നമസ്ക്കാരം പ്രിയരേ...

നടന്നു നീങ്ങിയ വഴികളിലൂടെ ഒരെത്തിനോട്ടം...

അനുഭവങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വായിക്കുമ്പോള്‍

ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...

ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക്

ജീവജലം നല്‍കാന്‍ ഒരിടം...

കൂടെ..

എന്നെ സ്നേഹിക്കുന്ന ഒരുപിടി നല്ല കൂട്ടുകാരും..

ഓലപ്പുരയുടെ...പനയോലവാതില്‍ ദാ...തുറന്നിരിക്കുന്നു..

ഏവര്‍ക്കും സ്വാഗതം......

സ്വന്തം..റൌഫ് ബാലുശ്ശേരി

ബാല്യകാല മധുരം..

ഓലപ്പുരയുടെ പാന്തകെട്ടിനുള്ളില്‍ ചെറിയൊരു പാറ്റ..എന്തോ തിരഞ്ഞു നടക്കുകയാണ്...ഇടവും വലവും ഓടി നടന്നിട്ടും എന്തോ മറന്ന പോലെ വീണ്ടും അവിടെ തന്നെ അലകിനുള്ളിലേക്ക് വലിഞ്ഞു നില്‍പ്പാണ്..ദൂരെയൊരു പല്ലി ഇടയ്ക്കിടെ നാവ് പുറത്തെക്കിടുന്നുണ്ട്..വാലിളക്കുന്നുണ്ട്..പതിയെ പതിയെ അവന്‍ പാറ്റയെ ലക്‌ഷ്യം വെച്ച് നീങ്ങുകാണ്..ഞാന്‍ കിടന്ന കിടപ്പില്‍ ശബ്ദമുണ്ടാക്കാതെ തലയിണയുടെ  അടിയില്‍ പരതി..ഇന്നലെ ബാലവാടി ട്ടീച്ചര്‍ ഞാന്‍ കരഞ്ഞപ്പോള്‍ തന്നതാണ് ഒരു ചോക്കിന്‍റെ കഷണം..മെല്ലെ അതെടുത്ത് കയ്യില്‍ പിടിച്ചു..
പല്ലി ഓരോ ചുവടും അടുത്ത കൊണ്ടിരിക്കുകയാണ്..പാറ്റ  ഒന്നും അറിഞ്ഞ മട്ടിലല്ല നില്‍ക്കുന്നത്..ദൂരെയെങ്ങോ കണ്ണും നട്ട് എന്തോ ചിന്തിച്ച്..

ഞാന്‍ രണ്ടിനെയും മാറി മാറി നോക്കി..ക്രമേണ കണ്ണുകളുടെ  ചലനം കുറഞ്ഞു വന്നു..പല്ലി പാറ്റയുടെ തൊട്ടടുത്ത് എത്തിയിരിക്കുന്നു..ഞാന്‍ ചോക്ക് ഉന്നം വെച്ചു...ഒരൊറ്റ ഏറ്...ഒപ്പം ട്ടേ....!! എന്നൊരു ശബ്ദവും...പല്ലി പിന്തിരിഞ്ഞില്ല..പാറ്റ പക്ഷെ തിരിഞ്ഞോടി..എന്നിട്ടെന്ത്.....? പല്ലി ഉള്ള കാര്യം അറിയാതെ പാറ്റ ചെന്ന് കയറിയത് അതിന്‍റെ വായിലേക്ക് തന്നെ..
സങ്കടം തോന്നി..കുറച്ചൂടെ നേരത്തെ എറിഞ്ഞാ മതിയായ്നു......!!

ഇഞ്ഞി എണീറ്റില്ലേ മോനെ.....? ഉമ്മ പകുതി തുറന്നു വെച്ച വാതില്‍  “കര കരശബ്ദത്തോടെ തുറന്നു..മഴ തുടങ്ങിയതില്‍ പിന്നെ വാതില്‍ അങ്ങിനെയാ..
ഇഞ്ഞി എന്തിനാടാ കരയുന്നെ...? ഉമ്മ മുട്ടുകുത്തി എന്‍റെ മുന്നില്‍ ഇരുന്നു..
ഉം....ഒന്നൂല്ല...കണ്ണില്‍ പൊടി തൊയിഞ്ഞതാ...
വാപ്പാനോട് പറയണം..ചെതലോക്കെ ഒന്നടിക്കാന്‍..എന്നാന്നറിയില്ല എല്ലാം കൂടി.....

വേം പോയി പല്ല് തേക്ക്..ചേമ്പ് പുയുങ്ങ്യതും ചമ്മന്തീം ണ്ട്..

ഇന്നും ചേമ്പാ ഉമ്മാ...ഇനിക്കി മാണ്ട..
അല്ല..ഇന്ന് വേറ ചേമ്പാ...നല്ല രസണ്ട്...
സ്റ്റീല്‍ ഗ്ലാസ്സില്‍ നിന്നും ഇത് വരേം മോചനം കിട്ടിയില്ല..എപ്പഴോ രണ്ടു കുപ്പി ഗ്ലാസ് കയ്യില്‍ നിന്ന് പൊട്ടിയതില്‍ പിന്നെ ഇതന്നെ എന്നും..

ഇങ്കി ക്ലുപ്പി ക്ലാസില്‍ മതി ചായ..

ഒരു രസോല്ല മോനെ..ഞാന്‍ കുടിക്കുന്നത് നോക്ക്..ഇതിലാ രസം..
ഉമ്മ എന്‍റെ മനസ്സ് മുന്‍കൂട്ടി കണ്ടിരിക്കുന്നു..സ്റ്റീല്‍ ക്ലാസ്സിലാ ഉമ്മയും..

മ്മക്ക് കുളിക്കണ്ടേ..വേം വാ..നേരം പോയി..
ഇന്ന് കുളിക്കണ്ട ഉമ്മാ..ഇന്ന് ഒയിച്ചില്ല..ട്രൌസറില്‍ തടവി ഞാന്‍ പറഞ്ഞു..
ഉപാപ്പ കൊണ്ടോന്നെ ഗള്‍ഫിന്‍റെ സോപ്പ് ണ്ട്..നല്ല മണാ..
ഉമ്മ വലിയ ലക്സ് സോപ്പിന്‍റെ നാലിലൊരു കഷണം മുറിച്ചു..

എന്തിനാ മുറിച്ചേ..തീര്‍ത്തും എടുത്തൂടായ്നോ.....?

കയ്യില് ഒതുങ്ങൂല മോനെ..അതാ.. വല്ലപ്പോഴും മാത്രം കിട്ടിയിരുന്ന മണമുള്ള ഗള്‍ഫ് സോപ്പിനോടുള്ള പിരിശം കൊണ്ടാണ് തീര്‍ത്തും എടുക്കാത്തതെന്നു ഉമ്മ പറയൂല...

ഇന്നും നീല ട്രൌസറ് തന്ന്യാ ഉമ്മാ..എല്ലാരും കളിയാക്കും ഇന്ന കാണുമ്പോ..

അതല്ല മോനെ..ഇന്ന് ട്രൌസറ് ഇസ്തരി ഇട്ടിക്കി..ചുളിവോന്നൂല..പുതിയത് പോലണ്ട്..

രണ്ടു ട്രൌസറ് വെച്ച് രണ്ടായിരം കളവ് ഉമ്മ പറഞ്ഞിരിക്കുന്നു..
ഇന്ന് ബാലാവാടീല്‍ പോണ്ട ഉമ്മ..ഞാന്‍ ഒന്നും കളിക്കാണ്ട് ഇവിട ഇരിക്കും...

ഇന്ന് മ്മള് രണ്ടാളും കൂട്യാ പോവാ..ന്നിറ്റ് ഞാനും മോന്‍റെ കൂടെ ഇരിക്കും..

അപ്പറത്തെ കണ്ണന്‍ ഇങ്കി കളിക്കാന്‍ ഒന്നും തരൂല ഉമ്മാ...ബാലവാടിയിലേക്കുള്ള വഴിയെ ഞാനെന്‍റെ പരാതി പറഞ്ഞു..

ഇന്ന് ഞാനെന്തായാലും ട്ടീച്ചറോട് പറയുന്നുണ്ട്..കണ്ണന് രണ്ടടി വെച്ച് കൊടുക്കാന്‍..

ഉമ്മയും വാ അകത്തേക്ക്..ബാലവാടിയുടെ മതില്‍ കെട്ടിനടുത്ത് എത്തിയപ്പോള്‍ ഞാന്‍ തട്ടം പിടിച്ചു വലിച്ചു..

വാപ്പ ഇപ്പൊ ഇങ്ങോട്ട് വരും...വാപ്പാനെ കണ്ടിട്ട് ഞാന്‍ അകത്തേക്ക് വരാം ട്ടോ..മോന്‍ പൊയ്ക്കോ..

വൈകുന്നേരം ഒരു ചോക്ക് കഷണവുമായി മതില്‍ കെട്ടിനിപ്പുറം എത്തുമ്പോള്‍ ഉമ്മയുണ്ട് സന്തോഷ ചിരിയുമായി കാത്ത് നില്‍ക്കുന്നു..
മോന്‍ കരഞ്ഞൂ ലേ..ചോക്കിന്‍ കഷണം നോക്കി ഉമ്മ പറഞ്ഞു..
ഉം....
ഞാന്‍ ഇത്രേം നേരം ഇവിടെ ഇരിക്കായിരുന്നു മോനേം കാത്ത്..
ആണോ....എന്‍റെ കണ്ണ് വികസിച്ചു..
അപ്പൊ ടീച്ചറ് ഇന്ന് കണ്ണനെ തല്ലിയില്ലല്ലോ..ഉമ്മ പറഞ്ഞില്ല ലേ..
മറന്നു പോയി മോനെ..
ഉം......എനിക്കറിയാം..ഉമ്മയെന്നെ പറ്റിച്ചതാ..എന്നേം കാത്ത് നിന്നതൊന്നുമല്ല..ഒറപ്പാ..



അപ്പൊ രാവിലെ കരഞ്ഞത് പൊടി തൊയ്ഞ്ഞതാന്നു മോന്‍ കളവ് പറഞ്ഞതല്ലേ....?
അല്ല....
ആണ്..
അല്ല...മിണ്ടൂല...

മിണ്ടണ്ട....


No comments:

Post a Comment