നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ഓലപ്പീട്യ



വീട്ടിലെ ഒഴിഞ്ഞ ഭരണികളെല്ലാം കഴുകി ഉണക്കി..ഓലപ്പുര പൊളിച്ചപ്പോള്‍  മാറ്റിവെച്ച കരിയോല ചിതലൊക്ക മുട്ടി വെച്ചു മമ്മത്ക്കാനോട് തക്കാളിപെട്ടിക്ക് ഓര്‍ഡര്‍ ചെയ്തു(വെറുത കിട്ടുന്നതാണേലും പഹയന്‍ രണ്ടുറുപ്പ്യ വാങ്ങും..)
കാശിതൊണ്ട് പൊട്ടിച്ച് ചില്ലറയൊക്കെ നോട്ടാക്കി..കൊല്ലപരീക്ഷ കഴിയാന്‍ ഇനി ഒരാഴ്ച്ചയെ ഉള്ളു..
ബസ്റ്റോപ്പിന്‍റെ സൈഡില്‍ ചെറിയൊരു ഷെഡ്‌ കെട്ടി.. കെട്ടിയെന്നുപറഞ്ഞാല്‍ കരിയോല നാലെണ്ണം ചാരിവെച്ചെന്നു പറഞ്ഞാമതിയല്ലോ..
കടം പറയരുതെന്ന് ആദ്യമേ ഒരു ബോര്‍ഡ് തൂക്കും.. എന്നാലും വരും കടോം പറഞ്ഞ്..ടൌണിലെ അണ്ണന്മാരുമായി നല്ല ബന്ധമാണ്.ലേശം നെറോം കോലോം ഉള്ള മുട്ടായിക്ക് അവരെ പറ്റൂ.. വിലയും തുച്ഛം..



പുളിയച്ചാര്‍,പുളിപ്പൊടി,പുളിയിഞ്ചി, പഞ്ചാരമുട്ടായി,റബ്ബര്‍മുട്ടായി(രാവിലെ വാങ്ങിച്ചാല്‍ ഉച്ച വരെ ചവയ്ക്കാനുണ്ടാകും), തേന്‍മുട്ടായി,
തേങ്ങാമുട്ടായി,പഞ്ഞിമുട്ടായി(വലിപ്പം കണ്ട് പിള്ളേര്‍ എല്ലാരും വാങ്ങും.വായിലിട്ടാല്‍ എങ്ങോട്ട് പോയെന്ന് കാണൂല), മുട്ടായികടയിലെ അണ്ണന്‍റെ അതേ കളറില്‍ ഥാര്‍മുട്ടായി(കവര്‍ പൊളിച്ചെടുക്കണേല്‍ ഒരു മണിക്കൂര്‍ നയിപ്പാണ്),സൂരുട്ടായി,സിസര്‍മുട്ടായി,നാരങ്ങമുട്ടായി(നല്ല നാരങ്ങെന്‍റെ മണോം കോലോം.5പൈസയാ ഒന്നിന്) ,കടലമുട്ടായി,ബബിള്‍ക്കം ചവച്ചമാതിരി ഒരു മുട്ടായി(പേരറിയില്ല.ഥാര്‍ മുട്ടായിപോലെ റോസ് കളര്‍) 
കുറുക്കന്‍റെ കാട്ടം പോലൊരു മുട്ടായി,ആട്ടിന്‍കാട്ടം പോലെ വേറൊരു മുട്ടായി അങ്ങനെയങ്ങനെ പലവക...
...



കൂടാതെ ദിനേശ്ബീഡി,സിസര്‍മിനി(വില കുറവാ.കെളവന്മാര്‍ക്ക് പുക കിട്ട്യാമതി) തീപെട്ടി,മോരുവെള്ളം ,പിന്നെ ലക്കിസ്റ്റിക്കറും..
ഒരുരുപ്പ്യക്ക്‌ 5 സ്റ്റിക്കറാ..വലിയ പ്രൈസ് 20 ഉറുപ്പ്യ. അത് കിട്ടുമെന്ന് കരുതി എല്ലാരും ചുരണ്ടലോട് ചുരണ്ടല്‍.കിട്ടൂലാന്ന്‍ എനിക്കും അണ്ണന്മാര്‍ക്കും അറിയാലോ...
പുളിപ്പൊടി ചിറീന്‍റെ ചോട്ടിലും കയ്യില്‍ ഒരു സിസര്‍മുട്ടായിയും പിടിച്ച് ചില പിള്ളേര്‍ വല്ല്യോരുടെ മുന്നില്‍ ഗമ കാട്ടും.. മുട്ടായികള്‍ വാങ്ങാന്‍ വരുന്നവരില്‍ അപ്പൂപ്പന്മാര്‍ വരെയുണ്ട്..
 



തക്കാളിപെട്ടിയില്‍ സാധനങ്ങള്‍ നിറച്ച് കടയിലേക്ക് അന്നത്തെ കച്ചോടത്തിന്‍റെ കണക്കുകൂട്ടലാ മനസ്സില്‍ മുഴുവന്‍...തെങ്ങുകയറ്റക്കാരന്‍ കേളുവേട്ടനാ പ്രശ്നം..എന്തേലും കഥേം പറഞ്ഞ് ഒരു ദിനേശ്ബീഡീം തീപ്പെട്ടി പൊളിക്കാതെ ഒരു കൊള്ളീം എടുത്ത് മൂപ്പര്‍ സ്ഥലം വിടും..
കിട്ടൂലാന്ന്‍ അറിയാമെങ്കിലും ഞാനത് വെറുതെ എഴുതി വെക്കും..
ലാഭമുണ്ടായിരുന്നത് മോരുവെള്ളതില്‍ മാത്രമാ..മോര് വീട്ടില്‍ നിന്നും ഫ്രീയായിട്ട് കിട്ടുന്നതോണ്ട് ഉള്ളത് മുഴുവന്‍ ലാഭം തന്നെ.വെള്ളം ലേശം കൂടിയാലും മുളക് അധികമിട്ടാല്‍ അഡ്ജസ്റ്റ് ആകും.. 
എന്നും ഒരു കറ്റ പുല്ല് പറിച്ച് പശൂന് കൊടുക്കണമെന്നാണ് കരാര്‍.. വെള്ളം അടുത്തുള്ളത്കൊണ്ട് കുപ്പീലെ മോരിന്‍റെ അളവ് കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
നാട്ടിലെ പൊട്ടിത്തെറിച്ച പിള്ളേരൊക്കെ എന്‍റെ ഷെഡിന്‍റെ തറയിലും അടുത്തുള്ള കരിങ്കല്ലിലുമൊക്കെ പറ്റിപിടിച്ചിരിക്കും..സംഗതി സ്വൈര്യക്കേടാണേലും കച്ചോടം നടക്കും..മ്മക്കത് മതിയല്ലോ...
എളേമ്മയുടെ മക്കള്‍ വീട്ടില്‍ പാര്‍ക്കാന്‍ വരും..വരുന്നത് വീട്ടില്‍ കൂടാനുള്ള പൂതികൊണ്ടല്ല.എന്‍റെ തക്കാളിപെട്ടിയിലെ മുട്ടായി കണ്ടിട്ടാ ..
പെട്ടി തലക്കുംഭാഗത്ത് വെച്ച് കിടക്കണം.അല്ലാതെ രക്ഷയില്ല.........
പറ്റുകാരന്‍ ബാലേട്ടനാ ഒരു ഐഡിയ പറഞ്ഞു തന്നത്. കല്യാണപ്പുരയിലേക്കുള്ള വഴീല്‍ നിന്നാമതി...നല്ല കച്ചോടം കിട്ടും..
എനിക്കിട്ടൊന്ന് താങ്ങിയതാണെന്നറിയാതെ ഞാന്‍ തക്കാളിപെട്ടീം ചുമന്ന് പല കല്യാണവീടുകളിലെയും ഇടവഴികളില്‍ കച്ചോടം ചെയ്തു.
സംഗതി ഇപ്പൊ ആലോചിക്കുമ്പോ ഒരുമാതിരി ഇക്കിളി വരുന്നുണ്ടേലും അന്നത് നല്ല ലാഭമായിരുന്നു..
ചെറുപ്പത്തിലേ പൈസകൊണ്ട് കളിച്ചാല്‍ മക്കള്‍ വഷളാകുമെന്ന് പറയുമായിരുന്നു വാപ്പ..വെയില് കൊള്ളാണ്ട് ഏതേലും മൂലേല്‍ ഇരുന്നോട്ടെ എന്ന് ഉമ്മയും..
ഞമ്മക്കെന്താ പൈസ കിട്ട്യാ പുളിക്കോ എന്ന് മനസ്സില്‍ ഞാനും..
കച്ചോടം പൊടിപൊടിച്ചു.ഒരു വേനലവധി കഴിയുമ്പോളേക്കും അഞ്ഞൂര്‍ ഉറുപ്പ്യ എന്തായാലും കയ്യില്‍ തടയും..അതില്‍ നിന്ന് ചില്ലറകള്‍ വീണ്ടും കാശിതൊണ്ടിലേക്ക് നിക്ഷേപിച്ച് അടുത്ത വര്‍ഷത്തേക്കുള്ള കാത്തിരിപ്പാണ്...
ഇന്നും വേനലവധിക്കാലത്ത് റോഡരികിലും മറ്റും ഓല മറച്ച കൊച്ചു കൊച്ചു കടകള്‍ കാണാം...കണക്കുകൂട്ടാന്‍ എന്നെക്കാള്‍ മികച്ചവര്‍..
പക്ഷെ..
എന്‍റെയത്ര ക്ഷമാശീലം അവര്‍ക്കുണ്ടോ എന്നൊരു സംശയം..കാരണം വില്‍ക്കാന്‍ വെച്ച മുട്ടായികളെല്ലാം അവര് തന്നെ തിന്നുതീര്‍ക്കുന്നതാ കാണാറ്....

No comments:

Post a Comment