങളെ നോക്കി ചിരിച്ചു..ഞാനും പെങ്ങളും മുഖത്തോട് മുഖം നോക്കി ചിരിച്ചു..എവിടെ നിന്നോ വണ്ടി സ്റ്റാര്‍ട്ടാകുന്ന ശബ്ദം..ഞങ്ങള്‍ രണ്ടും ചെവിയോര്‍ത്ത് കിടന്നു..അത് വണ്ടിയല്ലായിരുന്നു..കുടില്‍ കിട്ടിയ സന്തോഷത്തില്‍ കട്ടിലിനടിയില്‍ നിന്നും പാട്ടുപാടുന്ന തവളയായിരുന്നു..പുതയ്ക്കാന്‍ തന്ന വീതി കുറഞ്ഞ പോളിസ്റ്റെര്‍ മുണ്ടിന്‍റെ രണ്ടുതല പിടിച്ച് ഞാനും പെങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു..കുസൃതികള്‍  കളിച്ച് കളിച്ച് എപ്പഴോ എന്‍റെ കണ്ണുകള്‍ നിദ്രയിലേക്ക് വഴുതി വീണു.

No comments:

Post a Comment