നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ചില്ലറക്കാരന്‍


 
ഒരു ദിവസം ഞാന്‍ ബസ്സില്‍ യാത്ര ചെയ്യുകയാണ്..മഴക്കാലമാണ്..ബസ്സില്‍ നിറയെ ആളും..സീറ്റ്‌ പോയിട്ട് നില്‍ക്കാന്‍ പോലും സ്ഥലമില്ല..ഓരോ സീറ്റിലെയും യാത്രക്കാരുടെ മുഖഭാവം ശ്രദ്ധിച്ചു..അടുത്ത് ഇറങ്ങുന്ന ആളാണെങ്കില്‍ അയാളുടെ ഇരിപ്പും ചലനങ്ങളും കണ്ടാലറിയാമല്ലോ..
 
കുറച്ച് കഴിഞ്ഞ് കുറെ എല്‍പി സ്കൂള്‍ കുട്ടികള്‍ ബസ്സില്‍ കയറി..ബസ്സിലെ ശേഷിക്കുന്ന ഒഴിവുകളില്‍ കുട്ടികളെ കരിങ്കല്‍ കെട്ടിന്‍റെ ഗേപ്പില്‍ പാളികള്‍ വെച്ച് അടയ്ക്കുംപോലെ ബസ്സിലെ കണ്ടക്റ്റര്‍ കൊള്ളിക്കുന്നുണ്ടായിരുന്നു.
 
അതിലൊരുത്തന്‍..ഏകദേശം ഒരു മീറ്റര്‍ നീളം കാണും..ഉള്ള സ്ഥലത്ത് നിന്ന് അവനറിയാവുന്ന കലകളെല്ലാം പയറ്റുന്നുണ്ട്..അഴുക്ക് പിടിച്ച ഡ്രസ്സും കീറിയ കീശയുമൊക്കെ കണ്ടാലറിയാം ആളൊരു പോക്കിരിയാണ്..
 
തൊട്ടുമുന്നിലെ സീറ്റിലുള്ളവന്‍ താഴെ വെച്ച സാധനങ്ങളൊക്കെ എടുത്ത് മടിയില്‍ വെച്ചു..ഇറങ്ങാനുള്ള പുറപ്പാടിലാണ്..ഞാന്‍ അസാമ്മാന്യ മെയ് വഴക്കത്തോടെ ഊളിയിട്ട് സീറ്റിന്‍റെ സൈഡിലെത്തി..ഞാനവിടെ നിന്നതില്‍ അരിശം പൂണ്ട് ഏതോ ഒരുത്തന്‍ എന്‍റെ കാലുകള്‍ ചവിട്ടി ഞെരിക്കുന്നുണ്ട്.. ആല്‍മരത്തിന്‍റെ വേരുപോലെ കിടക്കുന്ന കാലുകള്‍ക്കിടയില്‍ അതാരുടെ കാലാണെന്ന് മനസ്സിലായില്ല..
 
സീറ്റിലുള്ളവന്‍ എണീറ്റു..ഞാന്‍ ഏതു നിമിഷവും ഒരു അറ്റാക്കിങ്ങിനു തയ്യാറെടുത്ത് നിന്നു..പെട്ടെന്ന്‍..ഡാം പൊട്ടിയ പോലെ ആ ചെറുക്കന്‍ എവിടെ നിന്നോ കുതിച്ചുവന്നു സീറ്റില്‍ സ്ഥാനമുറപ്പിച്ചു..
ഞാനാകെ ചമ്മി..തൊട്ടുപിന്നിലുള്ളവന്‍ നല്ല ഉറക്കമായിരുന്നു..

ഇരുന്നതിന്‍റെ ബാക്കി ഭാഗത്തേക്ക് പുറത്തുള്ള ബേഗ് ചരിച്ചു വെച്ചു ചെറുക്കന്‍ സീറ്റിന്‍റെ ആധിപത്യം പൂര്‍ത്തിയാക്കി..
ഏതായാലും സീറ്റ് പോയി..ചമ്മല്‍ മാറ്റാന്‍ ഒരു വിദ്യ കണ്ടുപിടിച്ചു ഞാന്‍..
 
“മോന്‍ ഏത് സ്കൂളിലാ പഠിക്കുന്നെ...” ഞാന്‍ ചോദിച്ചു.
ഈ റൂട്ടില്‍ ഒരു സ്കൂളല്ലേ ഉള്ളൂ മാഷേ..ചെറുക്കന്‍ തിരിച്ചടിച്ചു..
 
ഇവന്‍ ചില്ലറക്കാരനല്ല..ഇനി ഓരോ ചുവടും ശ്രദ്ധിച്ചുവേണം പറയാന്‍.അടുത്ത വരി ആലോചിക്കും മുമ്പേ ചെറുക്കന്‍ ചോദിച്ചു..ഇക്കാ ഒരു രണ്ടുറുപ്പ്യ ഉണ്ടോ എടുക്കാന്‍...?
 
അമ്പട വീരാ.നീ ചില്ലറക്കാരന്‍ തന്നെയാണല്ലേ...ഉള്ള സ്ഥലം പിടിച്ചടക്കിയിട്ട് ഇനി പൈസേം ചോദിക്കുന്നോ..
ഞാന്‍ പറഞ്ഞു..ചില്ലറയില്ല..പത്തിന്‍റെ നോട്ടാ ഉള്ളത്..
സാരല്ല..മ്മള്‍ തമ്മില്‍ കണക്കുപറയണോ..?ഒന്നൂല്ലേലും മ്മള്‍ ബന്ധക്കാരല്ലേ...?
 
പടച്ചോനെ..ഇവന്‍ ന്‍റെ ബന്ധക്കാരനായിരുന്നോ..വെറുതെ തെറ്റുദ്ധരിച്ചു..മോശായിപ്പോയി..ഞാന്‍ ഉടനെ പത്തിന്‍റെ നോട്ടെടുത്ത് അവനു കൊടുത്തിട്ട് വാപ്പാന്‍റെ ബന്ധത്തിലും ഉമ്മാന്‍റെ ബന്ധത്തിലും ഉണ്ടായിട്ടുള്ള സകല ജന്മങ്ങളിലും ചിന്ത തിരിച്ചുവിട്ടു..ഇങ്ങനൊരു മോന്ത എവിടെയും കണ്ടിട്ടില്ല..
 
ഉറക്കം തൂങ്ങി നിന്നവന്‍ ഒരു ബന്ധത്തിന്‍റെ അടഞ്ഞ വാതില്‍ തുറക്കുന്നത് കാണാന്‍ എന്നെക്കാള്‍ ആകാംഷയോടെ എന്‍റെ കഴുത്തിനിടയിലൂടെ ഏന്തി നോക്കുന്നുണ്ട്..
 
ഇല്ല..ഇക്കാക്ക് ഓര്‍മ കിട്ടുന്നില്ല ..മോനാരെ മോനാ മോനേ..? ഞാന്‍ ചോദിച്ചു..
മ്മളൊക്ക ആദം നബീന്‍റെ മക്കളല്ലേ..അപ്പം മ്മളൊക്ക ബന്ധക്കാരല്ലേ...
പറഞ്ഞു കഴിഞ്ഞതും എന്‍റെ പതനം പൂര്‍ത്തിയാക്കി ചെറുക്കന്‍ ബസ്സിറങ്ങി പോയി..
 
അത് വരെ ഇരിക്കാന്‍ മുട്ടി നിന്ന ഞാന്‍ അറിയാതെ അവനൊഴിഞ്ഞ സീറ്റിലേക്ക് വീണുപോയി..വെറുതെ വടി കൊടുക്കണ്ടായിരുന്നു..എന്നാലും ഇങ്ങനെയുമുണ്ടോ പിള്ളേര്‍..
 
ഞാന്‍ നിന്ന സ്ഥാനത്തേക്ക് നില്‍പ്പ് മാറ്റികൊണ്ട് ആ ഉറക്കം തൂങ്ങി കമ്പിയില്‍ തൂങ്ങി കുനിഞ്ഞു നിന്നു എന്നോട് ചോദിച്ചു..അപ്പൊ മ്മളും ബന്ധക്കാരാ ലേ....ഉണ്ടോ വല്ലതും എടുക്കാന്‍...?
-------------------------------------------------------------------------------------------------
 

No comments:

Post a Comment