നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

വിരുന്നുകാരുണ്ടാക്കിയ പൊല്ലാപ്പ്


ലേ ദിവസത്തെ ചോറില്‍ കുറച്ച് കറീം ഒഴിച്ച് കുഴച്ച് വെച്ചു കോഴിക്കൂട് തുറക്കാന്‍ നോക്കുമ്പോഴാണ് ഏതോ ഒരു കാക്ക മാവിന്‍റെ കൊമ്പിലിരുന്ന്‍ വിരുന്നു വിളിച്ചത്..മറിയുമ്മ നെറ്റി ചുളിച്ച് മേലോട്ട് നോക്കി..കാക്കയുടെ വാല്‍ ഇങ്ങോട്ടാണ്‌...പക്ഷെ തല ഭവാനിയുടെ ഉമ്മറത്തേക്കാ..അപ്പൊ കണക്കെങ്ങനാ..(ഇതിലൊക്കെ എന്തൊക്കെയോ കണക്കുകളുണ്ടെന്ന് നിശ്ചയം)


ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ മൂപ്പരെ അഭിപ്രായം കൂടി ഇത്ത ചോദിക്കാറുണ്ട്..

“നോക്കീ.....ഒന്നിങ്ങോട്ട് വന്നേ..” ഭര്‍ത്താവിനെ  അല്‍പ്പം ബഹുമാനം ചേര്‍ത്ത് മറിയുമ്മ വിളിച്ചു..

പട്ടാളത്തില്‍ നിന്ന് വിരമിച്ചെങ്കിലും ചിട്ടകള്‍ക്കും മറ്റും ഒരു മാറ്റവുമില്ലാതെ രാവിലെ തന്നെ പത്രം വായിക്കുകയാണ് കാദര്‍ക്ക എന്ന കാദര്‍ ഭായ്..നാട്ടുകാര്‍ പേര് വിളിക്കുമ്പോള്‍ കൂടെ “ഭായ്” ചേര്‍ത്ത് വിളിക്കണമെന്നത് ഇക്കാക്ക് നിര്‍ബന്ധമാണ്‌...

 “എന്താ മറിയം കാലത്തെ വിളിച്ച് കൂവുന്നത്....?”


പൊതുവേ ഈ അച്ചടി ഭാഷ കേട്ടാല്‍ മറിയുമ്മാക്ക് കുരു പൊട്ടും..കാദര്‍ക്കാന്‍റെ പത്രം പിടിച്ചുള്ള നില്‍പ്പ് കൂടി കണ്ടപ്പോള്‍ ഇത്താക്ക് ഹാലിളകി..

“ഇങ്ങള് അക്കുന്ത്രാണ്ടം ഏടെങ്കിലും ബെച്ചിറ്റ് ഇങ്ങോട്ട് ബാ......”

ഒരു കാര്യവും ഇല്ലാതെ മറിയം വിളിക്കാറില്ല..തടി അധികം ഇളക്കാതെ കാദര്‍ക്കാ കോഴിക്കൂടിന്‍റെ മുന്നിലെത്തി..

“കാക്ക വിരുന്നു വിളിചിക്കി....”

അതിനെന്താ മറിയം..വിരുന്നുകാര്‍ വരട്ടെ..


“അതല്ല പ്രശ്നം..കാക്കേന്‍റെ വാല്‍ ഇങ്ങോട്ടും തല ഭാവാനീന്‍റെ ഉമ്മാരത്തേക്കുമാ..വിരുന്നുകാര് അങ്ങോട്ടോ ഇങ്ങോട്ടോ..എന്താ അയ്‌ന്‍റെ കണക്ക്..?”


അതിലിപ്പോ എന്താ സംശയം....? തല അങ്ങോട്ടല്ലേ..അപ്പൊ വിരുന്നുകാരും അങ്ങോട്ട്‌ തന്നെ..നീ കേട്ടില്ലേ തലയിരിക്കുമ്പോള്‍ വാലാടണ്ട എന്ന്..അവിടെയും തലയ്ക്കല്ലേ പ്രാധാന്യം....? കാദര്‍ഭായ് ചില അനുഭവങ്ങളുടെ ബലത്തില്‍ എന്ന പോലെ വിഷയം തീര്‍പ്പാക്കി..

.................

തിവായി ചോറിന്‍ കലവുമായി പറമ്പിലേക്ക് ഓടുന്നത് കൊണ്ട് കൂട്ടില്‍ നിന്നിറങ്ങിയ ഉടനെ കോഴികള്‍ പറമ്പിലേക്ക് ഓടി..മറിയുമ്മ അപ്പോഴും സംശയത്തിലായിരുന്നു..അഥവാ വിരുന്നുകാര്‍ വന്നാല്‍ ഒരു കോഴിയെ എന്തായാലും ശെരിയാക്കണം..ആദ്യമേ ഉറപ്പ് കിട്ടിയിരുന്നേല്‍ കൂട് തുറക്കേണ്ടായിരുന്നു...ഇനിപ്പൊ പറഞ്ഞിട്ടെന്താ..

ചോറിന്‍ കലം കോഴികള്‍ക്ക് നീട്ടി വെച്ചു മറിയുമ്മ അടുക്കളയിലേക്ക് കയറി..

“അല്ല മന്ച്ചാ.....ഇങ്ങളോട് എത്ര കാലായി പട്ടികേമ്മലെ ചെതലൊന്നു മുട്ടാന്‍ പറയ്ന്ന്‍..എന്നാന്നറിയില്ല ഓട് വീണു ബാക്കിള്ളോരു മയ്യത്താവ്ന്നെ..(കോലായില്‍ നിന്നും ഒരു പ്രതികരണവും ഇല്ല)

(അല്‍പ്പം ഉച്ചത്തില്‍) “ഏറിയ വീട്ടിലും ആണുങ്ങളുണ്ട്..ഇത് പോലൊരു കേട്യോന്‍ ഈട മാത്രേ ഉള്ളൂ....”

-----------------


റിയത്താത്താ........കൂയ്. മറിയുമ്മോ......!!


“എന്താടി രാവില തന്ന ഒച്ചേം വിളീം കൂട്ടുന്നെ....?”

അപ്പറത്തെ വീട്ടിലെ രമയാ..എരണാകുളത്ത്കാരിയാ..താമസമാക്കിയിട്ട് അധികം മാസങ്ങളായില്ല..

ഇങ്ങളെ വീട്ടിലേക്കാണെന്ന് തോന്നുന്നു..രണ്ടാള്‍ക്കാരുണ്ട് റോട്ടിലൂടെ വരുന്നു..


“അത് ഇങ്ങോട്ടല്ല രമേ..ഭാവാനിയമ്മേടെ വീട്ടിലേക്കാ..രാവില കാക്ക പറഞ്ഞീനു.....”

അതേത് കാക്ക ഇത്താ.....?

“ഇഞ്ഞി വിചാരിച്ച കാക്കയല്ല രമേ...പക്ക്ചി..രാവില വിരുന്നു വിളിച്ചീനു.. മറിയുമ്മ കാക്കശാസ്ത്രം പുറംനാട്ടുകാരിക്ക് വിവരിച്ചു കൊടുത്തു..

രമ മൂക്കത്ത് കയ്യും വെച്ചു എല്ലാം കേട്ടുനിന്നു..


എന്നാലും വരുന്നത് ആരാന്നറിയാതെ മറിയുമ്മാക്ക് ഒരു സുഖം കിട്ടണില്ല..

“അല്ല രമേ..നിന്‍റെ കെട്ട്യോന്‍ പണിക്കൊന്നും പോക്കില്ലേ..24 മണിക്കൂറും നിന്‍റെ ഉമ്മാരത്ത് കാണാലോ....?”

ഓഹ്..അങ്ങനൊന്നും ഇല്ലാത്താ..അങ്ങേര്‍ക്ക് ബിസ്സിനസ്സാ..കമ്പ്യൂട്ടറൊക്കെ  ഉണ്ട്..

“അതൊന്നും ഞാനറിഞ്ഞില്ല..തെക്കേലെ സൈനബ ഇന്നാള് പയ്യിന കുത്തിവെക്കാന്‍ കൊണ്ടോകുമ്പോ കണ്ടപ്പോ പറഞ്ഞതാ..നിന്‍റെ കേട്ട്യോനു എന്തോ ഇക്ക്മത് പണിയാന്നു..ഇനിപ്പോ ഞാന്‍ പറഞ്ഞീന്നും ബെച്ച് ഇഞ്ഞി പോയി ചോയ്ക്കൊന്നും മാണ്ട ട്ടോ..” മറിയുമ്മ അങ്ങനെയാ..എല്ലാം പറഞ്ഞു കഴിഞ്ഞു മുന്‍‌കൂര്‍ ജാമ്യം എടുക്കും.

റോട്ടിലൂടെ നടന്നു വന്നവര്‍ അടുക്കും തോറും മറിയുമ്മാക്ക് ബേജാറ് കൂടി..അത് മ്മളെ..മലേലെ കുല്‍സു അല്ലെ എന്നൊരു സംശയം..

മറിയത്താന്‍റെ തറവാടിനടുത്താ ഈ കുല്‍സു..

ആകാംഷയുടെ നിമിഷങ്ങള്‍ ചടപടാന്ന് ഇടിച്ച് തുടങ്ങി..

പ്രതീക്ഷിച്ചത് പോലെ അത് കുല്‍സു തന്നെ..

“മോളെ രമേ.......!! കാക്ക ചതിച്ചു പെണ്ണെ..”

ഏത് കാക്ക ഇത്താ.....?

രണ്ടും...,

മറിയുമ്മ കാദര്‍ക്കാന്‍റെ അടുത്തേക്ക് ഓടി..

-----------------

ണ്ട് പട്ടാളത്തിലായിരുന്നപ്പോ നുഴഞ്ഞു കയറ്റക്കാരനെ ഒരടി മുമ്പില്‍ വെടി വെച്ചിട്ട കഥ മൂപ്പര് ഇടക്കിടക്ക് പറയും..പേടിച്ച് കൈ വിറച്ചപ്പോ അറിയാതെ കാഞ്ചി വലിച്ച് പോയതാണെന്ന് പറയുന്നവരും കുറവല്ല..എന്തായാലും ദീര്‍ഘവീക്ഷിയായ മൂപ്പര് അപ്പോഴേക്കും കുപ്പായം എടുത്തിട്ട് എങ്ങോട്ടോ പോകാനുള്ള പുറപ്പാടിലായിരുന്നു..

ഇങ്ങളെ ഞാനിന്നു ശെരിയാക്കും.....!! മറിയുമ്മ ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതെ പറഞ്ഞു..  അല്ല....അതില്‍ കാര്യോം ഉണ്ട്..കുല്‍സൂന്‍റെ  ഹസ്ബണ്ട് ഇരുപത് കൊല്ലായിട്ട് ഗള്‍ഫില്‍ തന്നാ..വന്നാല്‍ ഒരീസം അന്‍റെ പോരേല്‍ വരുംന്ന് പറഞ്ഞതാ..എന്നാലും ഇത്രേം പെട്ടെന്ന് വരൂന്ന്‍ കരുതീല..

“ഇങ്ങളോട് അന്നേരെ ഞാന്‍ പറഞ്ഞതല്ലേ..ഇനിപ്പോ എന്താ ചെയ്യാ..കോയീനൊക്ക തൊറന്നു വിടേം ചെയ്ത്....” മറിയുമ്മ തലയില്‍ കയ്യും വെച്ച് സ്റ്റൂളില്‍ ഇരുന്നു..

കാദര്‍ക്കാ..തല്‍കാലം അടിയറവ് പ്രഖ്യാപിച്ച് മിണ്ടാതെ നിന്നു..


പന പോലെ നിക്കാണ്ട് എന്തേലും വയി പറയീന്‍ മന്ച്ചാ....!!


ഭാവാനീന്‍റെ ചെറുക്കന വിട്ട് പത്തിരിപ്പൊടീം സാധനോം വാങ്ങിപ്പിക്കാം..പത്തിരീം കോഴിക്കറീം..എന്താ പോരെ....?


മറിയുമ്മ മന്ദസ്മിതം തൂകി..നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ തന്‍റെ ഭര്‍ത്താവിനുള്ള കഴിവില്‍ മറിയുമ്മ അതിശയിച്ചു..തൊട്ടടുത്ത നിമിഷം ചോദ്യം മുഴ പോലെ പൊന്തി വന്നു..അപ്പൊ കോഴി....?

-----------------------------

കൊയ്..ബ ബ ബ ബ

ടുക്കളയില്‍ നിന്നും ഒരു പിടി അരിയെടുത്ത് മറിയത്താ കോഴിയെ വിളിച്ചു..കൊയ് ബ ബ ബ..

ഒരനക്കവും ഇല്ല..

കുറച്ച് കൂടി ശബ്ധമുയര്‍ത്തി ...ബ ബ ബ ..


ബ്രേക്ക് ഫാസ്റ്റ് ഇപ്പൊ കഴിഞ്ഞതെ ഉള്ളൂ..ഇപ്പൊ ഇങ്ങനൊരു സല്‍ക്കാരം നടത്തുന്നതില്‍ എന്തോ പന്തികേടില്ലേ...? അടുത്തവീട്ടിലെ പിടയെ പാട്ടിലാക്കാന്‍ ഇറങ്ങിയ പൂവന്‍ തിരിച്ച് അടുക്കള മുറ്റത്ത് തന്നെയെത്തി..

മറിയുമ്മ അടുക്കള മുറ്റം മുതല്‍ അകം വരെ അരി എറിഞ്ഞു കൊടുത്തു..സ്പ്രിംഗ് ആട്ടി വിട്ടത് പോലെ തല പല പല കോണുകളിലേക്ക് ആട്ടിക്കൊണ്ട് പൂവന്‍ അല്‍പ്പനേരം നിന്നു.. കേസ് അന്യേഷിക്കാന്‍ വന്ന സിബിഐ യെ പോലെ പൂവന്‍ ഓരോ ചലനവും ശ്രദ്ധയോടെയാണ്  നീങ്ങുന്നത്...പൂവന്‍ ഉള്ളിലെത്തിയതും ഇപ്പുറത്ത് കൂടി പുറത്തെ വാതില്‍ കാദര്‍ക്ക അടച്ചു കഴിഞ്ഞിരുന്നു..നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്യണമെന്നു കാദര്‍ക്കാനെ ആരും പഠിപ്പിക്കണ്ട...!!

ഉള്ളില്‍ മറിയത്താത്തയും കോഴിയും കബഡി തുടങ്ങി..പക്ഷെ കോഴി കളരി മുറകള്‍ വശത്താക്കിയെന്നു തോന്നുന്നു.വലതുകാല്‍ മുന്നോട്ട് വെച്ച് ഞെരിഞ്ഞമര്‍ന്നു ഒറ്റ  പറക്കല്‍..നേരെ തട്ടിന്‍ പുറത്തേക്ക്..അവിടെ നിന്നും പുക ഓട് വഴി പുറത്തേക്ക്..മറിയാത്താന്‍റെ തല സ്പീഡോമീറ്റര്‍ പോലെ കോഴിക്കൊപ്പം പൊന്തി.പുറത്തെത്തിയ ഉടനെ പ്രത്യേക ശബ്ദത്തില്‍ പൂവനൊന്നു കൂവി.. “കോയീന്‍റെ മക്കളെ..വിട്ടോടാ.....” എന്നാകും അതിന്‍റെ അര്‍ഥം എന്ന് സന്ദര്‍ഭം വെച്ചു ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും..

കോഴി താഴെ ഇറങ്ങുന്നതും കാത്ത് വ്യസനത്തോടെ മോന്തായത്തിലേക്ക് കണ്ണും നട്ട് മറിയുമ്മ നിന്നു ..



സ്സലാമു അലൈകും...ഗള്‍ഫിക്കയും പത്നിയും മുറ്റത്തെത്തി

വ അലൈക്കും സലാം..കാദര്‍ക്ക മൂപ്പരെ സ്വീകരിച്ചിരുത്തി..


കുല്‍സു പിന്നാമ്പുറത്ത്  കൂടെ മറിയത്താത്തയുടെ അടുത്തെത്തി..

“ഇഞ്ഞ്യെന്താ ഇന്ന കണ്ടിട്ട് മിണ്ടാണ്ട് പോന്നത്....?” കുല്‍സു ചൊടിച്ചു..

അല്ലെങ്കിലും ഓള്‍ക്ക് ഇത്തിരി മതി..ചൊടിക്കാന്‍..

ഉച്ചത്തില്‍ തന്നെ ഒരു ചിരി പാസ്സാക്കി മറിയത്താത്ത കുശലാന്യേഷണം തുടങ്ങി..എന്നാലും അപ്പോഴൊക്കെ കോഴീന എങ്ങന പിടിക്കും എന്ന ചിന്തയായിരുന്നു ഇത്താക്ക്..


ഇത്താന്‍റെ മേലോട്ട് കണ്ണും നട്ടുള്ള  നില്‍പ്പ് കണ്ടപ്പോ കുല്‍സുവിന് കാര്യം മനസ്സിലായി..

“ഇങ്ങളിപ്പോ അയിനൊന്നും മെനക്കെടണ്ട ഇത്താ....ഞാള് ഇപ്പങ്ങ് പോകും..”

അതെന്ത് നടപ്പാടി....?പത്ത്മുപ്പത് കൊല്ലം കൈഞ്ഞിറ്റ് വന്നതല്ലേ അന്‍റെ കേട്ട്യോന്‍....?

“മുപ്പതില്ല ഇത്താ..ഇരുപത്..”


ഹാ..എത്രായാലും കുറെ കൊല്ലം നിന്നതല്ലേ..ന്നിട്ട് ഇത്തിരി വെള്ളോം തണ്ണീം കുടിക്കാണ്ട് പോന്നത് ശെര്യാണോ...? പറച്ചിലില്‍ പാകപ്പിഴവ് വന്നാലും തന്‍റെ ഭാഗം ന്യായീകരിക്കാന്‍ ഇത്താക്ക് പ്രത്യേക കഴിവ് തന്നെ..


“ഇങ്ങളറിഞ്ഞോ.......? സൂറാന്‍റെ കെട്ട്യോന്‍ ഗള്‍ഫില് വേറെ പെണ്ണ് കെട്ട്യോലെ..മൂപ്പര് പറഞ്ഞതാ..” കുല്‍സു ജന്മ വാസന പുറത്തെടുത്തു തുടങ്ങി..

(അല്‍പ്പം സ്വരം താഴ്ത്തി..) “അയില് ഒരു മോളും ഉണ്ടെന്നാ കേട്ടത്...”

ആണോ....? മറിയത്താത്താ അടുത്ത വരി കേള്‍ക്കാനുള്ള പാലം ഇട്ടു കൊടുത്തു..

അപ്പോഴേക്കും തന്‍റെ കാര്യം വീട്ടുകാര്‍ മറന്നെന്ന് കരുതി പൂവന്‍ മെല്ലെ ഭൂമിയിലേക്കിറങ്ങി..

കോഴി ഭൂമി തൊട്ടതും മറിയുമ്മ പിന്നാലെ ഓടാന്‍ തുടങ്ങി..സങ്കല്‍പ്പത്തിനതീതമായ മറിയുമ്മാന്‍റെ ഓട്ടം കണ്ട് ഒരിക്കല്‍ കൂടി ഉച്ചത്തില്‍ കൂവിയിട്ട് കോഴിയും മാരത്തണില്‍ പങ്കെടുത്തു..

തുടങ്ങി വെച്ച കഥ തീര്‍ക്കാന്‍ കുല്‍സുവും മറിയുമ്മാന്‍റെ പുറകെ ഓട്ടം തുടങ്ങി..


അധിവെലേന്‍റെ അരീം തിന്നിട്ട് ഇന്ന കളിപ്പിക്കുന്നോ..? നിക്ക് നായിന്‍റെ മോനെ..(ആ സമയത്ത് ആരായാലും അങ്ങനൊക്കെ പറഞ്ഞ് പോകും)

ന്നിട്ട്...? (മറിയുമ്മ ഓട്ടത്തിനിടയില്‍ കുല്‍സൂനോട്..)

ന്നിട്ട് എന്താ..സൂറ ഇതൊന്നും അറിഞ്ഞില്ല..പാവം..മൂപ്പര്‍ക്ക് അച്ചാറും പപ്പടോം കഴിഞ്ഞ ആഴ്ചേം കൊടുത്തൂട്ടിക്കി..




പൂവന്‍ പിടി തരുന്ന കോളില്ല..പ്രദേശത്തെ മുഴുവന്‍ കോഴികളും പൂവന്‍റെ  ദുര്യോഗത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് കൊക്കാനും കൊരക്കാനും തുടങ്ങി..

ആകെയുണ്ടായിരുന്ന പത്ത് സെന്റ്‌ പുരയിടവും കടന്നു കോഴി മുന്നോട്ട്..


ഇഞ്ഞ്യറിഞ്ഞോ..കോളനീലെ ടൈലറെ മോന്‍ ഓളെ മൊയ് ചൊല്ലി പോലും..

ഡിം............മറിയുമ്മ ഓട്ടത്തിന് സഡന്‍ ബ്രേക്കിട്ടു..കാരണം കയ്ഞ്ഞ മാസം കല്യാണം കയ്ഞ്ഞതാ..ഇവിടുത്തെ മോളെ കല്യാണത്തിന് വെറും അറുപതു ഉറുപ്യാ ടൈലര്‍ തന്നത്.അഞ്ചാളും രാവില വന്നിറ്റ് വൈനേരത്തെ ചായേം കുടിച്ചിറ്റാ പോയത്....ഇന്നിറ്റ് ഓലെ കല്യാണത്തിന് നാപ്പതും കൂടി ചേര്‍ത്ത് നൂറു തികച്ചും കൊടുത്തിക്കി..കണക്കുകള്‍ മറിയുമ്മാക്ക് കറക്റ്റാ..

ഇന്നിറ്റ്...? പാലമിട്ട് കൊടുത്ത് മറിയുമ്മ വീണ്ടും കോഴീന തപ്പി ഓട്ടം തുടങ്ങി..വേലി ചാടി അപ്പറത്തെ ജാനകിയുടെ പറമ്പിലേക്കാ കോഴീന്‍റെ പോക്ക്..മറിയുമ്മയും വിട്ട് കൊടുത്തില്ല..അപ്പോഴേക്കും മറിയുമ്മയുടെ ദേഷ്യം ഇരട്ടിച്ചിരുന്നു..


അടുത്ത നിമിഷം സാരി കൊണ്ട് മാത്രം മറച്ച കക്കൂസില്‍ നിന്നും ഊരിപ്പിടിച്ച പാവാടയുമായി ജാനകി ഓടുന്നു..പുറകെ കോഴിയും..രണ്ടുപേരും പേടിച്ചോടുകയാണ്..വര്‍ഷങ്ങളായി നല്ലൊരു വാതില്‍ പോലുമില്ലാതെ കാര്യം സാധിക്കുന്ന ജാനകിക്ക് അത്യാവശ്യം തന്‍റെടമൊക്കെ കാണേണ്ടതാണ്..ഇങ്ങനൊരു ആക്രമണം ജാനു പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

നിശ്ചിത പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേതം രേഖപ്പെടുത്താന്‍ മറിയുമ്മ ജാനുവിനെ വിളിച്ചു..

“ഡീ..ജാനു..”

ഒലക്ക...!!!! ജാനു ദേഷ്യത്തോടെ അതും പറഞ്ഞു വീണ്ടും കക്കൂസിലേക്ക് ഓടിപ്പോയി..


ഇത്താ..ഇങ്ങള് അയ്‌ന ഒയിവാക്ക്..മൂപ്പര്‍ക്ക് ഇച്ചിരി കട്ടഞ്ചായ കൊടുത്താ മതി..

“ആഹാ..അങ്ങന വിട്ടാല്‍ പറ്റൂലാലോ..ഇന്ന് ഈ കോയീന കറി വെച്ച് കൂട്ടിയിട്ടേ ഇങ്ങള ഞാന്‍ വിടൂ..” മറിയുമ്മ ശപഥമെന്നോണം പറഞ്ഞു..

കോഴി ഇപ്പൊ കരിയോലക്കെട്ടിന്‍റെ മുകളില്‍ കിതപ്പകറ്റുകയാണ്..വര്‍ഷങ്ങളായി പട്ടാളക്കഥ കേള്‍ക്കുന്ന മറിയുമ്മാക്കും ഒരു അറ്റാക്കിനു വേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്നു അറിയാമായിരുന്നു.. നിലത്തമര്‍ന്നിരുന്നു ശബ്ധമുണ്ടാക്കാതെ കരിയോല കെട്ടിനടുത്തേക്ക് ഇഴഞ്ഞു നീങ്ങി..

വന്‍,ടൂ ,ത്രീ..അറ്റാക്ക്..................

ഒറ്റ ചാട്ടത്തിനു കോഴിയെ കൈപ്പിടിയിലൊതുക്കി..പക്ഷെ ആ ചാട്ടം അവിടം കൊണ്ട് നിന്നില്ല..കരിയോല കെട്ടും കടന്നു അപ്പുറത്ത് തെങ്ങിന്‍ തൈ നടാന്‍ കുഴിച്ച കുഴിയിലേക്ക്..


എല്ലാം ലൈവായി നോക്കി നിന്ന കുല്‍സു രക്ഷാപ്രവര്‍ത്തനം തുടങ്ങി..ഒരുകയ്യില്‍ കോഴിയെയും മറു തോളില്‍ മറിയുമ്മയേയും താങ്ങി കുല്‍സു അടുക്കളയിലെത്തി..ഒരു വലിയ ഗ്ലാസ് വെള്ളം അകത്താക്കിയ ശേഷം മറിയുമ്മ ചോദിച്ചു.. “ഇന്നിട്ടെന്തായി കുല്സോ....?”


എന്താവാന്‍..ഓളെ പൊരക്കാര് കേസ് കൊടുക്കുമ്പോലും....!!


പ്പോഴേക്കും കാദര്‍ക്കാന്‍റെ വെടിയുണ്ടകള്‍ സഹിക്കാന്‍ വയ്യാതെ ഗള്‍ഫിക്ക മുറ്റത്തിറങ്ങിയിരുന്നു..കോഴിയെ പിടിക്കാന്‍ ഓടുന്നത് കണ്ടിട്ടാകണം ഗള്‍ഫിക്ക അത്രേം നേരം പട്ടാളത്തെ സഹിച്ചത്..

കുറച്ച് നേരം കൊണ്ട് വിഭവങ്ങള്‍ വിളമ്പി..ഗള്‍ഫിക്ക നല്ല ഉശാറിനു തിന്നുണ്ടായിരുന്നു..മറിയുമ്മ വീണതില്‍ കുല്‍സുവിനു സങ്കടം ഉണ്ടെങ്കിലും വലിയ തരക്കേടില്ലാതെ കുല്‍സുവും കഴിച്ചു..അല്‍പ്പ സമയത്തിന് ശേഷം അവര്‍ പിരിഞ്ഞു..


മറിയുമ്മ ഒന്ന് ദീര്‍ഘശ്വാസം വിട്ടു..അത് വരെയുള്ള ദേഷ്യം മുഴുവന്‍ പറയാനാണ് അങ്ങനൊരു ശ്വാസം വിട്ടത് എന്ന് മനസിലാക്കിയ കാദര്‍ക്ക പ്ലേറ്റിലെ കറി വിരല്‍ കൊണ്ട് വടിച്ച് നാവില്‍ വെച്ച് കൊണ്ട് ചോദിച്ചു..


“അല്ല മറിയം..ജാനു കക്കൂസില്‍ നിന്നോടിയപ്പോ നീ ഇന്നാള് കൊടുത്ത പാവാടയല്ലായിരുന്നോ ഇട്ടത്...?”


പിന്നീടവിടെ സംഭവിച്ചതിന് തട്ടിന്‍പുറത്തെ ഗൌളിയും ചിതലും സാക്ഷി..

                                                          ശുഭം
on fb:-http://goo.gl/QlMUC4

No comments:

Post a Comment