
ശനിയാഴ്ച നേരം പുലര്‍ന്നു..ഉറക്കമുണര്‍ന്ന് കണ്ണും മിഴിച്ച് വെറുതെ അലാറത്തില്‍ നോക്കി ഇന്നലെ ചൂണ്ടയില്‍ നിന്നും ഒഴിഞ്ഞു പോയ വരാലിനെ ഓര്‍ത്ത് കിടന്നു..പെട്ടെന്നാണ് ഓര്‍മ്മ വന്നത്..ചാടി എഴുന്നേറ്റു..സ്പെഷല്‍ ക്ലാസ് ഉണ്ടെന്നു പറഞ്ഞതാ ഉസ്താത്..
ആകാശവാണിയില്‍ നിന്നും പ്രവാചക പരദേവാനന്ദ സാഗരാഹാ കേട്ടുതുടങ്ങി..സാധാരണ
ഇന്നേരമാകുമ്പോഴേക്കും മദ്രസ്സയില്‍ എത്തുന്നതാ..
ഉമിക്കരിയെടുത്ത്
കക്കൂസിലേക്കോടി..പല്ലുതേപ്പും കക്കൂസില്‍ പോക്കും ഒരുമിച്ച്..ഉമ്മ അടുക്കളയില്‍
നിന്നും ലേലം വിളി തുടങ്ങിയിരുന്നു..എങ്ങനെയൊക്കെയോ ഒരു നനച്ചുകുളി നടത്തി
കിത്താബിട്ട റ്റെക്സ്റ്റയില്‍സ് കവറെടുത്ത് അടുക്കളയിലേക്കോടി..
ഉമ്മ
ചപ്പാത്തിയില്‍ തേങ്ങയും പഞ്ചാരയും വെച്ച് ചുരുട്ടി വെച്ചിരുന്നു..ആറിയ ചായ
ഒറ്റവലിക്ക് കുടിച്ച് ചപ്പാത്തിയും സഞ്ചിയുമെടുത്ത് മദ്രസ്സയിലേക്കോടി..
ഓടി
കുറച്ച് ദൂരമെത്തിയപ്പോഴാണ് ഓര്‍മ്മ വന്നത്..തൊപ്പിയെടുത്തില്ല..വന്ന വഴിക്ക്
തന്നെ തിരിഞ്ഞോടി..മേശപ്പുറത്തും നിലത്തുമൊക്കെ തിരഞ്ഞു..തോപ്പിയില്ല..
“മദ്രസ്സ
കഴിഞ്ഞ് വന്നാല്‍ പുത്തകോം തൊപ്പീം എറിയലല്ലേ...അവിട കെടന്നു തെരഞ്ഞോ..” ഉമ്മ ചറപറ പറഞ്ഞു തുടങ്ങി..
ഒടുക്കം
കയ്യില്‍ കിട്ടിയ ടവ്വലെടുത്ത് തലയില്‍ കെട്ടി വീണ്ടും ഓട്ടം തുടങ്ങി..
മുളങ്കാടുകള്‍
നിറഞ്ഞ ഇടവഴിയിലൂടെ ഓടി നൂര്‍ജയുടെ വീടിനു മുന്നിലെത്തി..ഗള്ഫുകാരന് ഹുസൈന്‍ക്കാന്റെ
ഒറ്റമോള്..വല്ല്യ തറവാട്ടുകാരാ..രണ്ടുനില ഓടിട്ട വീട്..ഒരുപാട് സ്വത്ത്
ഉണ്ടായിരുന്നതാ..വാപ്പാന്റെ ശീട്ടുകളിയില്‍ ഉള്ളതില്‍ മുക്കാലും
മൂക്കുകുത്തി..മദ്രസ്സയിലേക്ക് ആകെയുള്ളൊരു കൂട്ട് അവളാ..ഗള്‍ഫുകാരന്റെ
മോളാണെന്ന് അഹങ്കാരം ഇത്തിരി പോലുമില്ല..അന്നൊക്കെ ഗള്ഫുകാര് ചുറ്റുമുള്ളവര്‍ക്ക്
രാജാവിനെ പോലെയാ...
മക്കനയിട്ട
അവളുടെ മുഖം ഒരിക്കല്‍ കണ്ടാല്‍ മതി..മനസ്സിനാകെ ഒരു കുളിര്‍മ്മയാ...
പലവട്ടം
ഞാനവളോട് ചോദിച്ചിട്ടുണ്ട്.. “എങ്ങനാ
നൂറെ ഇത്ര വെളുക്കുന്നെ...? “
ഓഹ്...........ഇക്കി
വെളുപ്പിഷ്ടല്ല..നിന്റെ കളറാ ഇഷ്ടം..അതാകുമ്പോ ചേറായാലും അറിയൂലാലോ...
എന്നെ
സമാധാനിപ്പിക്കാന്‍ പറഞ്ഞതാണേലും അവള് പറഞ്ഞതും ശേര്യാ..അധികം ചെളിയായാലും അറിയൂല
ന്റെ മേല്‍..
കോണിപ്പടിമേല്‍
ഒരിലയും കല്ലും..നൂര്‍ജ മുമ്പേ പോയതിന്റെ അടയാളമാണത്..തോട്ടുവക്കിലൂടെ ഓടി തറവാട്
പള്ളിയുടെ മുന്നിലെത്തി..
പള്ളിയുടെ
മുന്നില്‍ ഒരു കുളമുണ്ട്..നിറയെ മീനുകളും..പള്ളിയുടെ ഒത്ത മുകളില്‍ മരത്തില്‍ തീര്‍ത്ത
മിനാരത്തില്‍ പ്രാവുകളുടെ കുറുകല്‍ കേള്‍ക്കുന്നുണ്ട്..തൊട്ട് പിന്നില്‍ തകര്‍ന്നു
വീഴാറായ പഴയ കെട്ടിടമാണ് മദ്രസ്സ..പൊട്ടിയ ഓടുകളുടെ സ്ഥാനത്ത് പ്ലാസ്റ്റിക് വെച്ച്
അടച്ചിട്ടുണ്ട്..മുന്നില്‍ വലിയൊരു മേയ്ഫ്ലവര്‍ മരവും..
വഴുക്ക്
പിടിച്ച മുറ്റത്തൂടെ വഴുതാതെ ഞാന്‍ നടന്നു..ഹവായ് ചെരുപ്പില്‍ നിന്നും തെറിച്ച
ചെളിക്കുത്തുകള്‍ ഒരു കൈ കൊണ്ട് തുടച്ച് ക്ലാസ്സിലേക്ക് കയറി..ശബ്ദം കുറച്ച് സലാം
പറഞ്ഞു..
തുരുമ്പെടുത്ത്
തൂങ്ങിക്കിടക്കുന്ന ജാലകവാതിലിലൂടെ പുറത്തേക്കൊന്നു നോക്കി..ഉപ്പൂത്തി മരത്തില്‍
പണ്ടാരക്കാലന് മൂങ്ങയിരിപ്പുണ്ട്..ഇന്ന് അടി ഉറപ്പാ...അടി കിട്ടിയ
ദിവസങ്ങളിലെല്ലാം ആ മൂങ്ങ അവിടെ തന്നെ ഉണ്ടായിരുന്നു..എന്ന് വെച്ചാല്‍
മൂങ്ങയില്ലാത്ത ദിവസങ്ങള്‍ കുറവാ..
നൂര്‍ജ
എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട്..
“യാസീന്‍ രണ്ടു മുബീനും പടിചിട്ടല്ലേ വന്നത്...?
“ ഉസ്ഥാത് ചോദിച്ചു..
ഇല്ലെന്നറിയുന്നത്
കൊണ്ടാകും ചോദ്യത്തിനൊപ്പം ചൂരലും എടുത്ത് എന്റെ അടുത്തേക്ക് വന്നു...മടിച്ചു
നിന്നില്ല..കൈ നീട്ടി..അളന്ന് മുറിച്ച് നാലടി..ന്റെ കൈ പൊള്ളിപ്പോയി..അടി കിട്ടിയ
കൈ മറ്റേ കൈകൊണ്ട് പൊത്തിപ്പിടിച്ച് നൂര്‍ജയെ ഒന്ന് നോക്കി..അവളുടെ കണ്ണുകള്‍
നിറഞ്ഞിരുന്നു..
മദ്രസ്സ വിട്ട് പള്ളിക്കുളത്തിന്റെ പടവില്‍ ഞാനും അവളും നിശബ്ദരായി
കുളത്തിലെ പ്രതിഭിംബങ്ങളില് അന്യോന്യം നോക്കിയിരുന്നു..കുളത്തിലെ ചെറീനും ഒരു
കുറേ മക്കളും ജാഥ പോലെ അങ്ങോട്ടുമിങ്ങോട്ടും നീന്തുന്നു..ഒരിക്കല്‍ ചൂണ്ടയോന്നു
പയറ്റിയതാ..മുക്കിറി കയ്യോടെ പിടിച്ചു..
സങ്കടങ്ങളും പരിഭവങ്ങളും ഉണ്ടാകുമ്പോള്‍ നൂര്ജയാണ് ആദ്യം അവിടെ
വന്നിരിക്കാറ്..
ഇനി
നേരം വൈകീറ്റ് പോരെന്നും അടി കിട്ടണ്ട....!! അവള് നടന്നു തുടങ്ങി..
ഹാജ്യാരെ
പെട്ടിപ്പീട്യെന്ന് പത്ത് പൈസക്ക് സൂരുട്ടായീം വാങ്ങി ഓളെ പിന്നാലെ ഞാന്‍
ഓടി..പാടവരമ്പത്തെ മഞ്ഞ് വീണ പുല്ലില്‍ കാല് കൊണ്ട് തട്ടിത്തെറിപ്പികാന് നല്ല
രസം..വയലിലെ വെള്ളച്ചാലിന്റെ കുറുകേയിട്ട തെങ്ങിന് പാലത്തിനടിയില്‍ നല്ലോണം
മീനുണ്ട്..
“ഈ യാസീന്‍ പഠിക്കണത് വല്ല്യ പാടാ ലേ നൂറെ...? ഇഞ്ഞ്യെങ്ങനാ പഠിക്കുന്നെ...?”
പഠിക്കാന്‍ ഒരു പാടുമില്ല..ചൂണ്ടയിട്ട് നടക്കുന്ന നേരം വേണ്ട ഇത്
പഠിക്കാന്‍...
മ്...പഠിക്കണം..
ന്റെ കയ്യീന്ന് സൂരുട്ടായി വാങ്ങി വായിലേക്കിട്ടവല് പറഞ്ഞു..
“മ്മക്ക്
ഒരു പൂന്തോട്ടം ണ്ടാക്കണം..എല്ലാ ചെടികളും വേണം..ഏറ്റവും മുന്നില്‍ ന്റെ
പനിനീറും..നിറയെ പൂക്കള്‍ വിരിയും..എന്ത് രസായ്ക്കും ലേ...?
ഹാ.....രസോക്ക
ണ്ടാകും..ഞാന്‍ പറഞ്ഞു.
എന്നിട്ട് മ്മക്ക് അതില്‍ കിടക്കണം..പനിനീര് പൂവിന്റെ സുഗന്ധം
മണത്ത്..ആകാശത്തിന്റെ നിറമാസ്വദിച്ച്.....
ഓ....പിന്നേ...മുള്ളുള്ള
ചെടീമ്മല് കെടക്കാന്‍ ഇഞ്ഞി വേറ ആളെ നോക്കിക്കോ...
റോസാപ്പൂ വല്ല്യ ഇഷ്ടാ..പുര നിറച്ചും ഉണ്ട്..പോരാത്തതിന് ന്റെ
വീട്ടിലും അവള് നട്ടിരുന്നു..
സ്കൂള്‍
വിട്ട് വരുന്ന വഴി ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരുത്തന് ഒരുത്തിയെ നോക്കി
കണ്ണിറുക്കി..അര്ത്ഥമെന്തെന്നറിയാഞ്ഞിട്ടും കണ്ടപ്പോ ഒരു നാണം..
പിന്നീടൊരു
ദിവസം ഇറച്ചിക്കാരന് അന്ത്രുക്കാന്റെ മോളെ നോക്കി കണ്ണിറുക്കിയതിന് മൊയ്തൂന്റെ
കണ്ണടിച്ചു കലക്കിയപ്പോഴാണ് ഇത് ലബ്ബിന്റെ ചിഹ്നമാണെന്ന്
മനസ്സിലായത്..കയ്യൂക്കിന്റെ കാര്യത്തില്‍ ഹുസൈന്ക്കായും ഒട്ടും മോശമല്ലാത്തത്
കൊണ്ട് ഞാനാ ചിഹ്നം മറന്നു..
അവളുടെ
ജന്മദിനത്തിനു തലേന്നാള്‍ ചിമ്മിണി വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ നാട്ടിലെ
പണക്കാരന്റെ സ്വര്ണ്ണക്കലറിലുള്ള ക്ഷണക്കത്തിന്റെ ഒഴിഞ്ഞ പുറത്തില്‍ ഞാന്‍
എഴുതി.. “I LOVE YOU”
ഉറക്കമിളിച്ചുള്ള
ഇരിപ്പും കുറച്ചധികം കളര്‍ ചിലവാക്കിയ എന്റെ എഴുത്തും കണ്ടപ്പോള്‍ ഇന്ഗ്ലീഷ്
അറിയാഞ്ഞിട്ടും ഉമ്മാക്ക് കാര്യം മനസിലായി..ആ ഉദ്യമം നാല് കഷണമായി..
ഹുസ്സൈന്ക്കാന്റെ
പോക്ക് വീണ്ടും വീണ്ടും പടുക്കുഴിയിലേക്കാണ്..ഓരോരോ വട്ടവും സമ്പാദ്യങ്ങള്‍
ഓരോന്നായി അയാള്‍ പണയപ്പെടുത്തി..
സ്കൂള്‍
അവധിക്ക് തറവാട്ടില്‍ പാര്‍ക്കാന്‍ പോയ സമയത്താണ് ഹുസൈന്‍ക്കാ പെട്ടെന്നവിടെ
വിറ്റ് വേറെ എങ്ങോട്ടോ പോയത്..എന്റെ കുഞ്ഞു ഹൃദയത്തില്‍ കിളിര്‍ത്ത ഓരോ
റോസാപൂവും ഒരു നിമിഷം കൊണ്ട് കരിഞ്ഞു..ഒരു പക്ഷേ കൂട്ടുകാരി എന്നതില്‍ കവിഞ്ഞ്
സ്നേഹത്തിന്റെ അര്‍ത്ഥങ്ങള്‍ പലതുണ്ടെന്നു തിരിച്ചറിഞ്ഞത്
അന്നായിരുന്നു..എവിടെക്കാണ് പോയതെന്ന് ആരോടും പറഞ്ഞില്ല...
മുറ്റത്ത്
പരന്നു കിടക്കുന്ന ഓരോ റോസാപ്പൂവിലും അവളുടെ ചിരിയുണ്ടായിരുന്നു..കരിഞ്ഞ കൊമ്പില്‍
ഒഴിഞ്ഞ മുട്ടത്തോടുകള്‍ കൊളുത്തിയിട്ടിരുന്നു..ചെടി നന്നാവാന്‍ വേണ്ടിയാണത്രേ..
പ്രിയമില്ലെന്നു
കരുതുന്നതെന്തും കയ്യെത്താ ദൂരത്തെത്തുമ്പോഴാണ് അതെത്ര മാത്രം
പ്രിയമായിരുന്നെന്നു അറിയുന്നത്..
ഏതോ
വികൃതി ചെക്കന് കുളത്തിലേക്ക് കല്ലെറിഞ്ഞ് ഓടിപ്പോയി..
ഞാന്‍
ഞെട്ടിയുണര്‍ന്നു..പരിസരത്തെങ്ങും ആരുമില്ല..ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങീട്ട്
കുറേ നേരായി..
കുറെ
കാലമായി ഈ വഴിയൊക്കെ വന്നിട്ട്..കുളത്തിന്റെ വശങ്ങളെല്ലാം ഇടിഞ്ഞു..ആള്‍മറയുടെ
കോണിലെ ഭണ്ടാരപ്പെട്ടി പൊട്ടിയ ഇരുമ്പുതൂണില്‍ തലകുനിച്ച് നില്ക്കുന്നു..
കുളപ്പടവില്‍
നിന്നെഴുന്നേറ്റു..പണ്ട് ജോക്കര്‍ മുട്ടായി വാങ്ങിയ ഹാജ്യാരുടെ കട ചിതലരിച്ചു
നിലംപൊത്തി..കടയുടെ ഒരു ഭാഗത്തെ ചേകിന്റെ കുറച്ച് മന്കട്ടകള് മാത്രം ബാക്കി..
വയല്‍വരമ്പുകള്‍
വലിയ പാതകളായി..പരല്മീനുകള് ഇന്നുമുണ്ട്..കനിഞ്ഞു കിട്ടിയ ചാലിലൂടെ അവ നീന്തിക്കളിക്കുന്നു..
അന്നത്തെ
ക്ലാസ്സിലെ പോക്കിരി ഹംസാനെ വഴിയില്‍ കണ്ടു..ആ പോക്കിരി ഭാവം ഇപ്പഴുമുണ്ട്..എന്നെ
കണ്ടപ്പോള്‍ വലിയ സന്തോഷായി..കുറച്ച് വിശേഷങ്ങള്‍ ചോദിച്ചതിനു ശേഷം ഞാന്‍
ചോദിച്ചു..
“നൂര്‍ജാന്റെ
വിവരമെന്താ ഹംസേ...?ഇഞ്ഞി കാണലുണ്ടോ...?
ഓരെന്നോ
ഇവിടുന്ന് പോയതല്ലേ..എവിടാന്ന് ഒരു പിടീം ഇല്ല..
അല്ലാ....ഇഞ്ഞി
ഇപ്പളും ഓളെ...............?
ഹാ..........പോട്ടെ
ഹംസേ..ഉമ്മ കാത്ത് നിക്കുന്നുണ്ടാകും..ഞാന്‍ തിരിഞ്ഞു നടന്നു..
പണ്ടത്തെ
ഓരോ കാഴ്ചയും ഒരുപാട് മാറിയിരിക്കുന്നു..മാറാത്തത് തലനരച്ച് ഒരുപാട് മക്കളെ
മാറോടണച്ച് വഴിയിലേക്ക് തലതാഴ്ത്തി നില്ക്കുന്ന മുളങ്കാട് മാത്രം..നൂര്‍ജാന്റെ
വീട്ടുമുറ്റത്തെ റോസ് നിറയെ പൂക്കളുമായി വഴിയിലേക്ക് കണ്ണും
നട്ടിരിക്കുന്നു..പൂക്കളുടെ ഓരോ ആട്ടവും മനസ്സിനെ നനയിച്ചു കൊണ്ടിരിക്കുന്നു.
വീട്ടിലെത്തി..ഉമ്മയെന്നെ
കാണാതെ ക്ഷമ കെട്ടിരിക്കാ..പ്രായം തലമുടി നരപ്പിച്ചെങ്കിലും നിര്‍ത്താതെയുള്ള
സംസാരം..അതിപ്പോളും ഉണ്ട്..
“ഞ്ഞി
എപ്പളും ഇങ്ങനാ..നേരത്തിനും കാലത്തിനും അല്ലേലും നിന്ന കിട്ടൂല..” ഉമ്മ ഓരോന്ന് പറഞ്ഞു അടുക്കളയിലേക്ക് കയറിപ്പോയി..
അല്ല ഉമ്മാ...ഒരു കാര്യം ചോദിക്കട്ടെ....?
ഹാ...ചോയ്ക്ക്...
മ്മളെ നൂര്‍ജ ഇപ്പൊ എവിടാ...? കാണാനൊരു
പൂതിണ്ടായ്നു..
കുറച്ച് നേരത്തെ നിശബ്ദദ കഴിഞ്ഞ് ഉമ്മയെന്നെ നോക്കി..കണ്ണുകള്‍
ചെറുതായൊന്നു കലങ്ങിയോ...ആ നോട്ടം കൊണ്ടുതന്നെ നല്ല സ്ഥിതിയിലല്ല അവരെന്ന്
മനസ്സിലായി..
“ചായ
ആറും..അതെടുത്ത് കുടിക്ക്..ഞാനിപ്പം വരാം...”
കുറച്ച്
നേരത്തേക്കെങ്കിലും ഉമ്മയെന്നില് നിന്നും ഒഴിഞ്ഞുമാറി..
ആറിയ ചായയെടുത്ത് ഞാന്‍ കോലായിപ്പടിയില്‍ ഇരുന്നു..മുറ്റവരമ്പത്ത്
അവളുടെ റോസ്സാപ്പൂക്കള്‍ എന്നെ തന്നെ നോക്കി തലയാട്ടി..അവരെന്നോട്
പറയുകയായിരുന്നു..
“മ്മക്ക് ഒരു പൂന്തോട്ടം ണ്ടാക്കണം..എല്ലാ ചെടികളും
വേണം..ഏറ്റവും മുന്നില്‍ ന്റെ പനിനീറും..നിറയെ പൂക്കള്‍ വിരിയും..എന്ത്
രസായ്ക്കും ലേ...? എന്നിട്ട് മ്മക്ക് അതില്‍
കിടക്കണം..പനിനീര് പൂവിന്റെ സുഗന്ധം മണത്ത്..ആകാശത്തിന്റെ നിറമാസ്വദിച്ച്.....
----------------------------------------------------------------------

വളരെ നല്ല ഒരു ഓര്‍മ്മചെപ്പ് തുറന്ന് ബാലുശ്ശേരി നാലാള് രചന ഒന്നും വിടാനില്ല എല്ലാവര്ക്കും ഉണ്ട് ഇത്തരം ബാല്യ കാല സഖികള്‍ യഥാര്‍ത്ഥ [പ്രണയം വിടരുന്ന നേരം മറ്റൊന്നും ഇല്ലാതെ പരസ്പരം ഒരിഷ്ടം നല്ല വായന ബ്ലോഗില്‍ ആദ്യ കമന്റിനുള്ള അവസരം എനിക്ക് തന്നതില്‍ വളരെ സന്തോഷം എഴുത്ത് ഈ നിലയില്‍ തുടരുക ശരിക്കും ഹൃദ്യം ഓരോ വാക്കുകളും ഓരോ വീഡിയോ ക്ലിപ്പിംഗ് പോലെ മനസ്സില്‍ ചേക്കേറുന്നു എല്ലാ ഭാവുകങ്ങളും !!!!
ReplyDeleteപ്രിയ ജലാല്‍ ഭായ്..ബ്ലോഗിലെ ആദ്യ കമന്റ് കൊണ്ട് എന്നെ അനുഗ്രഹിച്ച ഇക്കാനോട് നന്ദിയും കടപ്പാടും അറിയിക്കട്ടെ..തുടര്‍ന്നും ഈ പിന്തുണയും സ്നേഹവും ഉണ്ടാവണം..സന്തോഷം <3
ReplyDeleteനല്ല എഴുത്ത് നല്ല ശൈലി ,, ആ അക്ഷരങ്ങള്‍ ഒന്ന് കൂടി ശെരിയാക്കൂ ( ഫോണ്ട് ) .
ReplyDeleteപ്രിയ ഫൈസല്‍ ബാബു..അക്ഷരങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട്.. കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ പറ്റിയ പിഴവായിരുന്നു..വളരെ സന്തോഷം..വായനയ്ക്കും സ്നേഹത്തോടെയുള്ള പ്രതികരണത്തിനും.. <3
ReplyDeleteഅഭിനന്ദം
ReplyDelete(Y) parayan vaakkukalilla
ReplyDeleteകൊള്ളാം റൌഫെ....
ReplyDeleteന്ന്ട്ടും ഇങ്ങള് നൂര്ജാനെ കണ്ടില്ലേ? ഉമ്മാക്ക് പോലും അറിയാലോ-- അന്വേഷിച്ചിട്ട് പറയണേ--- നന്നായി എഴുതി-- ആശംസകള്‍--
ReplyDeleteAbdul gani,asgar,shajikka,anitha premkumar..വളരെ സന്തോഷം എന്റെ ഈ കൊച്ചുകഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.. <3
ReplyDeleteജീവിതത്തിലെ ഒരു ഏട് തന്നെ,
ReplyDeleteനല്ലെഴുത്ത്..,
അഭിനന്ദനങ്ങൽ
നന്ദി..സന്തോഷം ശിഹാബുദ്ധീന്‍...
ReplyDeleteഎന്റെ കുട്ടികാലത്തെ മധുരമുള്ള ഓര്‍മകള്‍ തിരിച്ചു തന്നതിന് നന്ദി .എനിക്കുമുണ്ടായിരുന്നു ഒരു കളികൂട്ടുകാരി ചുരുളന്‍ മുടിയും വട്ടമുഖവും കണ്ണുകളില്‍ തിളക്കവുമുള്ള ഒരു കൂട്ടുകാരി . ആ മധുരാര്ധമായ ഊര്മയിലേക്ക് കൊണ്ടുപോയ താങ്കള്‍ക്കു നന്ദി പറയാന്‍ വാക്കുകളില്ല
ReplyDeleteഷാജഹാന് ഭായ്..സന്തോഷം.. ഈ പ്രോത്സാഹനത്തിനു നന്ദിയുണ്ട്..
ReplyDelete